തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണികള്‍ തെരുവിലിറങ്ങിയതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കെപിസിസി നേതൃത്വം. ഗ്രൂപ്പ് പോര് അതിരുവിട്ടതോടെ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും കെപിസിസി നിര്‍ദ്ദേശം നല്‍കി.
ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് കേരളത്തിലെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കവെ, തെരുവില്‍ പ്രകടനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണ് പ്രകടനങ്ങളില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കളുടെയും ഭാരവാഹികളുടെയും കൃത്യമായ പട്ടിക അടിയന്തരമായി കൈമാറാന്‍ കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇടുക്കിയില്‍ വി.ഡി. സതീശനായി പ്രകടനം നടത്തിയ നാല് ഭാരവാഹികളെ പദവികളില്‍ നിന്ന് നീക്കം ചെയ്തത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പരസ്യമാക്കി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു എടുത്ത ഈ നടപടി ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിശദീകരണം. എന്നാല്‍, വിജയത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത് ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ നടത്തുന്ന പോരിനെതിരെ രൂക്ഷമായ ഭാഷയിലാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. ‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’ എന്ന് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് അനാവശ്യമായ വിഭാഗീയ പ്രവര്‍ത്തനമാണെന്ന് കുറ്റപ്പെടുത്തി. സംഘടനാ മര്യാദ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് ഉണ്ണിത്താന്‍.
കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും ഫ്‌ലക്‌സ് കീറുന്നതിലും ഉണ്ണിത്താന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെ.സിയുടെ ഫ്‌ലക്‌സിനൊപ്പം ഉമ്മന്‍ചാണ്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് കീറിനശിപ്പിക്കുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ ഭയന്ന് പല നേതാക്കളും മിണ്ടുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ.സി. വേണുഗോപാലിന്റെ അവകാശവാദത്തെ തള്ളിക്കളയാനാവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ടീം യുഡിഎഫ് എന്ന നിലയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാല്‍ തന്നെ കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ അവകാശവാദമുണ്ടെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി വിജയത്തിന്റെ ആവേശം കെടുത്തുന്ന രീതിയില്‍ ഗ്രൂപ്പ് യുദ്ധം തുടരുന്നത് ഘടകകക്ഷികള്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിലെ ഈ തര്‍ക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. സമാന്തരമായ അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയാകുമോ എന്ന ഭയം യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്.
സതീശന്‍ അനുകൂലികള്‍ ഡല്‍ഹിയിലെ കേരള ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധങ്ങളും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ മുദ്രാവാക്യം വിളിച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുമെന്ന് എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഡല്‍ഹിയിലെയും കേരളത്തിലെയും സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ സസ്പെന്‍ഷനുകള്‍ ഉണ്ടായേക്കും.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ക്ക് അവസാന നിമിഷം വരെ പോരാടാമെങ്കിലും അത് തെരുവിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് പകരം ജനമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിക്കുന്നവര്‍ക്ക് മാപ്പില്ലെന്ന സൂചനയാണ് കെപിസിസി നല്‍കുന്നത്.
ഈ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അണികള്‍ക്കിടയിലെ വികാരം തണുപ്പിക്കുക എന്നത് നേതൃത്വത്തിന് വെല്ലുവിളിയാകും. വരും മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു; സഞ്ജു സാംസണ് ആവേശകരമായ ആദരം





