ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമം; സംസ്ഥാനം വീണ്ടും ആവേശകരമായ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് നടക്കും. കേരളം ആരെ വാഴിക്കുമെന്നറിയാനുള്ള വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് സംസ്ഥാനത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന തീയതികള്‍ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാകാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം. മാര്‍ച്ച് 16-ന് ഗസറ്റ് വിജ്ഞാപനം വരുന്നതോടെ പത്രിക നല്കാന് മുന്നണികള്‍ക്ക് മുന്നിലുള്ളത് വെറും എട്ടുദിവസം മാത്രം!
തിരഞ്ഞെടുപ്പ് സമയക്രമം ഒറ്റനോട്ടത്തില്‍:
ഗസറ്റ് വിജ്ഞാപനം: മാര്‍ച്ച് 16
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 23
സൂക്ഷ്മപരിശോധന: മാര്‍ച്ച് 24
പത്രിക പിന്‍വലിക്കാന്‍: മാര്‍ച്ച് 26
വോട്ടെടുപ്പ് (പോളിങ്): ഏപ്രില്‍ 9
വോട്ടെണ്ണല്‍: മെയ് 4
നാടും നഗരവും ഇളക്കിമറിച്ച് പ്രചാരണം നടത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇനി ലഭിക്കുന്നത് വെറും 24 ദിവസങ്ങള്‍ മാത്രമാണ്! പത്രിക സമര്‍പ്പിക്കാനുള്ള സമയം കുറവായതിനാല്‍ വരും മണിക്കൂറുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പാര്‍ട്ടികളുടെ കൂട്ടപ്പാച്ചിലായിരിക്കും കേരളം കാണുക.
കന്നിയങ്കത്തിന് 4.24 ലക്ഷം യുവവോട്ടര്‍മാര്‍; വോട്ടിങ് യന്ത്രത്തില്‍ ഇനി ‘കളര്‍ ഫോട്ടോ’
സംസ്ഥാനത്തുടനീളം 30,471 പോളിങ് ബൂത്തുകളാണ് ഇത്തവണ വോട്ടര്‍മാര്‍ക്കായി സജ്ജമാക്കുന്നത്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും 1.82 കോടി പുരുഷ വോട്ടര്‍മാരുമാണ് ഇക്കുറി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയം കന്നിവോട്ട് ചെയ്യാന്‍ എത്തുന്ന 4.24 ലക്ഷം യുവവോട്ടര്‍മാരാണ്. ഇവരായിരിക്കും ഒരുപക്ഷേ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ തലവര മാറ്റിയെഴുതുക.
ഇത്തവണ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ‘കളര്‍ ഫോട്ടോ’ പതിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നടത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കമ്മിഷന് പ്രഖ്യാപിച്ചു വരികയാണ്. ഈ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ കമ്മിഷന് സന്ദര്‍ശനം നടത്തി സുരക്ഷാ-ഭരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തീയതികള്‍ പ്രഖ്യാപിച്ചതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേട്ടക്കാരന് ഇതാ ഓടിയൊളിക്കുന്നു; പീഡനക്കേസില്‍ കുടുങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് അലന് മാത്യു മുങ്ങി; തിരയാന്‍ പ്രത്യേക സംഘം; സി.പി.എമ്മിന് പ്രഹരം





