തിരുവനന്തപുരം: കേരളാ പോലീസിലെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരില്‍ ഒരാളാണ് കാര്‍ത്തിക് കെ. ഐപിഎസ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഡിഐജി (ഡിപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍) ആയി സേവനമനുഷ്ഠിച്ചിരുന്ന കാര്‍ത്തികിന് ഇനി തിരുവനന്തപുരത്താണ് ചുമതല. തിരുവനന്തപുരം കമ്മീഷണര്‍. ഐപിഎസ് കരിയറിലെ ഈ വെല്ലുവിളിയും പുഞ്ചിരിയുമായി ഏറ്റെടുക്കുകയാണ് കാര്‍ത്തിക്. കരുതലും കാവലുമാണ് കാര്‍ത്തിക്കിന്റെ നയം. ഇതു രണ്ടും ശ്രീപത്മനാഭന്റെ മണ്ണിന് ഇന്ന് അനിവാര്യതയാണ്. കംപ്ലീറ്റ് പോലീസിംഗിന് പേരു കേട്ട കാര്‍ത്തിക്കിന് തിരുവനന്തപുരത്തേയും നേര്‍വഴിയിലേക്ക് കൊണ്ടു വരാന്‍ കഴിയും.
കേരളത്തിന്റെ ഭരണസിരാകേന്ദ്രം എന്ന നിലയില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ചുമതല അതീവ സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. വിഐപി സുരക്ഷ മുതല്‍ ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്തുന്നത് വരെയുള്ള കാര്യങ്ങളില്‍ കമ്മീഷണര്‍ക്ക് എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടി വരുന്നു. സെക്രട്ടേറിയറ്റ് പടിക്കലും രാജ്ഭവന് മുന്നിലും ദിവസേന നടക്കുന്ന സമരങ്ങള്‍ നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കാറുണ്ട്. നഗരത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്ന ലഹരി മാഫിയയെയും ക്വട്ടേഷന്‍ സംഘങ്ങളെയും അടിച്ചമര്‍ത്തുക എന്നത് മുന്‍ഗണനാക്രമത്തിലുള്ള കാര്യമാണ്.
സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്പന തടയാന്‍ നിരന്തരമായ റെയ്ഡുകളും ‘ഓപ്പറേഷന്‍ കാവല്‍’ പോലുള്ള പദ്ധതികളും കര്‍ശനമായി നടപ്പിലാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ വളരുന്നതോടെ വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ നഗരവാസികളെ ബാധിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും തടയാനും പോലീസിനെ ആധുനികവല്‍ക്കരിക്കേണ്ടതും കമ്മീഷണറുടെ ചുമതലയാണ്. കോവളം, ശംഖുമുഖം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതും നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാതെ സംരക്ഷിക്കുന്നതും സുപ്രധാനമാണ്.
ആലത്തൂരില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം തൃശൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, ഗവര്‍ണറുടെ എഡിസി എന്നീ പദവികളും വഹിച്ചു. തൃശൂര്‍ റൂറല്‍, വയനാട്, എറണാകുളം റൂറല്‍, കോട്ടയം എന്നീ ജില്ലകളില്‍ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ച കാര്‍ത്തിക് കെ, ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. എറണാകുളം വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി, ഇന്റേണല്‍ സെക്യൂരിറ്റി എസ്പി, കെബിപിഎസ് സിഎംഡി എന്നീ ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചു.
കുറ്റാന്വേഷണ രംഗത്തെ സമാനതകളില്ലാത്ത മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും വിജിലന്‍സ് ഡയറക്ടറുടെ പ്രത്യേക പുരസ്‌കാരവും കാര്‍ത്തിക് നേടി. പ്രൊഫഷണല്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ച് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക പ്രശംസാപത്രവും അദ്ദേഹത്തിന് ലഭിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിലും ഭരണപരമായ മികവിലും കേരളാ പോലീസിന്റെ കരുത്തുറ്റ മുഖമാണ് കാര്‍ത്തിക്.
തൃശൂര്‍ റൂറല്‍, വയനാട്, എറണാകുളം റൂറല്‍, കോട്ടയം എന്നീ ജില്ലകളില്‍ പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. എറണാകുളം റൂറല്‍ എസ്പി ആയിരിക്കെ ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ അദ്ദേഹം നടപ്പിലാക്കിയ കര്‍ശനമായ ഇടപെടലുകള്‍ പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജിലന്‍സില്‍ ജോലി നോക്കുമ്പോള്‍ അഴിമതി കേസുകള്‍ തെളിയിക്കുന്നതിലും വിജിലന്‍സ് അന്വേഷണങ്ങള്‍ സുതാര്യമാക്കുന്നതിലും അദ്ദേഹം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസനീയമാണ്. അന്വേഷണ മികവിനൊപ്പം തന്നെ നീതിന്യായ വ്യവസ്ഥയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹം ജാഗ്രത പുലര്‍ത്തി. ഇതിന്റെ ഭാഗമായാണ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും മറ്റും നിയമ അവബോധം നല്‍കുന്ന സിഎല്‍ഇഎ , നാല്‍ക കോണ്‍ഫറന്‍സുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക പ്രശംസാപത്രം അദ്ദേഹത്തിന് ലഭിച്ചത്.
കാര്‍ത്തിക് കെ. ഐപിഎസ് വിവിധ ജില്ലകളില്‍ പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും നിരവധി സുപ്രധാന കേസുകള്‍ തെളിയിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ എസ്പിയായിരിക്കെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഫോഴ്‌സ്’ എന്ന പേരില്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി നിരന്തരം നടപടികള്‍ സ്വീകരിച്ചു. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ നട്ടെല്ലൊടിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങള്‍ക്ക് സാധിച്ചു. എറണാകുളം റൂറല്‍ എസ്പിയായിരിക്കെ, ആലുവയില്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണ്ണം കവര്‍ന്ന കേസ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാന്‍ അദ്ദേഹത്തിന്റെ ടീമിന് സാധിച്ചു. അന്യസംസ്ഥാന തൊഴിലാളികളടക്കം ഉള്‍പ്പെട്ട ഈ കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കോട്ടയം, എറണാകുളം ജില്ലകളില്‍ എസ്പിയായിരിക്കെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘങ്ങളെ വലയിലാക്കാന്‍ അദ്ദേഹം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകള്‍ക്ക് സാധിച്ചു. കോട്ടയം എസ്പിയായിരിക്കെ പാറമ്പുഴയിലെ ദമ്പതികളെയും മകനെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ വേളയിലും തുടര്‍നടപടികളിലും അന്വേഷണ സംഘത്തിന് കൃത്യമായ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ തെളിവുകള്‍ ക്രോഡീകരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. കോട്ടയത്ത് എസ്പിയായിരിക്കെ, ഏറെ ദുരൂഹതയുണ്ടായിരുന്ന വൈക്കം മൗനത്തുശേരിയിലെ കൊലപാതകക്കേസില്‍ പ്രതികളെ പിടികൂടാന്‍ കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. സാഹചര്യത്തെളിവുകള്‍ മാത്രം അവശേഷിച്ച കേസില്‍ ശാസ്ത്രീയമായ അന്വേഷണമാണ് വഴിത്തിരിവായത്.
കെബിപിഎസില്‍ സിഎംഡി ആയിരിക്കുമ്പോഴാണ് പാഠപുസ്തക വിതരണം കാര്യക്ഷമമായത്. അന്നാണ് ആദ്യമായി സ്‌കൂള്‍ തുറക്കും മുമ്പ് പാഠ പുസ്തകം കുട്ടികളുടെ കൈയ്യിലെത്തിയത്. അങ്ങനെ പോലീസ് കുപ്പായത്തില്‍ അല്ലാതെയും തമിഴ്‌നാട്ടുകാരനായ കാര്‍ത്തിക് എല്ലാ അര്‍ത്ഥത്തിലും മലയാളിയെ കീഴടക്കി. വെറും സാധാരണ കുടുംബത്തില്‍ നിന്നാണ് ഐപിഎസിലേക്ക് എത്തിയത്.
തുരുഞ്ചാപുരം മാഹാത്മ്യം
സൗഹൃദപരമായ സമീപനവും അതേസമയം നിയമലംഘനങ്ങളോട് കര്‍ശനമായ നിലപാടും ഒരുമിച്ച് പാലിക്കുന്ന ഉദ്യോഗസ്ഥനാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്. വ്യക്തിപരമായ ഇടപെടലുകളില്‍ വിനയവും മാനുഷികതയും പുലര്‍ത്തുമ്പോഴും, കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരുതരത്തിലുള്ള ഇളവിനും അദ്ദേഹം തയ്യാറാകില്ല. ഈ പ്രത്യേക പ്രവര്‍ത്തനശൈലിയാണ് കേരള പൊലീസിന്റെ ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ദര്‍ശനം കാര്‍ത്തിക്കിലൂടെ സാക്ഷാത്കരിക്കുന്നുവെന്ന വിലയിരുത്തലിലേക്ക് സഹപ്രവര്‍ത്തകരെ എത്തിച്ചിരിക്കുന്നത്.
പൊതുസമൂഹം ആകാംക്ഷയോടെ നിരീക്ഷിച്ച നിരവധി നിര്‍ണായക കേസുകളില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്‌ലാറ്റ് നിര്‍മാണത്തിലെ നിയമലംഘനങ്ങള്‍, കൊച്ചിയിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍, ആലത്തൂരിലെ പട്ടികജാതിപട്ടികവര്‍ഗവുമായി ബന്ധപ്പെട്ട കേസുകള്‍, നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവ കാര്‍ത്തിക്കിന്റെ അന്വേഷണ ജീവിതത്തിലെ പ്രധാന അധ്യായങ്ങളായി മാറി.
ചെന്നൈയ്ക്ക് സമീപം, 22 കിലോമീറ്റര്‍ അകലെയുള്ള തുരുഞ്ചാപുരം ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. തുരുഞ്ചാപുരത്തില്‍ നിന്ന് ആദ്യമായി എന്‍ജിനീയറിങ് ബിരുദം നേടിയ വ്യക്തിയാണ് കാര്‍ത്തിക്. കുടുംബത്തിലെ മറ്റൊരു നേട്ടമായി, അദ്ദേഹത്തിന്റെ അനുജന്‍ കെ. പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറായി മാറി. ട്യൂഷന്‍ ക്ലാസുകളോ പ്രത്യേക പരിശീലനങ്ങളോ ഇല്ലാതെ സ്വയം പഠിച്ചാണ് കാര്‍ത്തിക് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പിതാവിന് സര്‍വീസ് സ്ഥിരമായത് വിരമിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പാണ്.
എറണാകുളം റൂറല്‍ എസ്പിയായിരിക്കെ, മൂന്നാം നിലയിലെ ഓഫീസിലേക്ക് കയറാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരെ കണ്ടപ്പോള്‍, അദ്ദേഹം ഓഫീസില്‍ നിന്ന് താഴെയിറങ്ങി നേരിട്ട് പരാതികള്‍ കേട്ടത് ഏറെ ശ്രദ്ധ നേടി. കോവിഡ് കാലത്ത് ഹോട്ടലുകള്‍ അടഞ്ഞുകിടന്നിരുന്ന ഒരു രാത്രിയില്‍, ആലുവയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ തെരുവില്‍ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവരെ കണ്ട കാര്‍ത്തിക്, സ്വന്തം ഭക്ഷണം പങ്കുവെച്ചതോടൊപ്പം പിന്നീട് എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഒരുക്കി.
2011 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ. കാര്‍ത്തിക് പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായാണ് സര്‍വീസ് ആരംഭിച്ചത്. കര്‍ശനതയും കരുണയും ഒരേ സമയം കൈവശം വയ്ക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, കെ. കാര്‍ത്തിക് മലയാളിയുടെ പ്രിയങ്കരനാണ് ഇന്ന്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില് ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ





