കോട്ടയം: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ പാലാ നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വിജയം ഭരണസമിതിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മാറി. കഴിഞ്ഞ തവണ ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന് ബിജു എന്നിവരുടെ വിജയം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യുഡിഎഫ്, ബിനു പുളിക്കക്കണ്ടം പക്ഷത്തിന് പിന്തുണ നല്‍കിയിരുന്നു.
പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തില്‍ വിജയിച്ച മൂന്ന് സ്വതന്ത്രര്‍ യുഡിഎഫിനെ പിന്തുണച്ചാല്‍ നഗരസഭാ ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ബിനു പുളിക്കക്കണ്ടം നഗരസഭാധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതകളുണ്ട്. ഈ നീക്കം എല്‍ഡിഎഫിന് കടുത്ത പ്രതിരോധം തീര്‍ക്കും. പാലാ വാര്‍ഡില്‍ ജയിച്ച മായാ രാഹുലിന്റെ നിലപാടും നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് വിമതയാണ് അവര്‍.
കഴിഞ്ഞ തവണ ചെയര്മാന് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-കേരളാ കോണ്‍ഗ്രസ് (മാണി) തര്‍ക്കം ഉടലെടുത്തതോടെയാണ് പാലായിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമായത്. സിപിഎം ചിഹ്നത്തില്‍ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എതിര്‍ത്തു.
ഗള്‍ഫിനെ വിറപ്പിച്ച് ഇറാന്റെ മിസൈല്‍ മഴ; പ്രവാസികള്‍ കടുത്ത പ്രതിസന്ധിയില്‍, വ്യോമഗതാഗതം താറുമാറായി; കേരളം ആശങ്കയില്‍
ഈ എതിര്‍പ്പിനെ തുടര്‍ന്ന് ബിനു പുളിക്കക്കണ്ടത്തിന് പകരം ജോസിന് ബിനോയെ ചെയര്‍പേഴ്സണാക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതരാവുകയായിരുന്നു. ജോസ് കെ. മാണിയെ പരസ്യമായി വിമര്‍ശിച്ച ബിനു പുളിക്കക്കണ്ടം, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. സിപിഎമ്മിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തിയ എതിര്‍പ്പുകളും ബിനു പുളിക്കക്കണ്ടത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുക്കി. വ്യക്തിപരമായ ആക്രമണങ്ങള്‍ ഉണ്ടായെന്നും ചിലര്‍ക്ക് രണ്ട് മുഖങ്ങളുണ്ടെന്നും അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നഗരസഭാ ഭരണം ആര്‍ക്ക് ലഭിക്കുമെന്നത് ഈ മൂന്ന് സ്വതന്ത്ര വിജയികളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും. പാലായിലെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ ഈ നീക്കം നിര്‍ണായകമാകും. ഇതിനൊപ്പം മായയുടെ നിലപാടും.


യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും





