അബുദാബി: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി വിതച്ച് യുഎഇക്കും കുവൈത്തിനും നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ആക്രമണങ്ങളില്‍ നാല് പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇയില്‍ മിസൈല്‍ പതിച്ച് പാകിസ്താന്, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേരും കുവൈത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. പ്രധാന വിമാനത്താവളങ്ങള്‍ അടച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയതും മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുഎഇയില്‍ 58 പേര്‍ക്കും കുവൈത്തില്‍ 32 പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാരും ഉള്‍പ്പെടുന്നു.
ഗള്‍ഫിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് മലയാളികള്‍ക്ക് വലിയ തിരിച്ചടിയായി. നാട്ടിലേക്ക് പോകാനിരുന്നവരും അവധി കഴിഞ്ഞ് മടങ്ങാനിരുന്നവരുമായ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത് പ്രവാസി സമൂഹത്തിനിടയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുഎഇയിലെ സ്കൂളുകളും സര്‍വ്വകലാശാലകളും മാര്‍ച്ച് നാലുവരെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി.
ഇറാന് തൊടുത്തുവിട്ട മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ക്കാന്‍ യുഎഇ പ്രതിരോധ സേനയ്ക്ക് സാധിച്ചു എന്നത് ആശ്വാസകരമാണ്. ഞായറാഴ്ച മാത്രം തൊടുത്തുവിട്ട 137 ബാലിസ്റ്റിക് മിസൈലുകളില്‍ 132 എണ്ണവും 209 ഡ്രോണുകളില്‍ 195 എണ്ണവും വെടിവെച്ചിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആകെ 541 ഡ്രോണുകളില്‍ 311 എണ്ണവും 165 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എങ്കിലും 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചത് നാശനഷ്ടങ്ങളുണ്ടാക്കി.
രാജ്യത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യുസഫ് അല്‍ സബാ വ്യക്തമാക്കി. പരിക്കേറ്റവരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രായേലിലെ ബീറ്റ് ഷെമേഷ് നഗരത്തിലും ഇറാന്റെ മിസൈലുകള്‍ പതിച്ചു. ഇവിടെ എട്ടുപേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഞ്ചുവര്‍ഷത്തെ ഏകാന്ത തടവിനുശേഷം ഓങ് സാന്‍ സൂ ചി വീട്ടുതടങ്കലിലേക്ക്; ശിക്ഷയില്‍ ഇളവ് നല്കി മ്യാന്മര് സൈന്യം; നീക്കം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്





