ജോസിനെ വിരട്ടി പിണറായി; യുഡിഎഫിലേക്ക് പോയാല്‍ റോഷിയെ എതിരിടണം; മാണി സി. കാപ്പന്റെ വെളിപ്പെടുത്തലില്‍ പാലാ ഇളകുന്നു; കുരിശുപള്ളി മാതാവിന് മുന്നില്‍ സത്യം ചെയ്യാന്‍ വെല്ലുവിളിയുമായി മാണി സി കാപ്പന്‍; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം

പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങും മുന്‍പേ പാലായില്‍ മാണിയുടെ മകനും മാണിയുടെ പേരുള്ളവനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യുഡിഎഫിലേക്ക് മടങ്ങാന്‍ വട്ടംകൂട്ടുന്ന ജോസ് കെ. മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന മാണി സി. കാപ്പന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ഭൂകമ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്നണി വിട്ടാല്‍ വിശ്വസ്തനായ റോഷി അഗസ്റ്റിനെ തന്നെ ജോസിനെതിരെ മത്സരരംഗത്തിറക്കുമെന്ന് പിണറായി താക്കീത് നല്‍കിയതായാണ് കാപ്പന്‍ ആരോപിക്കുന്നത്.

റോഷി അഗസ്റ്റിന്‍ എന്തിനാണ് ഇപ്പോഴും എല്‍ഡിഎഫില്‍ തുടരുന്നതെന്ന രഹസ്യം അടുത്ത യുഡിഎഫ് ഭരണത്തില്‍ പുറത്തുവരുമെന്നും കാപ്പന്‍ ആഞ്ഞടിച്ചു. ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിട്ടില്ലെന്ന് പാലാ കുരിശുപള്ളി മാതാവിന് മുന്നില്‍ വന്നു സത്യം ചെയ്യാന്‍ തയ്യാറാണോ എന്നാണ് കാപ്പന്റെ വെല്ലുവിളി. പാലായില്‍ ഇനിയും മത്സരിച്ചാല്‍ മഞ്ഞുകൊള്ളാമെന്നല്ലാതെ ജോസ് ജയിക്കാന്‍ പോകുന്നില്ലെന്നും കാപ്പന്‍ പരിഹസിച്ചു. ഇതിനിടെ, കാപ്പന്‍ നിഷ്‌ക്രിയനാണെന്നും കെ.എം. മാണിയുടെ കാലത്തെ വികസനം പാലായില്‍ സ്തംഭിച്ചെന്നും ജോസ് കെ. മാണി തിരിച്ചടിച്ചു. ബജറ്റിലെ പദ്ധതികള്‍ക്ക് ഭരണാനുമതി പോലും വാങ്ങാന്‍ കഴിയാത്ത എംഎല്‍എയാണ് കാപ്പനെന്നും ജില്ലാ വികസന സമിതിയില്‍ പോലും പങ്കെടുക്കാത്തയാള്‍ക്ക് പാലായെ നയിക്കാന്‍ അര്‍ഹതയില്ലെന്നും ജോസ് കുറ്റപ്പെടുത്തി.

അതേസമയം, യുഡിഎഫ് പാളയത്തിലും സ്ഥിതി ശാന്തമല്ല. ജോസ് കെ. മാണിയുടെ മടങ്ങിവരവ് സംബന്ധിച്ച വാര്‍ത്തകള്‍ പി.ജെ. ജോസഫ് വിഭാഗത്തില്‍ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. ജോസിനെ തിരിച്ചെടുത്താല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് ഭയക്കുന്ന ജോസഫ് ഗ്രൂപ്പ് കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ ജോസഫില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു. ജോസഫ് പക്ഷത്തെ അതൃപ്തി മുതലെടുക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങിക്കഴിഞ്ഞു. മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വമ്പന്‍ ചതുരംഗക്കളിയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെയാണ് പാലായില്‍ മാണി സി കാപ്പന്റെ വെടി പൊട്ടിക്കല്‍.

യുഡിഎഫിലെ സീറ്റ് വിഭജന തര്‍ക്കങ്ങള്‍ മുതലെടുത്ത് പി.ജെ. ജോസഫിനെയും സംഘത്തെയും ഇടത് പാളയത്തിലേക്ക് ക്ഷണിച്ച് ജോസ് കെ. മാണി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിച്ചിരുന്നു. ‘നമ്മളെല്ലാം ഒരേ രക്തമാണ്, അവിടെ വിഷമിക്കണ്ട, ഇങ്ങോട്ട് പോന്നോളൂ, സംരക്ഷണം നല്‍കാം’ എന്ന ജോസ് കെ. മാണിയുടെ പ്രസ്താവന ജോസഫ് വിഭാഗത്തെയും യുഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതും ഇടുക്കി, കുട്ടനാട് സീറ്റുകളെച്ചൊല്ലി കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കവുമാണ് ജോസ് കെ. മാണി ആയുധമാക്കുന്നത്.

നേരത്തെ ലയിച്ചപ്പോള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍മ്മിപ്പിച്ച ജോസ്, ഇത്തവണ ലയനമല്ല മറിച്ച് ‘സംരക്ഷണമാണ്’ വാഗ്ദാനം ചെയ്യുന്നത്. യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പ് നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി അണികളെ അടര്‍ത്താനാണ് മാണി ഗ്രൂപ്പിന്റെ നീക്കം. എന്നാല്‍, ഈ ക്ഷണം ജോസഫ് ഗ്രൂപ്പ് തള്ളിക്കളഞ്ഞെങ്കിലും യുഡിഎഫിനുള്ളില്‍ ഇത് വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.