ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള പക: മാളില്‍ കയറി സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ചു; നാലു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള കുറ്റം മാത്രം; സഖാക്കള്‍ക്ക് വീണ്ടും സുഖസൗകര്യം; പോലീസില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: പുതുവത്സര തലേന്ന് ഡ്യൂട്ടിക്കിടെ തടഞ്ഞതിലുള്ള വിരോധം തീര്‍ക്കാന്‍ മാളില്‍ വെച്ച് സിവില്‍ പോലീസ് ഓഫീസറെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ചെറിയവകുപ്പുകളാണ് ചുമത്തിയത്. കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായ മിഥുന്‍ റോയിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

2025 ഡിസംബര്‍ 31-ന് ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ, പോലീസിന്റെ നിര്‍ദ്ദേശം പാലിക്കാതെ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതികളെ മിഥുന്‍ വിലക്കിയിരുന്നു. ഈ വിരോധം മനസ്സില്‍ വെച്ച പ്രതികള്‍, 2026 ഫെബ്രുവരി 14-ന് ഉച്ചയ്ക്ക് 3 മണിയോടെ ചാക്കയിലെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് മിഥുനെ തടഞ്ഞുനിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു.

മാളില്‍ വെച്ച് മിഥുനെ കണ്ട പ്രതികള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്ന്, മൂന്ന് പ്രതികള്‍ മിഥുനെ ഓടിവന്ന് ചാടി ചവിട്ടി പരിക്കേല്‍പ്പിച്ചു. രണ്ടാം പ്രതി വധഭീഷണി മുഴക്കിയപ്പോള്‍, നാലാം പ്രതി മിഥുനെ പിടിച്ചുതള്ളുകയും മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശികളായ രേവന്ത്, സുജിത്ത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 296(b), 115(2), 351, 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം പരമാവധി രണ്ട് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. നിലവില്‍ ഈ വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നതാണ്. അതായത് വെറും പെറ്റികേസ്. വഞ്ചിപ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ അലക്‌സ് സി ആണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് മുന്‍വൈരാഗ്യം വെച്ച് പൊതുസ്ഥലത്ത് നടത്തിയ ഈ ആക്രമണം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണേണ്ടത്. എന്നാല്‍ അത് ചെയ്യുന്നില്ല.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ സിറ്റി ജില്ലാ സമ്മേളനം നടക്കുകയാണ്. ഇതിനിടെയാണ് ആക്രമണം പോലീസുകാരന് നേരിടേണ്ടി വന്നത്. സംസ്ഥാന നേതാക്കള്‍ അടക്കം ഉണ്ടായിരുന്നു. അവരുടെ പ്രതികരണവും തണുപ്പന്‍ മട്ടിലായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.