കൊച്ചി: കേരളത്തെ നടുക്കിയ അന്താരാഷ്ട്ര അവയവക്കടത്ത് റാക്കറ്റിന്റെ വേരറുക്കാന്‍ എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നജീബിനെ പൂട്ടിയതിന് പിന്നാലെ, തട്ടിപ്പിന് കൂട്ടുനിന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അവയവദാനത്തിന്റെ മറവില്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന അതീവ ഗൗരവകരമായ വിഷയവും പോലീസിന്റെ അന്വേഷണ പരിധിയിലാണെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി.
അവയവക്കടത്തിനായി വ്യാജരേഖകള്‍ ചമച്ച നജീബിന് സഹായം നല്‍കിയ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ഭരണസമിതി അംഗങ്ങളുടെയും മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. പരിശോധനകളില്‍ വീഴ്ച വരുത്തിയോ അതോ റാക്കറ്റുമായി ചേര്‍ന്ന് ഒത്തുകളിച്ചോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. നിയമപരമായ അവയവദാനത്തിന്റെ മറവില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ആരെയും വിട്ടയക്കില്ലെന്ന ഉറച്ച നിലപാടിലാണ് സുദര്‍ശന്‍.
മുഹമ്മദ് നജീബ് കല്ലട്രയുടെ ‘കല്ലട്രാസ് മെഡിക്കല്‍ ടൂറിസം’ എന്ന സ്ഥാപനം കേവലമൊരു മറമാത്രമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2024-ല്‍ കൊച്ചിയില്‍ പിടിയിലായ ‘സ്റ്റെമ്മ ക്ലബ്’ ഉടമ മധു ജയകുമാറിന്റെയും സംഘത്തിന്റെയും അതേ പ്രവര്‍ത്തന ശൈലിയാണ് നജീബും പിന്തുടര്‍ന്നത്. പാവപ്പെട്ട ദാതാക്കളെ കണ്ടെത്തി അവരെ ഇറാനിലേക്കും മറ്റും കടത്തി വിടുക വഴി മനുഷ്യക്കടത്താണ് ഇവിടെ നടന്നതെന്ന് പോലീസ് സംശയിക്കുന്നു. വിദേശത്ത് വച്ച് ശസ്ത്രക്രിയകള്‍ നടത്തിയ ശേഷം ദാതാക്കളെ ഉപേക്ഷിക്കുന്ന ക്രൂരമായ രീതിയായിരുന്നു ഇവരുടേത്.
റാക്കറ്റിന് ഇറാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായുള്ള ബന്ധം റൂറല്‍ എസ്.പി ഗൗരവത്തോടെയാണ് കാണുന്നത്. 2024 മെയ് മാസത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സാബിത് നാസര്‍ പിടിയിലായതോടെയാണ് കേരളം ആസ്ഥാനമായുള്ള അന്താരാഷ്ട്ര റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചത്. ഓരോ അവയവ ഇടപാടിനും 50 ലക്ഷം രൂപ വരെ ഈടാക്കുമ്പോള്‍ ദാതാക്കള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. പലര്‍ക്കും വാഗ്ദാനം ചെയ്ത പണം പോലും ലഭിച്ചില്ല. നജീബിന്റെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ കൂടുതല്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുമെന്നാണ് പ്രതീക്ഷ.
നജീബിന്റെ നെറ്റ്വര്‍ക്ക് കേരളത്തിന് പുറത്തേക്ക് ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കും നീണ്ടിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഷാഹിന്‍ഷാ, തൃക്കാക്കര എ.സി.പി മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്.പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പോലീസ് നടത്തുന്ന ഈ വേട്ട അവയവ മാഫിയയുടെ അടിവേരിളക്കുമെന്ന് ഉറപ്പാണ്.
കല്ലട്രാസ് മെഡിക്കല്‍ ടൂറിസം വഴി തയ്യാറാക്കിയ രേഖകളെല്ലാം അതീവ കൃത്യതയോടെ നിര്‍മ്മിച്ച വ്യാജരേഖകളാണെന്ന് പോലീസ് കണ്ടെത്തി. ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എന്‍.ഒ.സികളും നിര്‍മ്മിക്കാന്‍ നജീബിന് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നു. ഇത് തിരിച്ചറിയാന്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് പോലീസിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ ആശുപത്രി മാനേജ്മെന്റുകളുടെ പങ്കിനെക്കുറിച്ച് കര്‍ശനമായ അന്വേഷണം നടക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് കോടികള്‍ സമ്പാദിച്ച നജീബിന്റെ സാമ്പത്തിക സ്രോതസ്സുകളും പോലീസ് മരവിപ്പിക്കും. വിദേശത്ത് ഒളിവില്‍ കഴിയുന്ന ചില പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മനുഷ്യക്കടത്തിന്റെ കുരുക്കു കൂടി മുറുകുന്നതോടെ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് എസ്.പി സുദര്‍ശന്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെ കളങ്കപ്പെടുത്തുന്ന ഈ മാഫിയയെ വേരോടെ പിഴുതെറിയാനുള്ള പോരാട്ടത്തിലാണ് പോലീസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!




