ആകെ കൈപ്പറ്റിയത് 2.78 കോടി; ഇമെയിലുകളില്‍ വെറും പണമിടപാട് രേഖകള്‍ മാത്രം; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി.; എക്‌സാലോജിക് കേസില്‍ ടി. വീണ വന്‍ കുടുക്കിലേക്ക്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ മാസപ്പടി വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലായിരുന്ന എക്‌സാലോജിക് കമ്പനിയും കടുത്ത നിയമക്കുരുക്കിലേക്ക്. സിറിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച നിര്‍ണ്ണായക അന്വേഷണ റിപ്പോര്‍ട്ടും, ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരംഭിച്ച ആസ്തി കണ്ടുകെട്ടല്‍ നടപടികളും വീണ വിജയനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി. നീങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍.
എസ്.എഫ്.ഐ.ഒ. റിപ്പോര്‍ട്ട് പ്രകാരം ടി. വീണയുടെയും എക്‌സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. ആയിരുന്നു. ഐ.ടി. കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വീണയ്ക്ക് മാത്രം 2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സി.എം.ആര്‍.എല്‍. നല്‍കിയത് 2.07 കോടി രൂപയാണ്. ഇതിനുപുറമെ എക്‌സാലോജിക് സൊല്യൂഷന്‍സിന് 2017-18, 2018-19 വര്‍ഷങ്ങളിലായി 71 ലക്ഷം രൂപയും കൈമാറി. ആകെ 2.78 കോടി രൂപയുടെ ഈ ഇടപാടുകള്‍ നടക്കുമ്പോഴും പകരമായി എന്ത് ഐ.ടി. സേവനമാണ് നല്‍കിയതെന്ന ചോദ്യത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കൃത്യമായ മറുപടിയില്ല.
സി.എം.ആര്‍.എല്‍. കമ്പനിയും വീണ വിജയനും തമ്മിലുണ്ടാക്കിയ ഈ കോടികളുടെ കരാറുകളെക്കുറിച്ച് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അറിഞ്ഞിരുന്നില്ല എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. കമ്പനിയുടെ ഔദ്യോഗിക ഭരണസംവിധാനത്തെ മറികടന്നാണ് ഈ പണമിടപാടുകള്‍ നടന്നത്. 2017 മാര്‍ച്ച് മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ വീണയും സി.എം.ആര്‍.എല്ലും തമ്മില്‍ 93 ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉള്ളടക്കം പരിശോധിച്ച അന്വേഷണസംഘത്തിന് കണ്ടെത്താനായത് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്‍വോയ്‌സുകള്‍ മാത്രമാണ്. കമ്പനിക്ക് നല്‍കിയ സേവനങ്ങളെക്കുറിച്ച് ഈ ഇമെയിലുകളില്‍ ഒരിടത്തുപോലും യാതൊരു പരാമര്‍ശവുമില്ല.
2019 ജനുവരിയില്‍ സി.എം.ആര്‍.എല്ലില്‍ ആദായനികുതി വകുപ്പ് (ഇന്‍കം ടാക്‌സ്) നടത്തിയ മിന്നല്‍ റെയ്‌ഡോടെ എക്‌സാലോജിക്കിന്റെ ഇന്‍വോയ്‌സുകള്‍ ഫയലുകളില്‍ രേഖപ്പെടുത്തുന്നത് സി.എം.ആര്‍.എല്‍. നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഫയലുകളില്‍ നിന്നും ഒഴിവാക്കിയിട്ടും ഐ.ടി. കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വീണയ്ക്ക് 2020 ഏപ്രില്‍ മാസം വരെ ഇന്‍വോയ്‌സ് അനുസരിച്ച് പണം കൃത്യമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയിരുന്നു. സി.എം.ആര്‍.എല്ലില്‍ നിന്നുള്ള ഈ പ്രധാന വരുമാനം നിലച്ചതോടെയാണ് എക്‌സാലോജിക് കമ്പനി പൂര്‍ണ്ണമായും തകരുകയും 2021-22 സാമ്പത്തിക വര്‍ഷത്തോടെ കനത്ത നഷ്ടത്തിലായി അടച്ചുപൂട്ടേണ്ടി വരികയും ചെയ്തതെന്നാണ് സാമ്പത്തിക വിശകലനം.
കരാര്‍ പ്രകാരം കൃത്യമായ ഐ.ടി. സേവനങ്ങള്‍ നല്‍കിയതിനാണ് പണം കൈപ്പറ്റിയതെന്ന് സി.പി.എം. രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമ്പോഴാണ്, വീണയുടെ സ്വന്തം മൊഴികള്‍ തന്നെ അവര്‍ക്ക് തിരിച്ചടിയാകുന്നത്. സി.എം.ആര്‍.എല്ലിന് എക്‌സാലോജിക്കോ വീണയോ യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് എക്‌സാലോജിക് ജീവനക്കാരും സി.എം.ആര്‍.എല്ലിലെ ഐ.ടി. മേധാവിയും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് എസ്.എഫ്.ഐ.ഒ.യ്ക്ക് മുന്നില്‍ വീണ വിജയന്‍ തന്നെ നല്‍കിയ മൊഴിപ്പകര്‍പ്പുകള്‍.
ഐ.ടി. കണ്‍സല്‍ട്ടന്‍സി മേഖലയില്‍ തനിക്ക് സി.എം.ആര്‍.എല്ലില്‍ അല്ലാതെ മറ്റെവിടെയും മുന്‍പരിചയമില്ലെന്ന് വീണ സമ്മതിക്കുന്നു. ഇമെയിലുകളില്‍ സേവനം സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സി.എം.ആര്‍.എല്‍. മാനേജ്മെന്റിന് നേരിട്ട് സംസാരിക്കുന്നതിലായിരുന്നു താല്പര്യമെന്നും അതുകൊണ്ട് ഇമെയിലുകള്‍ വഴി ആശയവിനിമയം നടത്തിയില്ലെന്നുമാണ് വീണ നല്‍കിയ വിശദീകരണം. കമ്പ്യൂട്ടര്‍ സിസ്റ്റം പരിപാലനത്തിനും ഇ.ആര്‍.പി. സോഫ്റ്റ്വെയര്‍ ഡിസൈനിംഗിനുമാണ് പണം വാങ്ങിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, തന്റെ ഇടപെടല്‍ മൂലം സി.എം.ആര്‍.എല്ലിന്റെ ഐ.ടി. സൗകര്യങ്ങളില്‍ എന്തെങ്കിലും പരിഷ്‌കാരം ഉണ്ടായോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു വീണയുടെ മറുപടി.
കണ്‍സല്‍ട്ടന്‍സി യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളും നിലവിലില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എക്‌സാലോജിക് കമ്പനി പൂട്ടിപ്പോയതിനാല്‍ കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ നടത്തിയ ആശയവിനിമയങ്ങളുടെ ഡിജിറ്റല്‍ രേഖകളും ബാക്കിയില്ലെന്നാണ് വീണയുടെ നിലപാട്. തെളിവുകള്‍ ബോധപൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമമായാണ് അന്വേഷണ ഏജന്‍സികള്‍ ഇതിനെ കാണുന്നത്. ഒരു വശത്ത് വായ്പയായി പണം നല്‍കുകയും, അത് തിരിച്ചടയ്ക്കാന്‍ മറുവശത്ത് കൂടെ വീണ്ടും പണം നല്‍കുകയും ചെയ്യുന്ന തരത്തിലുള്ള യാതൊരു വാണിജ്യ ലോജിക്കുമില്ലാത്ത പണമിടപാടുകളാണ് ഇരു കമ്പനികള്‍ക്കുമിടയില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എസ്.എഫ്.ഐ.ഒ.യുടെ ഈ കണ്ടെത്തലുകളുടെ ചുവടുപിടിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകള്‍, വിവിധ ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇ.ഡി. പൂര്‍ണ്ണമായും ശേഖരിച്ചിട്ടുണ്ട്. പണം കൈപ്പറ്റിയതിന് പകരമായി സേവനം നല്‍കിയിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഈ 2.78 കോടി രൂപ കള്ളപ്പണത്തിന്റെ പരിധിയിലാണ് ഇ.ഡി. ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വീണ വിജയനെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി. വരും ദിവസങ്ങളില്‍ ഔദ്യോഗികമായി സമന്‍സ് അയക്കും. കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. ഇതിന് തൊട്ടുപിന്നാലെ തന്നെ കള്ളപ്പണ നിരോധന നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം വീണയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടാനുള്ള (ജൃീ്ശശെീിമഹ അേേമരവാലി)േ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഡല്‍ഹിയിലെ ഇ.ഡി. ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന സൂചനകള്‍.
നിലവില്‍ പ്രതിപക്ഷ നേതാവായി തുടരുന്ന പിണറായി വിജയന്റെ മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് സി.പി.എമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. രാഷ്ട്രീയ പ്രതികാരമെന്ന പതിവ് പ്രതിരോധം ഉയര്‍ത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും, എസ്.എഫ്.ഐ.ഒ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശാസ്ത്രീയ തെളിവുകളും വീണയുടെ സ്വന്തം മൊഴികളും പാര്‍ട്ടിയുടെ വാദങ്ങളുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ്. വരും ദിവസങ്ങളില്‍ ഇ.ഡി. നടപടികള്‍ വേഗത്തിലാകുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വലിയൊരു കൊടുങ്കാറ്റായി ഈ കേസ് മാറും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.