ഇടതു ഭരണത്തിന്റെ അടിവേരിളക്കുന്ന കൊടുങ്കാറ്റാകണം; യുഡിഎഫിന്റെ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രചരണ ജാഥ ഫെബ്രുവരി അഞ്ചു മുതല്‍ 15 വരെ; ശബരിമല സ്വര്‍ണ്ണ അടക്കം ചര്‍ച്ചാ വിഷയമാക്കും; യു.ഡി.എഫ്: ലക്ഷ്യം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച നേട്ടം തുടരാന്‍ യുഡിഎഫ്. ഇടതു സര്‍ക്കാരിന്റെ അടിവേര് ഇളക്കാനുള്ള വാഹന പ്രചരണ ജാഥയും നടത്തും. ഫെബ്രുവരി അഞ്ചു മുതല്‍ 15 വരെയാണ് ജാഥ. പോറ്റിയേ കേറ്റിയേ സ്വര്‍ണ്ണം ചെമ്പായി മാറിയേ എന്ന പാരഡി അടക്കം ചര്‍ച്ചയാക്കുന്ന തരത്തിലാകും യാത്ര. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള എല്ലാ യുഡിഎഫ് നേതാക്കളും യാത്രയുടെ ഭാഗമാകും. കൂട്ടായ നേതൃത്വം എന്ന സന്ദേശമാകും ഈ യാത്ര നല്‍കുക. യാത്ര അവസാനിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം പൂര്‍ത്തിയാക്കി പ്രചരണം നിയമസഭാ മണ്ഡല തലത്തില്‍ തുടങ്ങും. ശബരിമല സ്വര്‍ണ്ണ കൊള്ളയടക്കം ചര്‍ച്ചയാക്കുന്നതാകും യുഡിഎഫ് ജാഥ.

കോണ്‍ഗ്രസിന്റെ പ്രത്യേക പ്രവര്‍ത്തനപദ്ധതി രൂപീകരിക്കുന്നതിനായി കെ.പി.സി.സി യോഗം ഉടന്‍ ചേരും. മുന്നണിയിലെ മറ്റ് കക്ഷികളുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ കര്‍മപദ്ധതിക്ക് രൂപം നല്‍കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ജനുവരി 15-നകം പൂര്‍ത്തിയാക്കാനാണ് യു.ഡി.എഫ് നീക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി മണ്ഡലങ്ങളില്‍ സജീവമാകാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി മാസത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്താനും പ്രത്യേക പ്രകടനപത്രിക പുറത്തിറക്കാനും തീരുമാനമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഐക്യം നിലനിര്‍ത്തിക്കൊണ്ട് ‘ടീം യു.ഡി.എഫ്’ എന്ന നിലയില്‍ വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പുതിയതായി മുന്നണിയിലെത്തിയ പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ. ജാനുവിന്റെ ജെ.ആര്‍.പി എന്നിവര്‍ക്ക് നല്‍കേണ്ട സീറ്റുകളെക്കുറിച്ചും സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ചും ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കും. യു.ഡി.എഫിന്റെ കര്‍മപദ്ധതിയുടെ പ്രാഥമിക രൂപരേഖ കൊച്ചിയില്‍ നടന്ന കഴിഞ്ഞ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.

തിരിച്ചടികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗവും പുതിയ കര്‍മപരിപാടികളുമായി മുന്നോട്ട് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ നടപടിക്കുറവും പത്മകുമാറിനോടുള്ള അനുകൂല നിലപാടും പരാജയത്തിന് കാരണമായെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. സമരപരിപാടികളും കേരള പര്യടനങ്ങളും ഉള്‍പ്പെടെയുള്ള വിപുലമായ പ്രചാരണത്തിനാണ് ഇരുമുന്നണികളും ഒരുങ്ങുന്നത്. നിയമസഭയില്‍ വീണ്ടും പ്രാതിനിധ്യം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളുമായി ബി.ജെ.പിയും സജീവമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ 11 സീറ്റുകള്‍ ഉള്‍പ്പെടെ 41 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി.ജെ.പി തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരുക്കങ്ങള്‍ ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനമെടുത്തു.

ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളും രണ്ടാം ഘട്ടത്തില്‍ കേരള യാത്രയും സംഘടിപ്പിക്കാനാണ് പദ്ധതി. മന്ത്രിമാരും എം.എല്‍.എമാരും അണിനിരക്കുന്ന കേരള യാത്രയുടെ തീയതി അടുത്ത മുന്നണി യോഗത്തില്‍ തീരുമാനിക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനുമാണ് കേരള യാത്ര ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന യാത്രയുടെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും പങ്കുചേരും. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരെയാണ് കേന്ദ്രവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനുവരി 12-ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ മന്ത്രിമാരും എം.എല്‍.എമാരും ഭാഗമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.