തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നണിമാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടന്ന സമരത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയും, ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറും വിട്ടുനിന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് മടങ്ങുമെന്ന് ‘വയര്‍ലെസ് മീഡിയ’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളെ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
സമരത്തില്‍ കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും പങ്കെടുത്തുവെങ്കിലും പാര്‍ട്ടി നായകന്‍ ജോസ് കെ. മാണിയുടെ അസാന്നിധ്യം ഇടതുമുന്നണിക്കുള്ളില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുനിന്നതാണെന്ന വാര്‍ത്തകള്‍ ശക്തമായതോടെ വിശദീകരണവുമായി പാര്‍ട്ടി രംഗത്തെത്തി. കേരളത്തിന് പുറത്ത് യാത്രയിലായതിനാലാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള അജണ്ടയാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ചെയര്‍മാന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ ഉണ്ടായ ഈ ‘യാത്ര’ രാഷ്ട്രീയമായി മറ്റ് അര്‍ത്ഥതലങ്ങള്‍ നല്‍കുന്നുണ്ട്.
ജോസ് കെ. മാണിക്കൊപ്പം ആര്‍ജെഡി നേതാവ് ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ്. രണ്ട് പ്രധാന ഘടകകക്ഷികളുടെയും അത്യുന്നത നേതാക്കള്‍ ഒരേസമയം വിട്ടുനിന്നത് വെറും യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയിലെ അവഗണനയിലും പ്രവര്‍ത്തന രീതിയിലും ഇരു പാര്‍ട്ടികള്‍ക്കും അതൃപ്തിയുള്ളതായി സൂചനയുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന വയര്‍ലെസ് മീഡിയയുടെ റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് ഈ നീക്കങ്ങള്‍.
യുഡിഎഫിനെതിരെ മാറാട് കലാപം ആയുധമാക്കി മുഖ്യമന്ത്രി! കോണ്‍ഗ്രസ് വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കും; എ.കെ. ബാലനെ പിന്തുണച്ച് പിണറായി
മുഖ്യമന്ത്രിയുടെ സമരത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തിനെതിരെ മിണ്ടാത്ത മുഖ്യമന്ത്രിയുടെ സമരം വെറും കാപട്യമാണെന്നും ഡല്‍ഹിയിലെത്തുമ്പോള്‍ മോദിയെ പ്രസാദിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നും ചെന്നിത്തല ആരോപിച്ചു. മുന്നണിയില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ ശ്രദ്ധ തിരിക്കാനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍ വയര്‍ലസ് മീഡിയ പുറത്തു വിട്ടിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ തന്നെ നിര്‍ണ്ണായകമായ ഈ മടങ്ങിവരവ് ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. ഇടതുമുന്നണിക്കുള്ളില്‍ കേരള കോണ്‍ഗ്രസ് നേരിടുന്ന അതൃപ്തിയും അവഗണനയുമാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് നേതൃത്വവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ പല് മുതിര്‍ന്ന നേതാക്കളും അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ജയരാജും അടക്കം ഇടതില്‍ അതൃപ്തിയിലാണ്. കേരള കോണ്‍ഗ്രസിന്റെ മടങ്ങിവരവ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ ഊര്‍ജ്ജമാകും. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ മാണി ഗ്രൂപ്പിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കരുതുന്നു. മുസ്ലീം ലീഗും ഈ നീക്കത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് കൂടി എത്തുന്നതോടെ യുഡിഎഫ് സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സീറ്റ് വിഭജനവും മറ്റ് സാങ്കേതിക കാര്യങ്ങളും സംബന്ധിച്ച ധാരണകള്‍ മുന്നണിയിലേക്ക് മടങ്ങിയെത്തുന്ന തീരുമാനത്തിന് ശേഷമേ ഉണ്ടാകൂ സൂചന. ഫെബ്രുവരി ആദ്യവാരത്തോടെ മുന്നണി മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസിന്റെ വിട്ടുപോക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനിടെ യുഡിഎഫിലുള്ള പിജെ ജോസഫിന്റെ നേതൃത്വത്തിലെ കേരളാ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
പാലായില്‍ മത്സരിക്കാനാണ് ജോസ് കെ മാണി ഒരുങ്ങുന്നത്. യുഡിഎഫിലെ ഘടക കക്ഷിയായ മാണി സി കാപ്പനാണ് സിറ്റിംഗ് എംഎല്‍എ. പാലായില്‍ വീണ്ടും മത്സരിക്കുമെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. ഈ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തെ ജോസ് കെ മാണി എങ്ങനെ എടുക്കുമെന്നതും നിര്‍ണ്ണായകമാകും.


മുഖ്യമന്ത്രി കസേരയില്‍ ആര്? ഡല്‍ഹിയില്‍ സമവായ ചര്‍ച്ചയില്‍ തീരുമാനമില്ല; ‘അങ്കം’ മുറുകുന്നു, പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വിട്ടു





