തല്ലിയത് എസ്എഫ്‌ഐക്കാരെങ്കില്‍ മിഥുനും പാവമല്ല! മാളിലെ അടിപിടി മുതല്‍ നെട്ടയത്തെ വാഹനാപടകം വരെ; പോലീസുകാരനെ കുടുക്കാന്‍ ഫയലുകള്‍ പൊടിതട്ടിയെടുക്കുന്നു; മിഥുന്‍ റോയിയെ കാത്തിരിക്കുന്നത് സസ്‌പെന്‍ഷന്‍?

തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്എഫ്‌ഐക്കാരുടെ ഇടിയും ചവിട്ടും വാങ്ങിക്കൂട്ടിയ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിയുടെ കഷ്ടകാലം തീരുന്നില്ല. മാളിലെ തല്ല് കേവലം ഒരു ‘ആകസ്മിക’ സംഭവമല്ലെന്നും, വര്‍ഷങ്ങളായി പുകയുന്ന പകയുടെ ബാക്കിപത്രമാണെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. എസ്എഫ്‌ഐക്കാരെ പോലീസ് വെള്ളപൂശുന്നു എന്ന ആരോപണം ഒരുവശത്ത് ശക്തമാകുമ്പോള്‍, മറുവശത്ത് മിഥുന്‍ റോയിയുടെ കുപ്രസിദ്ധമായ ‘ട്രാക്ക് റെക്കോര്‍ഡ്’ പൊടിതട്ടിയെടുക്കുകയാണ് ആഭ്യന്തര വകുപ്പ്. മിഥുനെതിരെ മൂന്ന് അന്വേഷണങ്ങള്‍ ഒരേസമയം നടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മിഥുന്‍ റോയിയും എസ്എഫ്‌ഐയും തമ്മിലുള്ള യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒന്നര വര്‍ഷം മുന്‍പ് ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിതീഷിനെ പിഴയൊടുക്കാന്‍ നിര്‍ബന്ധിച്ച മിഥുന്‍, പേട്ട പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കാനെത്തിയ ഇടത് പ്രവര്‍ത്തകരെ ലാത്തി വീശി ഓടിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നു. പുതുവത്സര തലേന്ന് ശംഖുമുഖത്ത് വെച്ച് എസ്എഫ്‌ഐക്കാരെ തല്ലിച്ചതച്ചതും ഇതേ മിഥുന്‍ തന്നെ. ഈ പക മനസ്സില്‍ വെച്ച് എസ്എഫ്‌ഐ ക്രിമിനലുകള്‍ അവസരം നോക്കി നടക്കുകയായിരുന്നു. മാളില്‍ വെച്ച് മിഥുനെ കണ്ടപ്പോള്‍ അവര്‍ ആ പഴയ ‘ലോണ്‍’ പലിശ സഹിതം തിരിച്ചുകൊടുത്തു.
മിഥുന്‍ റോയിയുടെ പേര് കേള്‍ക്കുമ്പോള്‍ വട്ടിയൂര്‍ക്കാവുകാര്‍ക്ക് അത്ര നല്ല ഓര്‍മ്മയല്ല ഉള്ളത്. 2024 ഏപ്രിലില്‍ മിഥുന്റെ വീട് 12 അംഗ സംഘം കയറി ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ ഇടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആ തല്ല് മിഥുന്‍ വാങ്ങിയത്. അന്ന് അക്രമികള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് തകര്‍ക്കാന്‍ ശ്രമിച്ചെന്നും കുടുംബത്തെ ഉപദ്രവിച്ചെന്നും മിഥുന്‍ പരാതി നല്‍കിയെങ്കിലും, നാട്ടുകാര്‍ മിഥുനെതിരെ പൗരസമിതി രൂപീകരിച്ച് ഫ്‌ലക്‌സ് വെക്കുന്ന സ്ഥിതി വരെ എത്തിയിരുന്നു.
മാളിലെ അക്രമത്തില്‍ മിഥുനെതിരെ വധശ്രമത്തിന് കേസെടുത്തത് വലിയ വിവാദമായതോടെ പോലീസ് ആ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ മിഥുന്‍ കൂടെയുണ്ടായിരുന്ന യുവതിയെ ഉപയോഗിച്ച് അക്രമികളെ കൊല്ലാന്‍ ആക്രോശിച്ചു എന്ന മൊഴി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയത് ഫോര്‍ട്ട് എസിയുടെ കുബുദ്ധിയാണെന്ന ആക്ഷേപം ശക്തമാണ്. ശംഖുമുഖം എസിയുടെ ചുമതല കൂടി വഹിക്കുന്ന ഫോര്‍ട്ട് എസി, കമ്മീഷണറുടെ നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ മിഥുനെ ബലിയാടാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടെ മറുഭാഗത്ത്, അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ‘വിഐപി’ പരിഗണന നല്‍കി ജാമ്യത്തിലിറക്കാനും പോലീസ് അമിതവേഗത കാട്ടി.
കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും പോലീസിലെത്തിയ മിഥുന്‍ റോയിക്ക് ഇപ്പോള്‍ സ്വന്തം സേനയില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല. മെഡിക്കല്‍ അവധി കഴിഞ്ഞ് ഡ്യൂട്ടിയില്‍ കയറിയ ഉടനെ വീണ്ടും അവധിയെടുത്തത് വകുപ്പ് തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളും മിഥുന് എതിരാണെന്നാണ് സൂചന. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതും, മുന്‍പ് ഡിവൈഎഫ്‌ഐ നേതാക്കളോട് മോശമായി പെരുമാറിയതും ചേര്‍ത്ത് മിഥുനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് മിഥുന്‍ പറയുമ്പോഴും, പുകയുന്ന തീയില്‍ എണ്ണയൊഴിച്ച് സൈബര്‍ സഖാക്കള്‍ മിഥുന്റെ പഴയ കേസുകള്‍ ഓരോന്നായി സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.