തിരുവനന്തപുരം : കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാന്‍ കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന റിയപ്പെടുന്ന പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇനി കളിക്കളവും കരുക്കളും മാറും. രാഷ്ട്രീയത്തിലെ സൗമ്യമുഖമായി എല്ലാവരും അംഗീകരിച്ചിട്ടുള്ള പി കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നേതാവായി മാത്രമല്ല കേരളം കാണുന്നത്.രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം.
ഇപ്പോള്‍ എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാന്‍ നേരത്തെമുതലേ ശ്രമം തുടങ്ങിയിരുന്നു.എന്നാല്‍ എല്‍ഡിഎഫില്‍തന്നെ തുടരാനായിരുന്നു പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ തീരുമാനം.മാണി വിഭാഗത്തെ കൂടെ തന്നെ നിര്‍ത്താന്‍ എല്‍ഡിഎഫും തീവ്രശ്രമം നടത്തുന്നുണ്ടായിരുന്നു .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചോദിച്ച സീറ്റുകള്‍ മാണിവിഭാഗത്തിന് നല്‍കുന്നതിന് സിപിഎമ്മിന് ഒരു മടിയും ഉണ്ടായില്ല.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.സ്വാഭാവികമായും മാണി വിഭാഗത്തിനും തിരിച്ചടി കിട്ടി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മധ്യകേരളത്തില്പോലും മാണിവിഭാഗത്തിന് തിരിച്ചടിയായിരുന്നു.തുടര്‍ന്നാണ് മാണി വിഭാഗത്തെ യുഡിഎഫില്‍ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.പ്രതിപക്ഷ നേതാവ് വി ഡി യോ സതീശന് മുന്‍കൈയെടുത്ത് നീക്കങ്ങള്‍ തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല.തുടര്‍ന്നാണ് രാഷ്ട്രീയ ‘കിംഗ് മേക്കര്‍’ കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയത്.
കുറഞ്ഞ ശമ്പളത്തിൽ തമിഴ്നാട്ടിലേക്ക് ‘കയറ്റുമതി’; തോമസ് ഐസക്കിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
ജോസ് കെ മാണിയുടെ പിതാവ് കെഎം മാണിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി.യുഡിഎഫില്‍ ആയിരുന്നപ്പോള്‍ പലപ്പോഴും ഇവര്‍,’കുറുമുന്നണി’യായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.മാണിയുടെ കുടുംബവുമായും അടുത്ത ബന്ധമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. മാണിഗ്രൂപ്പിലെ വലിയൊരു വിഭാഗം പാര്‍ട്ടി യുഡിഎഫിന് ഒപ്പം നില്‍ക്കണമെന്ന് അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയുടെ പിന്നിലെ ചാലക ശക്തിയായ ക്രിസ്ത്യന്‍ സഭകളുടെ താല്പര്യവും മറ്റൊന്നല്ല. എല്‍ഡിഎഫില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ പാര്‍ട്ടിതന്നെ ഇല്ലാതാകും എന്ന വിചാരമാണ് അവര്‍ക്ക്.
എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് നൊപ്പമാണ്.യുഡിഎഫില്‍ നിന്നും നിഷ്കരണം പുറത്താക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയത് എല്‍ഡിഎഫ് ആണെന്നും ചെയര്മാന് ജോസ് കെ മാണിക്ക് അര്‍ഹമായ അവസരങ്ങള്‍ നല്‍കിയത് സിപിഎം ആണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.പാര്‍ട്ടിക്ക് നിലവിലുള്ള 5 എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനോടൊപ്പം നില്‍ക്കണമെന്നും മൂന്നുപേര്‍ പാര്‍ട്ടി യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്നും അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയുടെ ഏകമന്ത്രിയായ ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള റോഷി അഗസ്റ്റിനു പുറമേ റാന്നി എംഎല്‍എ പ്രമോദ് നാരായണനാണ് എല്‍ഡിഎഎഫ് നോട് താല്പര്യമുള്ളത്. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ.എന്‍ ജയരാജ്, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവരാണ് യുഡിഎഫിനോട് താല്പര്യം പ്രകടിപ്പിക്കുന്നവര്‍.
ചെയര്മാന് ജോസ് കെ മാണി ഇതുവരെ മനസ്സ് തുറന്നിട്ടില്ല.എന്നാല്‍ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടത്തിയ കേന്ദ്രവിരുദ്ധ സത്യാഗ്രഹസമരത്തില്‍ ജോസ് കെ മാണി പങ്കെടുത്തില്ല.നേരത്തെ തുടര്‍ച്ചയായി രണ്ട് തവണ എല്‍ഡിഎഫ് യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രഖ്യാപിക്കപ്പെട്ട എല്‍ഡിഎഫിന്റെ വികസന ജാഥയുടെ മധ്യമേഖല ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥത ജോസ് കെ മാണിയെ യുഡിഎഫ് ക്യാമ്പില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.


ഗണേഷിന്റെ ഉറപ്പിലും ‘വിശ്വാസമില്ലാതെ’ സിപിഎം; വിവാദ ചിത്രങ്ങള്‍ പുറത്താകാതിരിക്കാന്‍ ബാലഗോപാല്‍ പ്രത്യേക കരുതല്‍ എടുക്കും; മുഖ്യമന്ത്രിയുടെ അന്ത്യശാസനത്തില്‍ കളംമാറി; ബിന്ദു മേനോന് ആ ചിത്രങ്ങള്‍ പുറത്തു വിടുമോ?





