തിരുവനന്തപുരം: പോലീസ് സേനയെ പരസ്യമായി അധിക്ഷേപിക്കുകയും സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ നിര്‍ണ്ണായക നീക്കവുമായി കേരള പോലീസ്. വട്ടിയൂര്‍ക്കാവില്‍ നടന്ന ബിജെപി പ്രതിഷേധ മാര്‍ച്ചില്‍ പോലീസിനെതിരെ അശ്ലീലച്ചുവയുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. ശ്രീലേഖയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തുടക്കത്തില്‍ ശ്രീലേഖയെ ഒഴിവാക്കി രണ്ട് കൗണ്‍സിലര്‍മാര്‍ക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കുമെതിരെയായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍, സേനയെ ഒന്നടങ്കം അപമാനിച്ച മുന്‍ ഉന്നത ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് ആഭ്യന്തര വകുപ്പ് നിലപാട് കടുപ്പിച്ചത്. ശ്രീലേഖയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് കോടതിയില്‍ പോലീസ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ കേസിലെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം പുതിയ തലത്തിലെത്തി.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നേരിട്ടാണ് ആര്‍. ശ്രീലേഖയുടെ നടപടിക്കെതിരെ രംഗത്തുവന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശ്രീലേഖ തന്റെ സഹപ്രവര്‍ത്തകയും മുതിര്‍ന്ന ഉദ്യോഗസ്ഥയുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച ഡിജിപി, സേനയോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ മുന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് വിമര്‍ശിച്ചു. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശന നടപടി വേണമെന്നാണ് ഐപിഎസ് അസോസിയേഷന്റെയും നിലപാട്.
വട്ടിയൂര്‍ക്കാവില്‍ ‘രാജയോഗം’ വരുമോ? ആദിത്യ വര്‍മ്മയ്ക്കായി വലവിരിച്ച് കോണ്്രസും ബിജെപിയും; സാധ്യത തള്ളാതെ പ്രിന്‍സ് ആദിത്യ വര്‍മ്മ
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ ആദരിക്കപ്പെട്ടിരുന്ന വ്യക്തി തന്നെ ‘പോടോ പുല്ലേ പോലീസേ’ എന്ന മുദ്രാവാക്യം വിളിച്ചത് സേനയ്ക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിരമിച്ച ശേഷം രാഷ്ട്രീയ ചായ്വുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, താന്‍ വര്‍ഷങ്ങളോളം നയിച്ച ഒരു സേനയെ ഇത്തരത്തില്‍ തരംതാഴ്ത്തി സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പോലീസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇത് സേനയിലെ ജൂനിയര്‍ ഉദ്യോഗസ്ഥരില്‍ മോശം സ്വാധീനം ചെലുത്തുമെന്നും അവര്‍ വിലയിരുത്തുന്നു.
വട്ടിയൂര്‍ക്കാവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സ്റ്റേഷന്‍ മാര്‍ച്ചിലായിരുന്നു ശ്രീലേഖയുടെ ഈ വിവാദ പ്രകടനം. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പോലീസിനെതിരെ അവര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുന്‍പ് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയ ഒരാള്‍ തന്നെ നിയമലംഘനത്തിന് മുന്നില്‍ നില്‍ക്കുന്നത് പോലീസിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്.
ശ്രീലേഖയ്ക്കൊപ്പം മറ്റൊരു മുന്‍ ഡിജിപി ടി.പി. സെന്‍കുമാറും പോലീസിനെതിരെ ഭീഷണി മുഴക്കി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മുന്‍ ഡിജിപിമാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെപ്പോലെ പെരുമാറുന്നത് കേരള പോലീസിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പല റിട്ടയേര്‍ഡ് ഓഫീസര്‍മാരും പ്രതികരിച്ചു. സെന്‍കുമാറിനെതിരെയും നിയമനടപടികള്‍ ആലോചനയിലാണെന്നാണ് വിവരം. ഇരുവരുടെയും സാന്നിധ്യം പ്രതിഷേധക്കാര്‍ക്ക് വലിയ ആവേശം നല്‍കിയിരുന്നെങ്കിലും അത് നിയമപരമായി അവര്‍ക്ക് വലിയ കുരുക്കായി മാറുകയാണ്.
രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, കലാപാഹ്വാനം നടത്തുക തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കോടതിയുടെ അനുമതിയോടെയുള്ള അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങുന്നതും അതുകൊണ്ടാണ്.
അന്വേഷണ സംഘം നല്‍കുന്ന നോട്ടീസ് പ്രകാരം തിരുവനന്തപുരം സിറ്റി പോലീസിന് മുന്നില്‍ ശ്രീലേഖ ഹാജരാകേണ്ടി വരും. ചോദ്യം ചെയ്യലില്‍ മുദ്രാവാക്യം വിളിച്ചത് സംബന്ധിച്ചും സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയോ എന്നതിനെക്കുറിച്ചും വ്യക്തത തേടും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്താല്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.


സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ അനാശാസ്യവും ഭീഷണിയും! ഇത് സര്‍ക്കാരിനും നാണക്കേട്; സ്പാ പൂട്ടിച്ചു… പക്ഷെ എല്ലാവരും ‘സേഫ്’; കേസില്ലാതെ പ്രതികള്‍ തടിയൂരും; ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’യില്‍ പോലീസ് അന്വേഷണം ഇല്ല





