തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും കഠിനതടവും പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് വിധി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊല്ലം വാളകം സ്വദേശിയുമായ കെ.രാജൻ, മുൻ ക്ലർക്കും ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കുമായ തിരുവനന്തപുരം തട്ടത്തുമല സ്വദേശി റിയാസ് കലാം എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിയാസ് കലാം ഒന്നാം പ്രതിയും രാജൻ രണ്ടാം പ്രതിയുമായിരുന്നു.
ഇരുവരെയും 27 വർഷം കഠിന തടവിനും 4,54,045രൂപ പിഴ ഒടുക്കണമെന്നുമാണ് ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജിന്റെതാണ് വിധി. അധ്യാപകരുടെ പി എഫ് വായ്പകളിലും മറ്റു ധനകാര്യ ഇടപാടുകളിലും ക്രമക്കേടുകളും തിരിമറിയും നടത്തി സർക്കാർ പണം അപഹരിച്ചു എന്നായിരുന്നു വിജിലൻസ് കേസ്.
2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെയുള്ള കാലയളവിൽ കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ റിയാസ് കലാം ക്ലർക്കായും കെ.രാജൻ ഹെഡ്മാസ്റ്ററായും ജോലി നോക്കിയിരുന്നു. റിയാസ് കലാം സ്കൂളിലെ ഓഫീസ് കാര്യങ്ങളും ശമ്പള ബില്ലും സ്പാർക്ക് സംബന്ധമായ ചുമതലകളും നിർവഹിച്ചു വരവേ രാജനുമായി ചേർന്ന് സ്കൂളിൽ നിന്നും 2014 മാർച്ച് മാസത്തിൽ സർവീസിൽ നിന്നും വിരമിച്ച 2 അധ്യാപകരുടെ പേരുകളിൽ ശമ്പള ബില്ലുകൾ കളവായി ഉൾപ്പെടുത്തി പണം അപഹരിച്ചെടുക്കുകയും അധ്യാപകർക്ക് വിതരണം ചെയ്യേണ്ട ശമ്പളം, വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് തുക, സ്റ്റൈഫന്റ്, ലാംസം ഗ്രാന്റ് എന്നിവയിൽ സാമ്പത്തിക തിരിമറി നടത്തുകയും ചെയ്ത് 7,88,089 രൂപ അപഹരിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലെ മുൻ ഡിവൈ എസ് പി മാരായ ആർ മഹേഷ്, എ. അബ്ദുൾ വഹാബ്, ഇൻസ്പെക്ടർമാരായിരുന്ന ഇ.പി.റെജി, എ എസ് സജി ശങ്കർ, വി ജോഷി എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.


നഗരത്തിൽ വിലക്കുള്ള പ്രതി വീണ്ടും അക്രമം നടത്തി; ആഷിക്കിനെ പൂട്ടി തിരുവനന്തപുരം പോലീസ്
മനുഷ്യക്കടത്തിന് സമാനമായ ഗുരുതരമായ കുറ്റകൃത്യം; സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി അവയവദാന തട്ടിപ്പ്; നജീബിന്റെ പ്ലാനുകള്‍ ഞെട്ടിക്കുന്നത്; സുദര്ശന് ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം, ആശുപത്രികളും പരിധിയില്‍





