ഔദ്യോഗിക ആവശ്യങ്ങള്‍ക്കെന്ന വ്യാജേന യുവതിയെ ബോസ് കൃഷ്ണമാചാരി ഫോര്‍ട്ട് കൊച്ചിയിലുള്ള തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി; മുന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; ബിനാലെയില്‍ വേണു നീതിയൊരുക്കിയ കഥ

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനില്‍ വന്‍ പൊട്ടിത്തെറി. ബിനാലെയുടെ മുഖവും ഫൗണ്ടേഷന്‍ പ്രസിഡന്റുമായ പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയുടെ പെട്ടെന്നുള്ള രാജിയുടെ യഥാര്‍ത്ഥ കാരണം പുറത്തുവന്നു. കുടുംബപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണമെങ്കിലും, ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് ഈ പടിയിറക്കമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
ബിനാലെ ഫൗണ്ടേഷനില്‍ ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍ തന്നെ ജോലി ചെയ്യുന്ന ഒരു യുവതിയാണ് പരാതിക്കാരി. കലാലോകത്തെ തന്നെ ഞെട്ടിച്ച ഈ ആരോപണത്തില്‍ ബിനാലെയുടെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്ക് (ഐസിസി) മുന്‍പാകെയാണ് യുവതി രേഖാമൂലം പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം, അതായത് 2025 ഡിസംബര്‍ 28-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെന്ന വ്യാജേന യുവതിയെ ബോസ് കൃഷ്ണമാചാരി ഫോര്‍ട്ട് കൊച്ചിയിലുള്ള തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണെന്ന വിശ്വാസത്തില്‍ എത്തിയ യുവതിയോട് അദ്ദേഹം വളരെ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്. സംസാരത്തില്‍ ലൈംഗിക ചുവ കലര്‍ത്തുകയും, അതിന് പിന്നാലെ ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് യുവതി ഐസിസിക്ക് നല്‍കിയ പരാതിയില്‍ അസന്നിഗ്ധമായി വ്യക്തമാക്കുന്നു.
പരാതി ലഭിച്ചയുടന്‍ തന്നെ ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ വി. വേണു വിഷയം അതീവ ഗൗരവത്തിലെടുത്തു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പോഷ് നിയമപ്രകാരം ഉടനടി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉന്നത സ്വാധീനമുള്ള വ്യക്തിയായിട്ടും ബോസ് കൃഷ്ണമാചാരിക്ക് ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് യാതൊരുവിധ സംരക്ഷണവും ലഭിച്ചില്ല എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. വി. വേണു കര്‍ശന നിലപാട് സ്വീകരിച്ചതോടെ, എത്ര വലിയ ആളാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന സന്ദേശമാണ് ഫൗണ്ടേഷന്‍ നല്‍കിയത്.
പോഷ് നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി, ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ വി. വേണു ബോസ് കൃഷ്ണമാചാരിയോട് ആവശ്യപ്പെടുകയായിരുന്നു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്റെ ഈ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് ജനുവരി 14-ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എന്നാല്‍, പുറത്തേക്കുള്ള ഈ പടിയിറക്കം കേവലം ‘കുടുംബപരമായ കാരണങ്ങള്‍’ കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ബോസിന്റെ ശ്രമം. രാജിക്കത്തില്‍ അദ്ദേഹം ഈ വാദമാണ് ഉന്നയിച്ചത്. പക്ഷേ, ഐസിസിക്ക് ലഭിച്ച പരാതിയും വി. വേണുവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ഈ രാജിക്ക് പിന്നിലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
ഈ സംഭവം ബിനാലെ ഐസിസിയും നേതൃത്വവും അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്‌തെങ്കിലും, വിഷയം ഇതുവരെ പോലീസിന് മുന്‍പാകെ എത്തിയിട്ടില്ല. പോഷ് നിയമപ്രകാരം ഫൗണ്ടേഷന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ചുവെങ്കിലും, പോലീസില്‍ ഒരു ഔദ്യോഗിക പരാതി നല്‍കാന്‍ ഇരയായ യുവതിക്ക് നിലവില്‍ താല്പര്യമില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതിനാല്‍ തന്നെ പോലീസ് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.