തിരുവനന്തപുരം: സംസ്ഥാനം കടുത്ത കടക്കെണിയിലൂടെ കടന്നുപോകുമ്പോഴും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ മാറ്റിവച്ചിരിക്കുന്ന ദുരന്ത പ്രതികരണ നിധിയില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു സ്വകാര്യ ഗവേഷണ സ്ഥാപനത്തിന് 9.87 കോടി രൂപ അനുവദിച്ച ചീഫ് സെക്രട്ടറി വി. ജയതിലകിന്റെ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. 28-04-2026-ലെ സര്‍ക്കാര്‍ ഉത്തരവ് പകാരമാണ് ഈ വഴിവിട്ട സഹായം.
ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗവേഷണ ആവശ്യങ്ങള്‍ക്ക് പണം നല്കാന് വ്യവസ്ഥയില്ല എന്നിരിക്കെയാണ് ഈ പണം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പലരും ഈ നീക്കത്തെ എതിര്‍ത്തെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്റെ ‘പ്രത്യേക താല്പര്യം’ എന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയല്‍ നീക്കിയത്. 2019-ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം ഭൗമശാസ്ത്ര സര്‍വ്വേ , ഐ.എം.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്കാണ് ഗവേഷണ ചുമതല. ഇത് മറികടന്നാണ് കോട്ടയത്തെ ‘ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്’ എന്ന സ്വകാര്യ സ്ഥാപനത്തിന് പണം നല്‍കിയത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീറുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ ബിനാമി സ്ഥാപനമാണിതെന്ന ആക്ഷേപം ശക്തമാണ്. കെ.പി. സുധീറിനെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മുന്‍പ് പ്രളയകാരണം ഡാമുകളല്ലെന്ന് ശാസ്ത്രീയമായി തെറ്റായ റിപ്പോര്‍ട്ട് നല്കി സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ശിഷ്യന്മാര് മാത്രം ജോലി ചെയ്യുന്ന, വെറും മൂന്ന് ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനത്തിനാണ് കോടികള്‍ നല്‍കുന്നത്.
അനുവദിച്ച തുകയില്‍ 5 കോടി രൂപ കമ്പ്യൂട്ടറുകള്‍ വാങ്ങാനാണ് മാറ്റിവച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രാലയങ്ങള്‍ ഗവേഷണങ്ങള്‍ക്കായി ഹൈ-എന്‍ഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുമ്പോഴാണ് ഈ ധൂര്‍ത്ത്. യാതൊരുവിധ സ്വതന്ത്ര അവലോകനവും നടത്താതെയാണ് പദ്ധതി അംഗീകരിച്ചത് എന്നത് അഴിമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു വശത്ത് വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വാടക നല്‍കാനും പുനരധിവാസത്തിനും പണമില്ലെന്ന് കോടതിയെ ധരിപ്പിച്ച് പ്രത്യേക അനുമതി വാങ്ങുന്ന സര്‍ക്കാര്‍, മറുവശത്ത് ഇത്തരം ഗവേഷണങ്ങള്‍ക്കായി പണം ഒഴുക്കുകയാണ്.
ജില്ലകള്‍ക്ക് വേനല്‍ പ്രതിരോധത്തിനായി നല്‍കിയത് വെറും ഒരു കോടി രൂപ. 2023 മുതലുള്ള വീടുകളുടെ നാശനഷ്ട തുക അനുവദിക്കാതെ ചീഫ് സെക്രട്ടറി പിടിച്ചുവെച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കോവിഡ് കാലത്തെ കുടിശ്ശിക പോലും ഇതുവരെ നല്‍കിയിട്ടില്ല.
അര്‍ഹരായ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സഹായം ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ വകമാറ്റുന്നതിനെതിരെ ഗവര്‍ണര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ഈ ആരോപണം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; അഞ്ച് ജില്ലകൾക്ക് പുതിയ കളക്ടർമാർ





