കൊച്ചി: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന കെ.എം. മാണിയുടെ പിന്‍ഗാമികള്‍ക്ക് ഇക്കുറി അടിതെറ്റുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വന്‍ മുന്നേറ്റം നടത്തുമെന്നും ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) തകര്‍ന്നടിയുമെന്നുമാണ് പ്രവചനം. പാലായില്‍ ജോസ് കെ. മാണി പരാജയപ്പെടുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ മാണി കോണ്‍ഗ്രസ് രാഷ്ട്രീയമായ ‘അന്ത്യകൂദാശ’ ഭീതിയിലാണ്.
കോട്ടയം ജില്ല വീണ്ടും യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാകുമെന്ന് മനോരമ ന്യൂസ് – സി വോട്ടര്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ 7 മുതല്‍ ഒന്‍പതും യു.ഡി.എഫ് തൂത്തുവാരുമെന്നാണ് കണക്കുകള്‍. ഇടതുമുന്നണിക്കൊപ്പം പോയ ജോസ് കെ. മാണിക്ക് പാലാ നിലനിര്‍ത്താന്‍ കഴിയില്ലെന്ന സൂചനകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യുന്നതാണ്. മാണി സി. കാപ്പന് പാലായില്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രവചനങ്ങള്‍ നല്കുന്ന സൂചന.
മന്ത്രി റോഷി അഗസ്റ്റിന്റെ പരാജയസാധ്യതയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ നടുക്കുന്നുണ്ട്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ യു.ഡി.എഫിന്റെ റോയി കെ. പൗലോസ് അട്ടിമറി വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. പിണറായി സര്‍ക്കാരിലെ കരുത്തനായ മന്ത്രിയും മാണി ഗ്രൂപ്പിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ റോഷിയുടെ തോല്‍വി ഇടതുമുന്നണിയിലെ മാണി ഗ്രൂപ്പിന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും. അന്തിമഫലം മാണി ഗ്രൂപ്പിന് നിര്‍ണ്ണായകമാണ്.
മറുവശത്ത്, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗം വന്‍ ആവേശത്തിലാണ്. പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ യു.ഡി.എഫ് നേട്ടം കൊയ്യുമെന്ന പ്രവചനം ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയമായ മേല്‍ക്കൈ നല്കുന്നു. മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ സി.പി.എമ്മിനും ജോസ് കെ. മാണിക്കുമുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നും അത് യു.ഡി.എഫിലേക്ക് തിരികെ ഒഴുകിയെന്നുമാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്.
എറണാകുളത്തും ഇടുക്കിയിലും യു.ഡി.എഫിനുണ്ടായ വന്‍ മുന്നേറ്റം ജോസഫ് വിഭാഗത്തിന് കരുത്തുപകരുന്നു. എറണാകുളത്ത് 12 മുതല്‍ 14 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്ന പ്രവചനം ഇടതുമുന്നണിയെ തീര്‍ത്തും നിരാശരാക്കുന്നുണ്ട്. മാണി ഗ്രൂപ്പിന്റെ കോട്ടകളായിരുന്ന പലയിടങ്ങളിലും ഇക്കുറി താമരയും കൈപ്പത്തിയും കരുത്താര്‍ജ്ജിച്ചപ്പോള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് പിന്നില്‍ അണിനിരന്ന ജോസ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.
പത്തനംതിട്ടയിലെ കനത്ത പോരാട്ടവും ആറന്മുളയിലെ വീണാ ജോര്‍ജിന്റെ പതനസാധ്യതയും ജില്ലയിലെ മറ്റ് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. മധ്യകേരളത്തിലെ ഈ മാറ്റം ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ചാ മോഹങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. വിജയപ്രതീക്ഷയിലുള്ള ജോസഫ് വിഭാഗം ഇതിനോടകം തന്നെ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വോട്ടെണ്ണല്‍ ദിനത്തില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ കേരള കോണ്‍ഗ്രസ് (എം) വലിയ പിളര്പ്പിനെയോ രാഷ്ട്രീയമായ അപ്രസക്തിയെയോ നേരിടേണ്ടി വരും. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നത് ജോസ് കെ. മാണിയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ കാരണമാകും. മാണി സാറിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇനി തങ്ങള്‍ക്ക് മാത്രമാണ് അര്‍ഹതയെന്ന പി.ജെ. ജോസഫിന്റെ വാദത്തിന് ഈ വിജയം കരുത്തുപകരും.
സി.പി.എം വലിയ തോതില്‍ ആശ്രയിച്ചിരുന്ന മാണി ഗ്രൂപ്പിന്റെ തകര്‍ച്ച മലബാറിലെയും മധ്യകേരളത്തിലെയും എല്‍.ഡി.എഫ് സീറ്റുകളില്‍ വലിയ കുറവുണ്ടാക്കും. എക്സിറ്റ് പോളുകള്‍ നല്കുന്ന ഈ ചിത്രം യാഥാര്‍ത്ഥ്യമായാല്‍, വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയം കേരള കോണ്‍ഗ്രസുകളുടെ ഭാവിയായിരിക്കും. അന്ത്യകൂദാശയ്ക്കായി ഒരുങ്ങുന്ന മാണി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ജോസ് കെ. മാണിക്ക് ഇനി എന്ത് അത്ഭുതമാണ് കാത്തുവെച്ചിട്ടുള്ളതെന്ന് കണ്ടറിയണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൃദുഭാവേ ദൃഢകൃത്യേ… തിരുവനന്തപുരത്ത് ‘കളി’ മാറി. “പുലി വന്നത് അറിയാതെ കളിക്കാനെത്തിയ എലി കുടുങ്ങി”; കമ്മീഷണര്‍ ഓഫീസിലെ ബൈക്ക് മോഷ്ടാവ് ഒളിച്ചത് ബുദ്ധി ജീവികളുടെ കൂടാരത്തില്‍; മാനവീയം ഓപ്പറേഷന് സക്സസ്; കാര്‍ത്തിക് ഇഫക്ടില്‍ തിരുവനന്തപുരം





