തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് ഒരു സംഘം എസ്എഫ്ഐ ക്രിമിനലുകള്‍ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരന് മിഥുന് റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പോലീസ് നടപടിക്ക് പിന്നില്‍ വന്‍ ഗുഢാലോചനയെന്ന് സംശയം ശക്തമാകുന്നു. ശംഖുമുഖം എസിയുടെ അധിക ചുമതല കൂടി വഹിക്കുന്ന ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിമുടി ദുരൂഹത നിറഞ്ഞതും സ്വന്തം പരാജയം മറച്ചുവെക്കാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് ആരോപണം.
ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് മിഥുന് റോയി നടത്തിയ പ്രതിരോധ ശ്രമത്തെ ജാമ്യമില്ലാ കുറ്റമായി ചിത്രീകരിച്ച എഫ്ഐആര്‍ നീതിനിഷേധത്തിന്റെ പാരമ്യമാണ്. ഒരു സംഘം അക്രമികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുമ്പോള്‍ ജീവന് രക്ഷിക്കാന്‍ വേണ്ടി ആയുധം വീശുന്നത് സ്വയം പ്രതിരോധത്തിനുള്ള അവകാശമായിരിക്കെ, ആ ഇടികളൊന്നും അക്രമി സംഘത്തിന്റെ ദേഹത്ത് കൊള്ളാതിരുന്നിട്ടും മിഥുനെതിരെ കേസെടുത്തത് ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യം ശക്തമാണ്.
എഫ്ഐആറിലെ ഏറ്റവും വിചിത്രമായ പരാമര്‍ശം മിഥുനൊപ്പമുണ്ടായിരുന്ന യുവതി ‘ചേട്ടാ അവന്മാരെ കൊല്ല്’ എന്ന് ആക്രോശിച്ചു എന്നതാണ്. നിലവില്‍ ലഭ്യമായ ഒരു ദൃശ്യങ്ങളിലും ഇല്ലാത്ത ഇത്തരമൊരു ഡയലോഗ് എഫ്ഐആറില്‍ എങ്ങനെ കടന്നുകൂടി എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. അക്രമത്തിന് ഇരയായ മിഥുന്റെ കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെ കൂടി കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് ബോധപൂര്‍വ്വം നടത്തിയ ഈ കള്ളക്കഥ മിഥുനെ സമ്മര്‍ദ്ദത്തിലാക്കി ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കാനാണെന്ന് വ്യക്തം. എസ്എഫ്ഐ പ്രവര്‍ത്തകരെ നേരത്തെ മര്‍ദ്ദിച്ചു എന്നാരോപിച്ച് നല്കിയ പരാതിയിലാണ് മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
എന്നാല്‍ മിഥുനെ മാളില്‍ വെച്ച് പരസ്യമായി മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരായ വിനയ് പ്രകാശ്, സുര്‍ജിത് എന്നിവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. പ്രതികളെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം വാങ്ങി നല്കാന് പോലീസ് കാട്ടിയ അമിതവേഗതയും ചര്‍ച്ചകളിലുണ്ട്. ഫോര്‍ട്ട് എസിയുടെ ഈ ‘വെള്ളപൂശല്‍’ റിപ്പോര്‍ട്ട് സത്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു പുകമറയാണ്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഭവത്തിന്റെ പേരില്‍ മിഥുനെ എസ്എഫ്ഐക്കാര്‍ നോട്ടമിട്ടിരുന്നു.
ഈ വൈരാഗ്യം വെച്ച് മാളില്‍ വെച്ച് ആസൂത്രിതമായി ആക്രമിച്ച ഗുണ്ടകളെ സംരക്ഷിക്കാന്‍ ശംഖുമുഖം എസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് തന്നെ നേരിട്ട് രംഗത്തിറങ്ങിയത് സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മിഥുന് റോയി ആദ്യം മര്‍ദ്ദിച്ചുവെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ. നന്ദന് പറയുമ്പോഴും, മുന്‍ വൈരാഗ്യം വെച്ച് ഒരു ഉദ്യോഗസ്ഥനെ പിന്തുടര്ന്ന് ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തുടര്‍ച്ചയായ അക്രമങ്ങളും സ്വന്തം വകുപ്പില്‍ നിന്നുള്ള വേട്ടയാടലും കാരണം താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മിഥുന് റോയി വെളിപ്പെടുത്തുമ്പോഴും, സത്യസന്ധമായ അന്വേഷണത്തിന് പകരം രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നത്.
സ്വന്തം ജീവന് രക്ഷിക്കാന്‍ ശ്രമിച്ചവനെ കുറ്റവാളിയാക്കിയും, തല്ലിയവരെ വിഐപികളാക്കി മാറ്റിയും ഫോര്‍ട്ട് എസി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരള പോലീസിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറും. ഇതിനെതിരെ പോലീസ് ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമാണ്.


ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ
യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്





