എറണാകുളം റൂറലില്‍ ഇനി സുദര്‍ശന്‍ ‘കളി’ തുടങ്ങും; ആലുവയുടെ നാഡിമിടിപ്പറിയുന്ന എസ്.പി തിരിച്ചെത്തി; ലഹരി മാഫിയയ്ക്കും ക്രിമിനലുകള്‍ക്കും കഷ്ടകാലം; പെരുമ്പാവൂരിലെ ‘ഭായ്’ കച്ചവടത്തിന് പൂട്ടിടും; മിന്നല്‍ നീക്കങ്ങള്‍ക്ക് സുദര്‍ശനന്‍

കൊച്ചി: എറണാകുളം റൂറല്‍ പോലീസിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന എസ്.പി കെ എസ് സുദര്‍ശന്‍ വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്തുമ്പോള്‍ ഇനി മയക്കു മരുന്ന് മാഫിയയ്ക്ക് കഷ്ടകാലം. ദീര്‍ഘകാലം ആലുവ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്ത പരിചയസമ്പത്തുമായാണ് അദ്ദേഹം തിരുവനന്തപുരം റൂറലില്‍ നിന്നും വീണ്ടും എറണാകുളത്തേക്ക് എത്തുന്നത്. തലസ്ഥാനത്ത് റൂറല്‍ എസ്.പി ആയിരുന്നപ്പോള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അതിവേഗം തീരുമാനമെടുത്ത സുദര്‍ശന്റെ ശൈലി മാഫിയ സംഘങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തിയിരുന്നു. ആലുവയിലെയും പെരുമ്പാവൂരിലെയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്താണെന്ന് കൃത്യമായി അറിയാവുന്ന സുദര്‍ശന്‍ ചുമതലയേറ്റതോടെ റൂറലില്‍ ഇനി കളി കടക്കുമെന്ന് ഉറപ്പായി.

പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി കച്ചവടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതാണ് എസ്.പി നല്‍കിയത്. പോലീസും എക്‌സൈസും നാട്ടുകാരും ചേര്‍ന്നുള്ള സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കും. എന്നാല്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ ആരും നിയമം കൈയിലെടുക്കരുതെന്നും അക്രമങ്ങളിലേക്ക് കടക്കരുതെന്നും എസ്.പി കര്‍ശന നിര്‍ദ്ദേശം നല്‍കി.

സദുദ്ദേശത്തോടെ ജനങ്ങള്‍ രൂപീകരിക്കുന്ന കമ്മിറ്റികള്‍ ചിലപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസിന്റെ നേതൃത്വത്തില്‍ പുതിയ സമിതി എന്ന തീരുമാനം എടുത്തത്. പെരുമ്പാവൂര്‍ ഭായ് കോളനി കേന്ദ്രീകരിച്ചുള്ള ലഹരി കച്ചവടത്തിനെതിരെ പ്രതികരിച്ച പൊതുപ്രവര്‍ത്തകന്‍ ഷരീഫിനെ അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. അന്യസംസ്ഥാനക്കാരന്റെ പരാതിയില്‍ ഷരീഫിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനെതിരെ നടന്ന പ്രതിഷേധ റാലി പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പരിശോധനകള്‍ ഇനിമുതല്‍ വര്‍ദ്ധിപ്പിക്കും.

മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ റൂറല്‍ പോലീസിന്റെ പഴയ ‘ആലുവക്കാരന്‍’ എന്ന ഇമേജുള്ള എസ്.പി പദ്ധതികള്‍ ആവിഷ്‌കരിച്ചതോടെ പെരുമ്പാവൂരിലെ ലഹരി വിപണിക്ക് വരും ദിവസങ്ങള്‍ കനത്ത ആഘാതമായിരിക്കും. റൂറല്‍ പോലീസിന്റെ ഭൂമിശാസ്ത്രവും കുറ്റകൃത്യങ്ങളുടെ രീതിയും കൃത്യമായി അറിയാവുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് മേല്‍ ഇനി പോലീസിന്റെ ഇടിത്തീ വീഴുമെന്ന് ഉറപ്പായി. ദീര്‍ഘകാലം ആലുവ സ്റ്റേഷന്‍ പരിധിയില്‍ ജോലി ചെയ്ത പരിചയം സുദര്‍ശനന് മണ്ഡലത്തിലെ ഓരോ മുക്കും മൂലയും മനഃപാഠമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ജോലി ചെയ്യവെ പല നിര്‍ണ്ണായക കേസുകളിലും അതിവേഗം തീര്‍പ്പുകല്‍പ്പിച്ച സുദര്‍ശനന്‍, എറണാകുളത്തും അതേ വേഗതയില്‍ പണി തുടങ്ങിക്കഴിഞ്ഞു. ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ ഡിവൈ.എസ്.പി.മാരുടെ യോഗത്തില്‍ തന്നെ തന്റെ കര്‍ക്കശ നിലപാട് അദ്ദേഹം വ്യക്തമാക്കി. വെറും പോലീസിംഗ് മാത്രമല്ല, നാടിനെ കാര്‍ന്നുതിന്നുന്ന ലഹരിമരുന്ന്, ഗുണ്ടായിസം എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങളെ ഒന്നടങ്കം ആത്മഹത്യയിലേക്ക് തള്ളുന്ന ഭൂമി എഴുതിവാങ്ങിയുള്ള പണമിടപാടുകള്‍ക്കും, 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കുമെതിരെ ‘നോ കോംപ്രമൈസ്’ എന്ന നിലപാടിലാണ് അദ്ദേഹം.

‘നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും രക്ഷപ്പെടില്ല’ – സുദര്‍ശനന്റെ ഈ വാക്കുകള്‍ ലഹരി മാഫിയകള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും നല്‍കുന്ന വ്യക്തമായ മുന്നറിയിപ്പാണ്. പോലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറണമെന്നും പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും അദ്ദേഹം കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.