ഐജി കാളിരാജ് മഹേഷ് കുമാർ പുതിയ കൊച്ചി കമ്മീഷണർ; ഹരിശങ്കർ അവധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി നിയമിച്ചു. ഐജി കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.

കുടുംബത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയും പിതാവിനെ സഹായിക്കേണ്ടി വരുന്ന സാഹചര്യവും കണക്കിലെടുത്ത് ഹരിശങ്കര്‍ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ കൊച്ചി കമ്മീഷണര്‍ പദവിയില്‍ നിന്നും നീക്കി ബറ്റാലിയന്‍ ഡിഐജിയായി നിയമിച്ചത്. ജനുവരി 8 മുതല്‍ 22 വരെയാണ് ഹരിശങ്കറിന് ആര്‍ജിത അവധി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് മാറുന്നതിലൂടെ കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും.

ജി ജയ്ദേവാണ് കോഴിക്കോട്ടെ പുതിയ കമ്മീഷണര്‍. കൊല്ലം കമ്മീഷണറായി ഹേമലതയെയും വയനാട് എസ്പിയായി അരുണ്‍ കെ. പവിത്രനെയും നിയമിച്ചു. കെ.എസ്. സുദര്‍ശനനാണ് എറണാകുളം റൂറല്‍ എസ്പി. ജെ. മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി. നാരായണനെയും എറണാകുളം റേഞ്ച് ഡിഐജിയായി അരുള്‍ ആര്‍.ബി. കൃഷ്ണയെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

കിരണ്‍ നാരായണന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും മുഹമ്മദ് നദീമുദ്ദീന്‍ റെയില്‍വേ എസ്പിയായും ചുമതലയേല്‍ക്കും. പദം സിംഗിനെ കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറായും തപോഷ് ബസുമത്രിയെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായും ഷഹന്‍ഷാ കെ.എസിനെ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറായും മാറ്റി നിയമിച്ചു.

ഫറഷ് ടി.യാണ് കോഴിക്കോട് റൂറല്‍ എസ്പി. സംസ്ഥാന പോലീസ് സേനയിലെ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഈ സ്ഥലംമാറ്റ ഉത്തരവിലൂടെ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.