തിരുവനന്തപുരം: കേരള നിയമസഭയിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾ ഏറ്റവും കൂടുതൽ നേരിട്ടത് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നടപ്പ് പതിനഞ്ചാം കേരള നിയമസഭയിൽ 3713 നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളെയാണ് അദ്ദേഹം നേരിട്ടത്.
ഇപ്പോഴത്തെ പതിനഞ്ചാം കേരള നിയമസഭയ്ക്ക് 16 സമ്മേളനങ്ങളാണ് ഉണ്ടായിരുന്നത്. പതിനാറാം സമ്മേളനം ഇന്നലെ അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ഇനി നിയമസഭാ സമ്മേളനം ഉണ്ടാകാൻ സാധാരണ ഗതിയിൽ സാധ്യതയില്ല. എക്സൈസ് വകുപ്പിന്റെ മാത്രമല്ല, തദ്ദേശ സ്വയംഭരണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് എന്നിവയുടെ മന്ത്രിയും എം ബി രാജേഷ് തന്നെ. അതുകൊണ്ടുതന്നെ ഈ വകുപ്പുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടി ഇതിലുണ്ട്.
നിയമസഭയിലെ നക്ഷത്രച്ചിഹ്ന മിടാത്ത ചോദ്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിനാണ്. 3644 ചോദ്യങ്ങളാണ് 16 സമ്മേളനങ്ങളിലും കൂടി അദ്ദേഹം നേരിട്ടത്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് മൂന്നാം സ്ഥാനത്ത്. 3617 ചോദ്യങ്ങൾ നക്ഷത്രചിഹ്നം ഇടാത്ത വിഭാഗത്തിൽ മന്ത്രിക്ക് നേരെ എത്തി.
ശബരിമല കേസില് എന്. വാസുവിനും ജാമ്യം! പ്രമുഖരെല്ലാം പുറത്തേക്ക്; അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമര്ശനം
മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിക്കായി നക്ഷത്രചിഹ്നമിടാത്ത 3556 ചോദ്യങ്ങൾ ഉണ്ടായിരുന്നു. പൊതുഭരണം, അഖിലേന്ത്യാ സർവീസ്, പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ്,സയൻസ്- ടെക്നോളജി ആൻഡ് എൻവിയോൺമെന്റ്, പൊല്യുഷൻ കൺട്രോൾ, ഭരണപരിഷ്കാരം, ഇലക്ഷൻ, സൈനികക്ഷേമം, വിമാനത്താവളം, മെട്രോ റെയിൽ എന്നിങ്ങനെയൊക്കെ ചുമതലയുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ചോദ്യങ്ങളുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് മാത്രമാണ്.
ഏറ്റവും കുറവ് ചോദ്യങ്ങൾ നേരിടേണ്ടിവന്നത് ധനമന്ത്രി കെ എൻ ബാലഗോപാലിനാണ്. 2490 ചോദ്യങ്ങൾക്ക് മാത്രമേ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബാലഗോപാലിന് നക്ഷത്ര ചിഹ്നമിടാത്ത വിഭാഗത്തിൽ നിയമസഭയിൽ മറുപടി പറയേണ്ടി വന്നിട്ടുള്ളൂ.
നിയമ- വ്യവസായ- കയർ വകുപ്പ് മന്ത്രി പി രാജീവ് 2541 ചോദ്യങ്ങൾക്കും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി 2615 ചോദ്യങ്ങൾക്കും സഹകരണ- തുറമുഖ- ദേവസം മന്ത്രി വി എൻ വാസവൻ 2670 ചോദ്യങ്ങൾക്കും പട്ടികജാതി- വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു 2752 ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടി വന്നിട്ടുണ്ട്.
2802 ചോദ്യങ്ങളാണ് വനംമന്ത്രി എ കെ ശശീന്ദ്രന് നേരിടേണ്ടിവന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് 2881 ചോദ്യങ്ങളും സാംസ്കാരിക- ഫിഷറീസ് മന്ത്രി സജി ചെറിയാന് 2955 ചോദ്യങ്ങളും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് 3062 ചോദ്യങ്ങളും നേരിടേണ്ടി വന്നു.
പതിനാറു സഭാ സമ്മേളനങ്ങളിലുമായി 3159 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടി പറയാനായി ഉണ്ടായിരുന്നത്. റവന്യൂ മന്ത്രി കെ രാജന് 3240 ചോദ്യങ്ങളും രജിസ്ട്രേഷൻ- മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് 3250 ചോദ്യങ്ങളും കൃഷിമന്ത്രി പി പ്രസാദിന് 3305 ചോദ്യങ്ങളും മറുപടി പറയാനായി ഉണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു 3370 ചോദ്യങ്ങളും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ 3397 ചോദ്യങ്ങളും കായിക- ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുൽ റഹ്മാൻ 3440 ചോദ്യങ്ങളും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി 3465 ചോദ്യങ്ങളും നക്ഷത്രചിഹ്നമിടാത്ത വിഭാഗത്തിൽ നേരിട്ടിട്ടുണ്ട്.


കേരളത്തിൽ മഴ സജീവമാകുന്നു ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്





