എഡിജിപിയുടെ കസേര തെറിക്കും; രക്ഷാ പ്രവര്‍ത്തന കേസ് എഡിജിപി എം.ആര്‍. അജിത് കുമാറിലേക്ക്; ക്രമസമാധാന ചുമതല തെറിച്ചേക്കും; പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി; വിധി 26-ന്; ഗണ്‍മാന്മാര്‍ ഗണ്‍മോന്‍ ആകുമോ? ‘രക്ഷാ പ്രവര്‍ത്തനം’ ചര്‍ച്ചകളില്‍

ആലപ്പുഴ: മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച നവകേരള സദസ്സിലെ യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനക്കേസില്‍ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ നേരിട്ട് ഇടപെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. എഡിജിപിയുടെ കസേര തെറിച്ചേക്കാവുന്ന രീതിയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ  നീക്കങ്ങള്‍ വഴിമാറിക്കഴിഞ്ഞു. ഇതിനിടെ കേസില്‍ പ്രതികളായ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.
കേസ് അട്ടിമറിക്കുന്നതിലും യഥാര്‍ത്ഥ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുന്നതിലും എഡിജിപിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആലപ്പുഴയിലെ ലോക്കല്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും ഇല്ലാതാക്കാന്‍ ഉന്നതതല ശ്രമം നടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്താന്‍ നിര്‍ദ്ദേശ നല്‍കിയത് എഡിജിപി എം.ആര്‍. അജിത് കുമാറാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ എഡിജിപിയെ മാറ്റിയേക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എക്‌സൈസ് കമ്മീഷണറാണ് അജിത് കുമാര്‍.
കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി എസ്‌ഐടി ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിപ്പട്ടികയിലെ പ്രമുഖര്‍: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്. സന്ദീപ്, അകമ്പടി വാഹനത്തിലുണ്ടായിരുന്ന പോലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് നിലവിലെ പ്രതികള്‍. കൂടുതല്‍ പ്രതികള്‍ ഉടന്‍: സുരക്ഷാസേനയിലെ മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനായി അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ അംഗരക്ഷകരെ അടുത്ത ആഴ്ച വിളിച്ചുവരുത്തി മൊഴിയെടുക്കും. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ ഉടനുണ്ടാകും.
നടപടികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നിയമപരമായ പഴുതുകള്‍ അടച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ആഭ്യന്തര വകുപ്പ് നടത്തുന്നത്. അന്വേഷണം മുറുകിയതോടെ അറസ്റ്റ് മുന്നില്‍ക്കണ്ട് പ്രതികളായ അനില്‍കുമാറും സന്ദീപും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയെന്ന ഔദ്യോഗിക കൃത്യനിര്‍വഹണമാണ് തങ്ങള്‍ ചെയ്തതെന്നും അറസ്റ്റിലായി 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ ജോലി നഷ്ടപ്പെടുമെന്നുമാണ് ഹര്‍ജിയിലെ വാദം. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 26-ന് കോടതി പരിഗണിക്കും.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന വാഹനത്തില്‍ നിന്നിറങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത് എങ്ങനെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍ വരിക എന്നതാകും കോടതി പ്രധാനമായും പരിശോധിക്കുക. കേസിന് ആസ്പദമായ സംഭവം: 2023 ഡിസംബര്‍ 15-നായിരുന്നു കേരള രാഷ്ട്രീയത്തെ ഉലച്ച മര്‍ദ്ദനം നടന്നത്. നവകേരള സദസ്സിന്റെ ബസ് കടന്നുപോയപ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു നേതാക്കളെ ലോക്കല്‍ പോലീസിന്റെ മുന്നിലിട്ടാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ട് മര്‍ദ്ദിച്ചത്.
നിലവില്‍ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നത്. സുരക്ഷാ ജീവനക്കാരുടെ ഈ നഗ്‌നമായ നിയമലംഘനത്തെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് പറഞ്ഞ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ന്യായീകരിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.