ശ്രീലേഖയ്ക്ക് നിയമസഭയിലും സീറ്റില്ല? മേയര്‍ സ്ഥാനത്തിന് പിന്നാലെ വീണ്ടും കടുംവെട്ട്; ബിജെപിയില്‍ ‘ഡിജിപി’ ഔട്ടാകുന്നു?

തിരുവനന്തപുരം: ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അകലം പാലിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ നടപടി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നു. കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്ന് വെട്ടിനിരത്തിയതിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രീലേഖയെ പരിഗണിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ബിജെപി സംസ്ഥാന നേതൃത്വവും ആര്‍എസ്എസും എത്തിയതായാണ് സൂചന. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ശ്രീലേഖയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി.
തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരം പിടിച്ചാല്‍ മേയര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പിലായിരുന്നു ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നതും ശാസ്തമംഗലത്ത് നിന്ന് ജനവിധി തേടിയതും. എന്നാല്‍ ഭരണം പിടിച്ചപ്പോള്‍ വി.വി. രാജേഷിനായി ആര്‍എസ്എസ് കരുനീക്കിയതോടെ ശ്രീലേഖ തഴയപ്പെട്ടു. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രലിലോ വട്ടിയൂര്‍ക്കാവിലോ ശ്രീലേഖയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി വേദികളില്‍ അവര്‍ പുലര്‍ത്തുന്ന വിമുഖതയും നേതൃത്വത്തോടുള്ള അതൃപ്തിയും ആയുധമാക്കി ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. പാര്‍ട്ടി കേഡര്‍ സ്വഭാവമുള്ളവര്‍ മതി സ്ഥാനാര്‍ത്ഥികളെന്ന നിലപാടിലാണ് ആര്‍എസ്എസ്.
പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ശ്രീലേഖ പുലര്‍ത്തിയ നിസ്സംഗത നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലിരുന്നിട്ടും അദ്ദേഹത്തോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ ശ്രീലേഖ തയ്യാറായില്ല. മേയര്‍ വി.വി. രാജേഷിനെ മോദി ആലിംഗനം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തപ്പോള്‍ സദസ്സ് ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായില്ല. മോദി മടങ്ങുമ്പോള്‍ യാത്രയാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഓടിയെത്തിയപ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് മാറി തനിച്ച് നില്‍ക്കുകയായിരുന്നു അവര്‍.
വിഷയം വിവാദമായതോടെ പോലീസ് ജീവിതത്തിലെ അച്ചടക്കം കാരണമാണ് പ്രധാനമന്ത്രിയുടെ അടുത്ത് പോകാതിരുന്നതെന്ന് ശ്രീലേഖ വിശദീകരിച്ചെങ്കിലും ഇത് മുഖവിലയ്‌ക്കെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറല്ല. ‘ക്ഷണിക്കാതെ എവിടെയും പോകരുതെന്ന പരിശീലനമാണ് മുപ്പത്തിമൂന്നര വര്‍ഷത്തെ പോലീസ് ജീവിതം എനിക്ക് നല്‍കിയത്. പ്രധാനമന്ത്രി വരുമ്പോള്‍ എനിക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് ഇരിക്കുക എന്നതാണ് ഒരു പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ കടമയെന്നു ഞാന്‍ കരുതി. ആരും ഇത് തെറ്റിദ്ധരിക്കേണ്ട,’ എന്നായിരുന്നു ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പ്രധാനമന്ത്രിയെപ്പോലൊരു നേതാവ് എത്തുമ്പോള്‍ പാര്‍ട്ടി ഭാരവാഹി എന്ന നിലയില്‍ പുലര്‍ത്തേണ്ട ഊഷ്മളത ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് നിയമസഭാ സീറ്റ് നിഷേധിക്കാനുള്ള പ്രധാന കാരണമായി നേതൃത്വം ഉയര്‍ത്തിക്കാട്ടുന്നു.
രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായ ശേഷം നടന്ന പുനഃസംഘടനയില്‍ ശ്രീലേഖയെ വൈസ് പ്രസിഡന്റാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ക്ക് താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തുണ്ട്. മേയര്‍ സ്ഥാനത്തിന് പിന്നാലെ നിയമസഭാ സീറ്റും നഷ്ടപ്പെട്ടാല്‍ ശ്രീലേഖ പാര്‍ട്ടിയില്‍ വെറും കൗണ്‍സിലര്‍ പദവിയില്‍ ഒതുങ്ങേണ്ടി വരും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.