ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അന്തിമഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും ‘മുഖ്യന്’ ആരെന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. ഗ്രൂപ്പ് പോരും ചേരിതിരിഞ്ഞുള്ള ഫ്ലക്സ് യുദ്ധവും അതിരുവിട്ടതോടെ, കടുത്ത അതൃപ്തി രേഖപ്പെടുത്തിയ നേതൃത്വം അച്ചടക്കത്തിന്റെ വാള് വീശിയിരിക്കുകയാണ്.
വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോര് മുറുകിയതോടെ ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതകള്‍ തെളിയുന്നതായാണ് സൂചന. കെ.സിയെ മുഖ്യമന്ത്രിയാക്കിയാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന സതീശന്റെ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കി. ഫ്ലക്സ് യുദ്ധത്തിലൂടെ ഇരുവരും നേതൃത്വത്തിന്റെ കണ്ണിലെ കരടായപ്പോള്‍, അനുഭവസമ്പത്തും സീനിയോറിറ്റിയും മുന്‍നിര്‍ത്തി ചെന്നിത്തലയ്ക്ക് നറുക്ക് വീഴുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മെയ് 23 വരെ സമയമുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി.
യോഗത്തിന് ശേഷം അസാധാരണമായ ഐക്യം പ്രകടിപ്പിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സംയുക്തമായാണ് മാധ്യമങ്ങളെ കണ്ടത്. തങ്ങളുടെ പേരില്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് മൂവരും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ഷിംജിത മുസ്തഫ അറസ്റ്റില്‍! ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പോലീസിന്റെ മിന്നല്‍ നീക്കം; അറസ്റ്റിലായത് ബന്ധുവീട്ടില്‍ നിന്ന്
വി.ഡി. സതീശന് പറഞ്ഞത്: ‘ചരിത്രവിജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ പാടില്ല. എനിക്ക് വേണ്ടിയുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണം. ബോര്‍ഡുകള്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം.’
കെ.സി. വേണുഗോപാല്‍ പറഞ്ഞത്: ‘വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിക്കാണ് പ്രാധാന്യം. ഹൈക്കമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കും. നേതാക്കളെ മോശമാക്കുന്ന രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം.’,
രമേശ് ചെന്നിത്തല പറഞ്ഞത്: ‘ആവേശം മൂത്ത് ആരും ഇനി ജാഥ നടത്തരുത്. വ്യക്തിപൂജ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാന്‍ മാത്രമേ സഹായിക്കൂ. ഇന്നത്തോടുകൂടി എല്ലാ തര്‍ക്കങ്ങളും അവസാനിക്കുകയാണ്.’
നിലവില്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ കെ.സി. വേണുഗോപാലിന് വേണ്ടി എം.എല്‍.എമാരുടെ പിന്തുണ ഒരു വശത്ത് ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഘടകകക്ഷികളുടെ നിലപാടും ഭരണപരിചയവും ഉയര്‍ത്തിക്കാട്ടി ചെന്നിത്തലയും സതീശനും സമ്മര്‍ദ്ദം ചെലുത്തുന്നു. സതീശന്റെ ഉറച്ച നിലപാട് കെ.സിയുടെ വഴി തടയുമോ അതോ ചെന്നിത്തലയെ തുണയ്ക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന നിലപാട് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും.


ഐജി കാളിരാജ് മഹേഷ് കുമാർ പുതിയ കൊച്ചി കമ്മീഷണർ; ഹരിശങ്കർ അവധിയിൽ





