സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനപ്രതിനിധികള്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് ഇരട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുമാണ് നിയമവിരുദ്ധമായി മന്ത്രി ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും പൂര്‍ണ്ണരൂപത്തില്‍ കൈപ്പറ്റിയത്. ഇതില്‍ മന്ത്രി എം.ബി രാജേഷ് കുടുങ്ങിയത് സ്വന്തം ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടര്‍ന്നാണ്.
2021 മെയ് മാസത്തിലാണ് എം.ബി രാജേഷ് നിയമസഭാ സ്പീക്കറായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ താന്‍ സ്പീക്കറായെന്നും അതിനാല്‍ പെന്ഷന് പുനര്‍നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ലോക്സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയത് കൃത്യം 8 മാസങ്ങള്‍ക്ക് ശേഷം 10.01.2022-ല്‍ മാത്രമാണ്. അധികമായി കൈപ്പറ്റിയത് 2 വര്‍ഷത്തെ തുകയാണ്. സ്പീക്കറായ വിവരം യഥാസമയം അറിയിക്കാതിരുന്നതിനാല്‍, 03.05.2021 മുതല്‍ 22.05.2023 വരെയുള്ള രണ്ട് വര്‍ഷക്കാലം രാജേഷ് ചട്ടവിരുദ്ധമായി അധിക തുക കൈപ്പറ്റിയെന്ന് എ.ജിയുടെ ഓഡിറ്റില്‍ വ്യക്തമായി.
സ്പീക്കറായി എട്ട് മാസത്തിന് ശേഷം നല്കിയ കത്തിന് പുറമെ, മന്ത്രിയായ ശേഷം 17.02.2023-ല്‍ രാജേഷ് വീണ്ടും ഇക്കാര്യം സൂചിപ്പിച്ച് ലോക്സഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് 22.05.2023-നാണ് ലോക്സഭാ പേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസില്‍ നിന്ന് രാജേഷിന്റെ പെന്ഷന് പുനര്‍നിര്‍ണ്ണയിച്ചത്. ഇതോടെ അതുവരെ ലഭിച്ചിരുന്ന 35,000 രൂപയുടെ പെന്ഷന് 33,000 രൂപയായി കുറച്ചു നിശ്ചയിച്ചു. അതായത്, സ്പീക്കറായ സമയം മുതല്‍ പെന്ഷന് വെട്ടിച്ചുരുക്കിയ കാലയളവ് വരെയുള്ള രണ്ട് വര്‍ഷം അധികമായി വാങ്ങിയ തുക രാജേഷ് തിരിച്ചടക്കേണ്ടി വരും. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് എ.ജി പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്.
ഈ വിവരം സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചുവെന്നാണ് ആരോപണം. എ.ജിയുടെ കത്ത് എം.ബി രാജേഷ് അറിഞ്ഞില്ലെന്നും സൂചനയുണ്ട്. എന്നാല്‍ ഈ കണ്ടെത്തല്‍ അദ്ദേഹത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നോണ്‍ ലൈബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അധികമായി വാങ്ങിയ ഈ പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചില്ലെങ്കില്‍ രാജേഷിന് ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. നാമനിര്‍ദ്ദേശ പത്രിക നല്കിയാലും സൂക്ഷ്മ പരിശോധനയില്‍ എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് ഈ വിഷയം ഉന്നയിക്കാം. അങ്ങനെ വന്നാല്‍ പത്രിക തന്നെ തള്ളപ്പെടുന്ന സാഹചര്യമുണ്ടാകും.
ചട്ടങ്ങള്‍ പറയുന്നത് എന്ത്?
1954-ലെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്ഷന് നിയമപ്രകാരം ഒരാള്‍ മന്ത്രിയോ സ്പീക്കറോ എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുമ്പോള്‍ എംപി പെന്ഷന് തുകയില്‍ ആനുപാതികമായ കുറവ് വരുത്തേണ്ടതുണ്ട്. എന്നാല്‍ ഈ ചട്ടം ലംഘിച്ചുകൊണ്ടാണ് രാജേഷും കടന്നപ്പള്ളിയും രണ്ട് തുകയും പൂര്‍ണ്ണമായി കൈപ്പറ്റിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ലമെന്ററി റെസിഡ്യൂവറി പെന്ഷന് എത്രയാണെന്നും അത് മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എത്രത്തോളം കുറയ്ക്കണമെന്നും വ്യക്തമാക്കുന്ന രാജ്യസഭാ പേ ആന്റ് അക്കൗണ്ട്സ് ഓഫീസറില്‍ നിന്നുള്ള കത്ത് ഹാജരാക്കാന്‍ പൊതുഭരണ വകുപ്പിനോട് എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 19-നാണ് എ.ജി സര്‍ക്കാരിന് കത്തയച്ചത്.
മന്ത്രിമാരുടെ പെന്ഷന് വിവാദത്തിന് പുറമെ, 1.95 കോടി രൂപയുടെ അക്സസ് കണ്ട്രോള് സിസ്റ്റം ഉപയോഗശൂന്യമായി കിടക്കുന്നതും, വിരമിച്ച ജോയിന്റ് സെക്രട്ടറിയെ ചട്ടങ്ങള്‍ പാലിക്കാതെ പുനര്‍നിയമിച്ചതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സാധാരണക്കാരന് അറിവില്ലായ്മ കൊണ്ട് വാങ്ങുന്ന സാമൂഹിക ക്ഷേമ പെന്ഷന് പോലും പലിശ സഹിതം തിരിച്ചുപിടിക്കാന്‍ ‘കലിതുള്ളുന്ന’ സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാരുടെ ഈ പച്ചയായ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
ജനപ്രതിനിധികള്‍ ലാഭകരമായ പദവികള്‍ വഹിക്കുമ്പോള്‍ ചട്ടവിരുദ്ധമായി പണം കൈപ്പറ്റുന്നത് അവരുടെ നിയമസഭാ അംഗത്വത്തെത്തന്നെ ബാധിച്ചേക്കാം. ചട്ടവിരുദ്ധമായി വാങ്ങിയ തുക ഉടനടി ഖജനാവിലേക്ക് തിരിച്ചടച്ചില്ലെങ്കില്‍ അത് വലിയ നിയമയുദ്ധങ്ങളിലേക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കും വഴിമാറുമെന്ന് ഉറപ്പാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു





