വോട്ട് അസാധുവാക്കിയ ‘കളി’ മനഃപൂര്‍വ്വമോ? ശ്രീലേഖയുടെ വീഴ്ചകളില്‍ കടുത്ത അതൃപ്തിയുമായി ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും; വിഴിഞ്ഞം ഫലം വന്നാല്‍ കളിമാറും; താമര വിരിഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അട്ടിമറിയുണ്ടാകുമോ?

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ തുടര്‍ച്ചയായ വീഴ്ചകളില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. നഗരാസൂത്രണ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. അതിനിടെ ശ്രീലേഖയെ മേയറാക്കിയിരുന്നുവെങ്കില്‍ എന്താകുമാകായിരുന്നു അവസ്ഥയെന്ന ചോദ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് ആര്‍ എസ് എസ് ചോദിച്ചു കഴിഞ്ഞു. ആര്‍ എസ് എസ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. വിവി രാജേഷ് തന്നെയാണ് മേയറാകാന്‍ യോഗ്യന്‍. ഇതാണ് പരിവാറുകാര്‍ ഇപ്പോള്‍ പറയുന്നത്.

ശ്രീലേഖ ബാലറ്റില്‍ ഒപ്പിടാന്‍ മറന്നതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. വോട്ടിംഗ് രീതിയെക്കുറിച്ച് കൗണ്‍സിലര്‍മാര്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ച ക്ലാസില്‍ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങളാണ് ശ്രീലേഖയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ബിജെപിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് ഇതിനെല്ലാം പിന്നിലെന്നാണ് സൂചന. ആര്‍ എസ് എസിനും ഇതേ നിലപാടാണുള്ളത്.

നേരത്തെ, മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഘോഷങ്ങളില്‍ നിന്ന് ശ്രീലേഖ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് മേയര്‍ വി.വി. രാജേഷും ജി.എസ്. ആശാനാഥും വീട്ടിലെത്തി അനുനയിപ്പിച്ചാണ് ഇവരെ പാര്‍ട്ടി പരിപാടികളില്‍ സജീവമാക്കിയത്. തനിക്ക് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് മത്സരിപ്പിച്ചതെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലും നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേരത്ത ഉപാധികളൊന്നുമില്ലാതെയാണ് മത്സരം എന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇതിന് ശേഷം നിലപാട് മാറ്റിയത് നേതൃത്വത്തിനേയും വെട്ടിലാക്കി. ശ്രീലേഖയുടെ നിലപാട് കോര്‍പ്പറേഷനില്‍ ബിജെപിക്ക് നിര്‍ണ്ണായകമാണ്.

അതേസമയം, ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിപ്പിക്കണമെന്ന തന്റെ ആവശ്യത്തിന് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരിഭവം ശ്രീലേഖയ്ക്കുമുണ്ട്. തുടര്‍ച്ചയായ ഇത്തരം വിവാദങ്ങള്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ജില്ലാ നേതൃത്വം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതോടെ തലസ്ഥാനത്തെ രാഷ്ട്രീയ ചിത്രം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്.

2025 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ ഭരണത്തിലേറിയത്. വി.വി. രാജേഷ് മേയറായും ജി.എസ്. ആശാനാഥ് ഡെപ്യൂട്ടി മേയറായും ചുമതലയേറ്റു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്നെങ്കിലും സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബിജെപി കന്നിഭരണം ഉറപ്പിച്ചത്. എന്നാല്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യമായത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ശ്രീലേഖയുടെ നിലപാടുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.

മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ പരസ്യമാക്കിയതും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് അസാധുവായതും പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റില്‍ ഒപ്പിടാന്‍ ശ്രീലേഖ മറന്നത് മനഃപൂര്‍വ്വമാണോ എന്ന സംശയം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

അതേസമയം, 29 സീറ്റുകളിലേക്ക് ഒതുങ്ങിയ എല്‍ഡിഎഫ് ഭരണകക്ഷിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ്. 19 സീറ്റുകള്‍ നേടിയ യുഡിഎഫ് സഭയില്‍ തങ്ങളുടെ സാന്നിധ്യം മുന്‍പത്തേക്കാള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഇതോടെ പ്രതിപക്ഷത്തിന് ഒരു അംഗത്തെ കൂടി കൂടെ കിട്ടും. ബിജെപിക്ക് സ്വാധീനക്കുറവുള്ള മണ്ഡലമാണ് അത്. ഈ സാഹചര്യത്തില്‍ ്‌സ്വതന്ത്രന്‍ കൂറുമാറിയാല്‍ ബിജെപിയുടെ ഭരണവും കോര്‍പ്പറേഷനില്‍ വെല്ലുവിളിയാകും. ഇത് മനസ്സിലാക്കിയാണ് വോട്ട് അസാധു കളിയെന്ന സംശയവും സജീവമായി മാറുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് സിപിഎമ്മും കോണ്‍ഗ്രസും അടുക്കാത്തത്. എന്നാല്‍ അതിന് ശേഷം സ്വതന്ത്രനെ മേയറാക്കി തിരുവനന്തപുരത്ത് ബിജെപിയ്ക്ക് തിരിച്ചടി കൊടുക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാകുമെന്നും വിലയിരുത്തലുണ്ട്. രണ്ടു സ്വതന്ത്രന്മാരും ബിജെപി വിരുദ്ധ ചേരിയില്‍ എത്തിയാല്‍ എന്തും സംഭവിക്കാം. ബിജെപിക്കൊപ്പമുള്ള പാറ്റൂര്‍ രാധാകൃഷ്ണനെ മേയറാക്കിയുള്ള നീക്കം ഏത് സമയവും പ്രതിപക്ഷം തുടങ്ങാന്‍ സാധ്യതയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.