ഇടതുമുന്നണിയില്‍ വന്‍ വിള്ളലിന് സാധ്യത; കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക്? ഫെബ്രുവരിയില്‍ മാണി ഗ്രൂപ്പിന്റെ മടങ്ങി വരവുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വം പ്രതീക്ഷയില്‍; അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുസ്ലീം ലീഗിനും പൂര്‍ണ്ണ സമ്മതം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന മുന്നണി മാറ്റത്തിന് കളമൊരുങ്ങുന്നു. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായാണ് സൂചനകള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ തന്നെ നിര്‍ണ്ണായകമായ ഈ മടങ്ങിവരവ് ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും.

ഇടതുമുന്നണിക്കുള്ളില്‍ കേരള കോണ്‍ഗ്രസ് നേരിടുന്ന അതൃപ്തിയും അവഗണനയുമാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് നേതൃത്വവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ പല് മുതിര്‍ന്ന നേതാക്കളും അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ജയരാജും അടക്കം ഇടതില്‍ അതൃപ്തിയിലാണ്.

കേരള കോണ്‍ഗ്രസിന്റെ മടങ്ങിവരവ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ ഊര്‍ജ്ജമാകും. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ മാണി ഗ്രൂപ്പിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കരുതുന്നു. മുസ്ലീം ലീഗും ഈ നീക്കത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് കൂടി എത്തുന്നതോടെ യുഡിഎഫ് സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സീറ്റ് വിഭജനവും മറ്റ് സാങ്കേതിക കാര്യങ്ങളും സംബന്ധിച്ച ധാരണകള്‍ മുന്നണിയിലേക്ക് മടങ്ങിയെത്തുന്ന തീരുമാനത്തിന് ശേഷമേ ഉണ്ടാകൂ സൂചന. ഫെബ്രുവരി ആദ്യവാരത്തോടെ മുന്നണി മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കേരള കോണ്‍ഗ്രസിന്റെ വിട്ടുപോക്ക് വലിയ തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. അതിനിടെ യുഡിഎഫിലുള്ള പിജെ ജോസഫിന്റെ നേതൃത്വത്തിലെ കേരളാ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

പാലായില്‍ മത്സരിക്കാനാണ് ജോസ് കെ മാണി ഒരുങ്ങുന്നത്. യുഡിഎഫിലെ ഘടക കക്ഷിയായ മാണി സി കാപ്പനാണ് സിറ്റിംഗ് എംഎല്‍എ. പാലായില്‍ വീണ്ടും മത്സരിക്കുമെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. ഈ സാഹചര്യത്തില്‍ മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തെ ജോസ് കെ മാണി എങ്ങനെ എടുക്കുമെന്നതും നിര്‍ണ്ണായകമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.