തിരുവനന്തപുരം: പോലീസിനെ കൈവെച്ചാല്‍ ചോദിക്കാനില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ കരുത്തുറ്റ ഇടപെടല്‍. നഗരത്തിലെ മാളില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന് റോയിക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പ്രതികള്‍ നല്കിയ വ്യാജ പരാതിയില്‍ എടുത്ത എഫ്.ഐ.ആര് അടിയന്തരമായി പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം സേനാംഗത്തിന് നീതി ഉറപ്പാക്കിയ കമ്മീഷണറുടെ നടപടി പൊലീസ് സേനയുടെ ആത്മവീര്യം വാനോളമുയര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരം സിറ്റി കമ്മീഷണറായി ചുമതലയേറ്റ ശേഷം കെ. കാര്‍ത്തിക് നടത്തുന്ന ഏറ്റവും നിര്‍ണ്ണായകമായ ഇടപെടലാണിത്. ഡ്യൂട്ടിക്കിടെ നിയമലംഘനം തടഞ്ഞതിന്റെ പേരില്‍ പിന്തുടര്ന്ന് ആക്രമിക്കപ്പെട്ട ഉദ്യോഗസ്ഥനെതിരെ തന്നെ കേസെടുത്ത നടപടി സേനയ്ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍, വസ്തുതകള്‍ ബോധ്യപ്പെട്ട നിമിഷം തന്നെ അതിവേഗ നടപടികളുമായി കമ്മീഷണര്‍ രംഗത്തെത്തി. തെറ്റായ റിപ്പോര്‍ട്ട് നല്കി കേസെടുക്കാന്‍ പ്രേരിപ്പിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാനും അദ്ദേഹം കാട്ടിയ ആര്‍ജ്ജവം സേനാംഗങ്ങള്‍ക്കിടയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
സാങ്കേതിക മികവും മനുഷ്യത്വപരമായ സമീപനവും ഒരേപോലെ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ കെ. കാര്‍ത്തിക് നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കരമനയില്‍ നിന്ന് കാണാതായ 14-കാരിയെ മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിയിലൂടെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത് അദ്ദേഹത്തിന്റെ അന്വേഷണ മികവിന്റെ തെളിവായിരുന്നു. 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം എറണാകുളം റൂറല്‍ എസ്.പി ആയിരിക്കെ ഗുണ്ടകള്‍ക്കെതിരെ നടപ്പിലാക്കിയ ‘ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്’ വലിയ വിജയമായിരുന്നു. കുറ്റവാളികള്‍ക്ക് മുന്പില് വിട്ടുവീഴ്ചയില്ലാത്ത നായകനായും സാധാരണക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസമായും കെ. കാര്‍ത്തിക് മാറുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയില്‍. രാഷ്ട്രീയ താല്പര്യങ്ങളേക്കാള് നീതിക്കും സേനയുടെ അന്തസ്സിനും മുന്‍ഗണന നല്കുന്ന ഒരു നായകനെ ലഭിച്ച ആവേശത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ്.
സ്കൂള്‍ ടൂറിന് വിടാത്തതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ കരമന സ്വദേശിനിയെ കണ്ടെത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നടത്തിയത് സമാനതകളില്ലാത്ത ശാസ്ത്രീയ നീക്കങ്ങളാണ്. സാധാരണയായി ഇത്തരം തിരോധാന കേസുകളില്‍ പ്രതികളെയോ ഇരകളെയോ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളാണ് പോലീസിനെ സഹായിക്കാറുള്ളത്. എന്നാല്‍ ഈ കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയായി. ഇവിടെയാണ് കമ്മീഷണര്‍ കെ. കാര്‍ത്തിക് തന്റെ ‘സോഷ്യല്‍ മീഡിയ സ്ട്രാറ്റജി’ പുറത്തെടുത്തത്. ഒരു പ്രത്യേക സോഷ്യല്‍ മീഡിയ ടീമിനെ തന്നെ ഇതിനായി നിയോഗിച്ചു. കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചതിനൊപ്പം ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിച്ചു. കരമന എസ്.എച്ച്.ഒ: അനൂപ് ഉറക്കമിളച്ച് തന്റെ സംഘാഗങ്ങള്‍ക്ക് കമ്മിഷണര്‍ കൈമാറിയ രഹസ്യ നിര്‍ദേശം കൈമാറി കൊണ്ടിരുന്നു. ഇങ്ങനെ അയച്ച ചിത്രം അടക്കമുള്ള പോലീസിന്റെ നോട്ടീസും കുട്ടിയെ തിരിച്ചറിയാന്‍ തുണയായി.
2011 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് തികച്ചും കാര്യക്ഷമമായ അന്വേഷണ രീതികള്‍ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റാന്വേഷണ മികവിനും പേരുകേട്ട വ്യക്തിയാണ്. സങ്കീര്‍ണ്ണമായ പല കേസുകളും തെളിയിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പോലും ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് പ്രതികളെയും കാണാതാകുന്നവരെയും കണ്ടെത്താന്‍ അദ്ദേഹം കാണിക്കുന്ന വൈഭവം ശ്രദ്ധേയമാണ്. തിരുവനന്തപുരം സിറ്റി കമ്മീഷണറാകുന്നതിന് മുന്‍പ് എറണാകുളം റൂറല്‍ എസ്.പി ആയി അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ‘ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്’ (ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി) പോലുള്ള പദ്ധതികള്‍ വലിയ വിജയമായിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പോലീസ് രീതികളെ അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെയും പൊതുജനങ്ങളുടെയും സഹായം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് ഭീഷണിയായും സാധാരണക്കാര്‍ക്ക് ആശ്വാസമായും പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് എന്ന നിലയിലാണ് കെ. കാര്‍ത്തിക് ഐപിഎസ് അറിയപ്പെടുന്നത്.
ആലത്തൂരില്‍ എഎസ്പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച കാര്‍ത്തിക്, തൃശൂര്‍, വയനാട്, എറണാകുളം റൂറല്‍, കോട്ടയം ജില്ലകളില്‍ പോലീസ് മേധാവിയായി തിളങ്ങിയ വ്യക്തിയാണ്. എറണാകുളം റൂറലില്‍ ഗുണ്ടകള്‍ക്കെതിരെ അദ്ദേഹം നടപ്പിലാക്കിയ ‘ഓപ്പറേഷന് ഡാര്‍ക്ക് ഫോഴ്സ്’ ക്വട്ടേഷന്‍ സംഘങ്ങളുടെ നട്ടെല്ലൊടിച്ചിരുന്നു. ആലുവയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിച്ചതും അന്തര്‍സംസ്ഥാന ലഹരി മാഫിയകളെ കുടുക്കിയതും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് ഉദാഹരണങ്ങളാണ്. പാലാരിവട്ടം പാലം അഴിമതി, നടന് കലാഭവന്‍ മണിയുടെ മരണം തുടങ്ങിയ ശ്രദ്ധേയമായ കേസുകളിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.
മൃദുഭാവേ ദൃഢകൃത്യേ എന്ന സമീപനത്തില്‍ നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തുമ്പോഴും സാധാരണക്കാരോട് അങ്ങേയറ്റം വിനയത്തോടെ ഇടപെടുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോവിഡ് കാലത്ത് തെരുവില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കിയതും പരാതിയുമായെത്തിയ ഭിന്നശേഷിക്കാരെ നേരിട്ട് കാണാന്‍ ഓഫീസിന് താഴെ ഇറങ്ങിച്ചെന്നതും അദ്ദേഹത്തിന്റെ മാനുഷിക മുഖത്തിന് തെളിവാണ്. കെബിപിഎസ് സിഎംഡി ആയിരിക്കെ സ്കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും അദ്ദേഹം ഭരണമികവ് തെളിയിച്ചിട്ടുണ്ട്.
ചെന്നൈയ്ക്ക് സമീപമുള്ള തുരുഞ്ചാപുരം എന്ന ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ് കാര്‍ത്തിക് ഐപിഎസിലെത്തിയത്. ആ ഗ്രാമത്തിലെ ആദ്യ എന്‍ജിനീയറും അദ്ദേഹമായിരുന്നു. കോച്ചിംഗിന്റെ സഹായമില്ലാതെ സ്വയം പഠിച്ച് സിവില്‍ സര്‍വീസ് നേടിയ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഈ സേവന മികവിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തുടരുന്ന റൈറ്റര്‍; ആരോപണം അഴിമതി മുതല്‍ വഴിവിട്ട സൗഹൃദം വരെ; തിരുവനന്തപുരത്തെ പോലീസിലെ ‘ദുര്‍ഗന്ധം’ ചര്‍ച്ചകളില്‍, പുകഞ്ഞ കൊള്ളിയെ തൊട്ടാൽ പൊള്ളുമോ ! കമ്മിഷണർ കാർത്തിക് തീയാകുമോ?





