തിരുവനന്തപുരം: തിരുവനന്തപുരത്ത് ‘കളി’ മാറി. പുലി വന്നത് അറിയാതെ കളിക്കാനെത്തിയ എലിയെ കൈയ്യോടെ പോലീസ് പിടിച്ചു. സിറ്റി പൊലീസ് കമ്മിഷണറായി കെ. കാര്‍ത്തിക് ചുമതലയേറ്റ് അടുത്ത ദിവസം തന്നെ അത് തെളിഞ്ഞു. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ് നല്‍കുന്നത് അന്വേഷണ മികവിന്റെ സന്ദേശമാണ്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയില്‍ നിന്നാണ് പ്രതി അമല്‍ സുരേഷിനെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി കെ. കാര്‍ത്തിക് ചുമതലയേറ്റതിന് പിന്നാലെ തലസ്ഥാനത്ത് പൊലീസിന്റെ കളി മാറിയിരിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. മാനവീയം എന്നത് ബുദ്ധി ജീവികളുടെ കേന്ദ്രമാണ്. ഇവിടെ പോയി ഒളിച്ചാലും പോലീസ് ക്രിമിനലുകളെ വെറുതെ വിടില്ല. കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി കേരള പൊലീസ് തങ്ങളുടെ അന്വേഷണ മികവ് തെളിയിച്ചു.
സ്വന്തം പിതാവിനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മിഷണര്‍ ഓഫിസില്‍ എത്തിയത്. എന്നാല്‍ അവിടെ വെച്ച് പൊലീസുകാരുമായി തര്‍ക്കമുണ്ടാവുകയും, പുറത്തിറങ്ങിയ അമല്‍ രോഷാകുലനായി ഓഫിസിന് മുന്നില്‍ വെച്ചിരുന്ന പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. പുതിയ കമ്മിഷണറായി കെ. കാര്‍ത്തിക് ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെ നടന്ന ഈ ധിക്കാരപരമായ മോഷണം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാല്‍ കമ്മിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുകയും, മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പ്രതിയെ അതിവേഗം വലയിലാക്കുകയും ചെയ്തു. കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നടന്ന മോഷണത്തിന് ഇത്രയും വേഗത്തില്‍ മറുപടി നല്‍കാനായത് തലസ്ഥാന പൊലീസിന്റെ പുതിയ ഉണര്വായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കേരളാ പോലീസിലെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരില്‍ ഒരാളായ കെ. കാര്‍ത്തിക് ഐപിഎസ് ഇനി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ കസേരയില്‍ എത്തിയത് നഗരത്തെ ക്ലീന്‍ ചെയ്യാനായിട്ടാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഡിഐജി ആയി സേവനമനുഷ്ഠിക്കവെയാണ് ഭരണസിരാകേന്ദ്രത്തിന്റെ ക്രമസമാധാന ചുമതല കാര്‍ത്തിക്കിനെ തേടിയെത്തിയത്. ‘കരുതലും കാവലും’ നയമാക്കിയ ഈ 2011 ബാച്ച് ഉദ്യോഗസ്ഥന് കീഴില്‍ തലസ്ഥാനത്തെ പോലീസ് സംവിധാനം കൂടുതല്‍ ജനകീയവും അതേസമയം കുറ്റവാളികള്‍ക്ക് പേടിസ്വപ്നവുമാകുമെന്ന് ഉറപ്പാണ്.
വെല്ലുവിളികള്‍ നിറഞ്ഞ ഭരണസിരാകേന്ദ്രം വിഐപി സുരക്ഷ, സെക്രട്ടേറിയറ്റ് പടിക്കലെ സമരങ്ങള്‍, ഗുണ്ടാ-ലഹരി മാഫിയകളുടെ അടിച്ചമര്‍ത്തല്‍ തുടങ്ങി സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങളാണ് തിരുവനന്തപുരത്ത് കമ്മിഷണറെ കാത്തിരിക്കുന്നത്. ‘ഓപ്പറേഷന് കാവല്‍’ പോലുള്ള പദ്ധതികളിലൂടെ ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും കാര്‍ത്തിക്കിനുള്ള മുന്‍പരിചയം നഗരത്തിന് വലിയ കരുത്താകും. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പോലീസിനെ ആധുനികവല്‍ക്കരിക്കുക എന്നതും അദ്ദേഹത്തിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്.
ആലത്തൂരില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച കാര്‍ത്തിക്, തൃശൂര്‍, വയനാട്, എറണാകുളം റൂറല്‍, കോട്ടയം ജില്ലകളില്‍ പോലീസ് മേധാവിയായി തിളങ്ങിയ വ്യക്തിയാണ്. എറണാകുളം റൂറലില്‍ ഗുണ്ടകള്‍ക്കെതിരെ അദ്ദേഹം നടപ്പിലാക്കിയ ‘ഓപ്പറേഷന് ഡാര്‍ക്ക് ഫോഴ്സ്’ ക്വട്ടേഷന്‍ സംഘങ്ങളുടെ നട്ടെല്ലൊടിച്ചിരുന്നു. ആലുവയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിച്ചതും അന്തര്‍സംസ്ഥാന ലഹരി മാഫിയകളെ കുടുക്കിയതും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണങ്ങളാണ്. പാലാരിവട്ടം പാലം അഴിമതി, നടന് കലാഭവന്‍ മണിയുടെ മരണം തുടങ്ങിയ ശ്രദ്ധേയമായ കേസുകളിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
മൃദുഭാവേ ദൃഢകൃത്യേ എന്ന സമീപനത്തില്‍ നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തുമ്പോഴും സാധാരണക്കാരോട് അങ്ങേയറ്റം വിനയത്തോടെ ഇടപെടുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോവിഡ് കാലത്ത് തെരുവില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കിയതും പരാതിയുമായെത്തിയ ഭിന്നശേഷിക്കാരെ നേരിട്ട് കാണാന്‍ ഓഫീസിന് താഴെ ഇറങ്ങിച്ചെന്നതും അദ്ദേഹത്തിന്റെ മാനുഷിക മുഖത്തിന് തെളിവാണ്. കെബിപിഎസ് സിഎംഡി ആയിരിക്കെ സ്കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും അദ്ദേഹം ഭരണമികവ് തെളിയിച്ചിട്ടുണ്ട്.
ചെന്നൈയ്ക്ക് സമീപമുള്ള തുരുഞ്ചാപുരം എന്ന ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ് കാര്‍ത്തിക് ഐപിഎസിലെത്തിയത്. ആ ഗ്രാമത്തിലെ ആദ്യ എന്‍ജിനീയറും അദ്ദേഹമായിരുന്നു. കോച്ചിംഗിന്റെ സഹായമില്ലാതെ സ്വയം പഠിച്ച് സിവില്‍ സര്‍വീസ് നേടിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ സേവന മികവിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട്.


പേരെഴുതിയ കസേര, എന്നിട്ടും പിഴുതെറിഞ്ഞു; സുധാകരനെതിരെ ‘രാഹുലിസം’; കൊച്ചിയിലെ വേദിയില്‍ കണ്ണൂരിലെ കരുത്തന് നേരിട്ടത് കനത്ത അപമാനം
ചേട്ടന് കേന്ദ്രത്തില്‍ പിടിയുള്ളതു കൊണ്ട് എന്തും ചെയ്യാമെന്ന് കരുതിയ അനുജന്; കള്ളന് ഏതു മടയിലൊളിച്ചാലും പൊക്കുമെന്ന സന്ദേശം നല്കി ‘പരുന്ത്’ ടീമിന്റെ അസാധാരണ മികവ്; കരമനയിലെ ‘ആയില്യം’ കവര്‍ച്ച; ആസൂത്രകനും അകത്ത്; ശ്രീജിത്തിനെ പൊക്കിയ പോലീസ് ബ്രില്യന്‍സ് ഇങ്ങനെ





