പെന്‍ഷന്‍ പ്രായം 60-ലേക്ക്? പി എസ് സി പ്രായപരിധി ഉയര്‍ത്തിയത് വലിയ നീക്കത്തിന്റെ തുടക്കം; സര്‍ക്കാര്‍ സര്‍വീസില്‍ വരാനിരിക്കുന്നത് വന്‍ പൊളിച്ചെഴുത്തോ? സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാനും വര്‍ധിപ്പിക്കാനുമുള്ള അണിയറ നീക്കങ്ങള്‍ സജീവമാകുന്നു. പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി ഒറ്റയടിക്ക് 40 വയസ്സായി (ജനറല്‍ വിഭാഗം) ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ഇതിന്റെ കൃത്യമായ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, യുവജനരോഷം തണുപ്പിക്കാനെന്ന വ്യാജേന നടത്തുന്ന ഈ നീക്കം യഥാര്‍ത്ഥത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള കളമൊരുക്കലാണോ എന്ന സംശയം ശക്തമാണ്.
പലവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചുകൊണ്ട് പിഎസ് സി പ്രായപരിധി 36-ല്‍ നിന്ന് 40 ആക്കി വര്‍ധിപ്പിച്ചത് വലിയ വിപ്ലവമായാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. എന്നാല്‍, 40-ാം വയസ്സില്‍ ഒരാള്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നിലവിലെ പെന്‍ഷന്‍ പ്രായമായ 56 വയസ്സില്‍ വിരമിക്കുമ്പോള്‍ കേവലം 16 വര്‍ഷത്തെ സര്‍വീസ് മാത്രമേ ലഭിക്കൂ. ഇത് പെന്‍ഷന്‍ ആനുകൂല്യങ്ങളെ സാരമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ പെന്‍ഷന്‍ പ്രായം കുറഞ്ഞത് 60 വയസ്സായെങ്കിലും ഉയര്‍ത്തേണ്ടി വരും
നിലവില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പെന്‍ഷന്‍ പ്രായത്തില്‍ വലിയ വിവേചനമുണ്ട്: പങ്കാളിത്ത പെന്‍ഷന്‍കാര്‍ അതായത് 2013-ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വിരമിക്കല്‍ പ്രായം 60 വയസ്സാണ്. പഴയ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോഴും 56 വയസ്സാണ് വിരമിക്കല്‍ പ്രായം. ഈ അസമത്വം പരിഹരിക്കണമെന്ന ആവശ്യം സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ഏറെ കാലമായി ശക്തമാണ്. പെന്‍ഷന്‍ പ്രായം എല്ലാവര്‍ക്കും 60 ആയി ഏകീകരിക്കുന്നത് വഴി ഖജനാവിനുണ്ടാകുന്ന പെന്‍ഷന്‍ ബാധ്യത തല്‍ക്കാലത്തേക്ക് നീട്ടിവെക്കാമെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഇതിനുള്ള പല ശുപാര്‍ശകളും നിലവില്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ഏകീകൃത പെന്‍ഷനും വരും. അതായത് പങ്കാളിത്ത പെന്‍ഷന്‍ വേണ്ടെന്ന് വയ്ക്കുകയും ചെയ്യും.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ തൊഴിലന്വേഷകര്‍ക്കിടയിലുണ്ടാകുന്ന പ്രതിഷേധം തടയാനാണ് ഇപ്പോള്‍ പിഎസ് സി പ്രായപരിധി ഉയര്‍ത്തിയതെന്ന വാദം ശക്തമാണ്. ‘പരീക്ഷ എഴുതാന്‍ കൂടുതല്‍ സമയം തന്നില്ലേ’ എന്ന ചോദ്യം ഉയര്‍ത്തി യുവാക്കളെ ശാന്തരാക്കി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള ഈ ‘സോഷ്യല്‍ എഞ്ചിനീയറിംഗ്’ തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാകുമോ എന്നാണ് ഉദ്യോഗസ്ഥ ലോകം ഉറ്റുനോക്കുന്നത്.
പ്രായം 60-ലേക്ക് ഉയര്‍ത്തി എല്ലാ ജീവനക്കാരെയും ഒരേ ചട്ടക്കൂടില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനൊപ്പം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് വഴി ശമ്പള പരിഷ്‌കരണ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് നീട്ടിവെക്കാം. പിഎസ് സി പ്രായപരിധി ഉയര്‍ത്തിയതോടെ ഒബിസി വിഭാഗത്തിന് 43 വയസ്സും എസ്സി/എസ്ടി വിഭാഗത്തിന് 45 വയസ്സും വരെ പരീക്ഷയെഴുതാം. ഇത് പ്രായമായവര്‍ക്കും സര്‍ക്കാര്‍ സര്‍വീസിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.