തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പുകയുമ്പോഴും ഹൈക്കമാന്‍ഡ് മൗനം പാലിക്കുന്നത് ഇവരെ കൂടുതല്‍ ചൊടിപ്പിക്കുന്നു.
മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പുകള്‍ തിരിഞ്ഞ് ലോബിയിങ് നടത്തേണ്ടതില്ലെന്ന പൊതുതീരുമാനം ലംഘിക്കപ്പെട്ടുവെന്നാണ് സതീശന്‍ പക്ഷത്തിന്റെ ആരോപണം. കെ.സി. വേണുഗോപാലിനായി കെ.പി.സി.സി. മുന്‍ പ്രസിഡന്റ് തന്നെ നേരിട്ട് രംഗത്തിറങ്ങിയത് ഉചിതമായില്ലെന്ന് ഇവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. കൃത്യമായ ചട്ടക്കൂടോടെ നീങ്ങുന്ന വി.ഡി. പക്ഷത്തിന് കെ സുധാകരന്റെ നീക്കം കനത്ത തിരിച്ചടിയായിരിക്കുകയാണ്.
രമേശ് ചെന്നിത്തലയും സുധാകരന്റെ പ്രസ്താവനയില്‍ അസ്വസ്ഥനാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ട തനിക്ക് മുകളിലൂടെ പുതിയ പേരുകള്‍ ഉയരുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. വി.ഡി. സതീശനും ചെന്നിത്തലയും കെ.സി. വേണുഗോപാലും ഒരുപോലെ മുഖ്യമന്ത്രി മോഹികളായിരിക്കെ, ഇതിലൊരാള്‍ക്കായി മുന്‍ പ്രസിഡന്റ് പരസ്യമായി നിലകൊണ്ടത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകും.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയ വിലക്ക് മറികടന്നാണ് സുധാകരന്‍ ആദ്യം ഫേസ്ബുക്ക് പോസ്റ്റിട്ടതും പിന്നീട് ഡല്‍ഹിയില്‍ പോയി ഖര്‍ഗെയെ കണ്ടുവെന്ന് അവകാശപ്പെട്ടതും. ഹൈക്കമാന്‍ഡിനെ കണ്ട് കെ.സിയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ സതീശന്‍ പക്ഷം ഗൗരവത്തോടെയാണ് കാണുന്നത്.
വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി കത്ത് നല്‍കിയിരുന്നു. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാകാത്തതിലാണ് സതീശന്റെ പരിഭവം. അച്ചടക്കം കര്‍ശനമാക്കേണ്ട സമയത്ത് ഹൈക്കമാന്‍ഡ് കണ്ണടയ്ക്കുന്നത് മനപ്പൂര്‍വ്വമാണോ എന്ന സംശയവും വി.ഡി. പക്ഷം ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഇപ്പോഴല്ലെന്നും എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും നേതൃത്വം അനൗദ്യോഗികമായി അറിയിക്കുന്നുണ്ട്. എന്നിട്ടും സുധാകരന്‍ ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോകുന്നത് അനാവശ്യമാണെന്ന് സതീശന്‍ പക്ഷം കുറ്റപ്പെടുത്തുന്നു.
കെ.സി. വേണുഗോപാലിന് അനുകൂലമായി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുമ്പോള്‍ സതീശന്‍ തനിച്ചാകുന്നുണ്ടോ എന്ന വിലയിരുത്തലുകളും സജീവമാണ്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തനിക്കുള്ള സ്വാധീനം വോട്ടെടുപ്പില്‍ തുണയ്ക്കുമെന്ന് വി.ഡി. സതീശന്‍ വിശ്വസിക്കുന്നു. മറുവശത്ത് ചെന്നിത്തലയാകട്ടെ എ ഗ്രൂപ്പിന്റെ പിന്തുണയും ഹൈക്കമാന്‍ഡിലെ പഴയ ബന്ധങ്ങളും ഉപയോഗിച്ച് കരുനീക്കുന്നു.
ഗ്രൂപ്പ് പോര് പരസ്യമായതോടെ താഴേത്തട്ടിലുള്ള അണികളും ആശയക്കുഴപ്പത്തിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള കടിപിടി വോട്ട് കുറയാന്‍ കാരണമാകുമെന്ന് നേതാക്കള്‍ ആശങ്കപ്പെടുന്നു. വി.ഡി. സതീശന്റെയും ചെന്നിത്തലയുടെയും നീരസം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ഉടന്‍ എത്തിയേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൗണ്ടര്‍ ഇന്സര്ജന്സിയില് വിദഗ്ദ്ധന്; ഇഡി കേസില്‍ കാട്ടിയ ആര്‍ജ്ജവം; ചൂരല്‍മല ദൗത്യത്തിന്റെ ഹീറോ ഇനി ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്; ഡി.സി.പി. തപോഷ് ബസുമതാരിക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്; പച്ചക്കൊടി കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല





