ശ്രീലേഖയ്ക്ക് ‘റെഡ് സിഗ്നല്‍’; വട്ടിയൂര്‍ക്കാവിലും വെട്ടി ആര്‍എസ്എസ്; ‘പോടാ പുല്ലേ’ പ്രയോഗം വിനയായി; ശ്രീലേഖയെ ഒരു സീറ്റിലും മത്സരിപ്പിക്കില്ലെന്ന് ആര്‍എസ്എസ്; രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയില്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. ശ്രീലേഖയ്ക്ക് സീറ്റ് നല്‍കുന്നതിനെതിരെ ആര്‍എസ്എസ് നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സംഘപരിവാര്‍ സംഘടനകള്‍ക്കിടയിലും ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ച ശേഷം പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് നേരിട്ട് സീറ്റ് നല്‍കുന്നത് വര്‍ഷങ്ങളായി പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ആര്‍എസ്എസ് കരുതുന്നു. ശ്രീലേഖയെ മത്സരിപ്പിച്ചാല്‍ മണ്ഡലത്തില്‍ വിജയസാധ്യത കുറവാണെന്നും അവര്‍ക്ക് പകരം ജനകീയ മുഖങ്ങളെ കണ്ടെത്തണമെന്നുമാണ് സംഘടനാ നിലപാട്.

ശ്രീലേഖയെ ഏതെങ്കിലും പ്രധാന മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ ബിജെപി നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ആര്‍എസ്എസിന്റെ കടുത്ത എതിര്‍പ്പ് തിരിച്ചടിയായിരിക്കുകയാണ്. ഒരു സീറ്റിലും അവരെ പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം വന്നതോടെ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനം ചോദ്യചിഹ്നമായി മാറുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ബിജെപിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ, സംഘടനാ സംവിധാനത്തിന്റെ ഈ നിലപാട് പാര്‍ട്ടി നേതൃത്വത്തിന് മറികടക്കാന്‍ പ്രയാസമായിരിക്കും. വരും ദിവസങ്ങളില്‍ കേന്ദ്ര നേതൃത്വം ഇതില്‍ ഇടപെട്ടാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ശ്രീലേഖയെ മത്സരിപ്പിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും രാഷ്ട്രീയമായി എതിരാളികള്‍ക്ക് ആയുധം നല്‍കുമെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മേയര്‍ സ്ഥാനം നിഷേധിച്ചപ്പോള്‍ തന്നെ തഴഞ്ഞ നേതൃത്വത്തോട് അതൃപ്തിയുള്ളതായി ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. നിയമസഭാ സീറ്റും നിഷേധിക്കപ്പെട്ടാല്‍ അവര്‍ കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ജനങ്ങളെ സേവിക്കുമെന്നാണ് അവരുടെ ഔദ്യോഗിക നിലപാട്. പോടാ പുല്ലേ എന്ന് പറഞ്ഞ് പോകില്ലെന്നും വിശദീകരിച്ചു. ഇതും ആര്‍ എസ് എസിനെ ചൊടുപ്പിച്ചു.

ബിജെപി സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഏതെങ്കിലും എ ക്ലാസ് മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും, ആര്‍എസ്എസിന്റെ ‘വെട്ടല്‍’ ബിജെപിയില്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കും. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ജനറല്‍ സെക്രട്ടറി എസ് സുരേഷുമാണ് ശ്രീലേഖയ്ക്ക് ഉറപ്പുകള്‍ നല്‍കിയത്. വട്ടിയൂര്‍ക്കാവിലേക്കാണ് ശ്രീലേഖയെ പരിഗണിച്ചത്. എന്നാല്‍ ഈ സീറ്റില്‍ ആര്‍ എസ് എസ് തീരുമാനം നിര്‍ണ്ണായകമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.