പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് ഇനി മിണ്ടാനാവില്ല; ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : പി.എം. കെയേഴ്സ് ഫണ്ടിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് വന്‍വിവാദത്തിലായിരിക്കുകയാണ്. ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.

ജനുവരി 30-നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലോക്‌സഭാ സെക്രട്ടേറിയറ്റിന് നല്‍കിയത്.ലോക്‌സഭാ ചട്ടങ്ങളിലെ റൂള്‍ 41(2)(viii), റൂള്‍ 41(2)(xvii) എന്നിവ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഭാരത സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്തതോ കേന്ദ്രത്തിന്റെ സഞ്ചിത നിധിയില്‍ നിന്ന് പണം നല്‍കാത്തതോ ആയ കാര്യങ്ങളില്‍ ചോദ്യങ്ങള്‍ അനുവദിക്കാനാവില്ല എന്നാണ് ഈ ചട്ടങ്ങള്‍ പറയുന്നത്.

പി.എം. കെയേഴ്സ് ഫണ്ടിലേക്ക് ലഭിക്കുന്ന തുക പൂര്‍ണ്ണമായും വ്യക്തികളുടെയും സംഘടനകളുടെയും സ്വമേധയായുള്ള സംഭാവനകളാണെന്നും ഇതില്‍ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.പി.എം. കെയേഴ്സ് ഫണ്ടിന് പുറമെ പി.എം. നാഷണല്‍ റിലീഫ് , നാഷണല്‍ ഡിഫന്‍സ് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇനി ലോക്‌സഭയില്‍ അനുവദിക്കില്ല:

2020 മാര്‍ച്ച് 28-ന് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ഈ ഫണ്ടിനെതിരെ തുടക്കം മുതലേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.പി.എം. കെയേഴ്സ് ഒരു ‘പബ്ലിക് അതോറിറ്റി’ അല്ലെന്നും അതിനാല്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അടുത്തിടെ ഡല്‍ഹി ഹൈക്കോടതിയും ഈ ഫണ്ടിന് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.

ഈ ഫണ്ട് സി.എ.ജി ഓഡിറ്റിന് വിധേയമല്ല; പകരം സ്വതന്ത്ര ഓഡിറ്റര്‍മാരാണ് കണക്കുകള്‍ പരിശോധിക്കുന്നത്.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഈ ഫണ്ടിനെ ഒഴിവാക്കിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.