തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, കോണ്‍ഗ്രസിലെ ആഭ്യന്തര ബലാബലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സമ്പൂര്‍ണ്ണ വിജയം. ഹൈക്കമാന്‍ഡ് രാഷ്ട്രീയത്തിലെ തന്റെ സ്വാധീനമുറപ്പിച്ച് കെ.സി ഗ്രൂപ്പ് മന്ത്രിസഭാ രൂപീകരണത്തില്‍ വ്യക്തമായ മേധാവിത്വം നേടി. 63 അംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ 47 പേരുടെ പിന്തുണയുണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ പക്ഷം, ആ അണാമിമഴലറ ബലം മന്ത്രിസ്ഥാനങ്ങള്‍ വീതംവെച്ചപ്പോഴും കൃത്യമായി പ്രതിഫലിപ്പിച്ചു. കോണ്‍ഗ്രസിന്റെ 11 മന്ത്രിമാരില്‍ 9 പേരും വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് എന്നത് അണികളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ അര്‍്ത്ഥത്തിലും കേരളം ‘കെസി’ പിടിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും തന്ത്രങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് കെ.സി. വേണുഗോപാല്‍ കരുക്കള്‍ നീക്കിയത്. വി.ഡി. സതീശനുമായി പരസ്യമായ ആഭിമുഖ്യം പുലര്‍ത്തുന്ന കെ. മുരളീധരന്‍ മാത്രമാണ് സതീശന്‍ പക്ഷത്തുനിന്ന് മന്ത്രിസഭയിലെത്തിയ പ്രമുഖ മുഖം. ചെന്നിത്തല തന്നോടൊപ്പം നില്‍ക്കുന്ന പ്രമുഖര്‍ക്കായി അവസാന നിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഐ ഗ്രൂപ്പിന്റെ പല ആവശ്യങ്ങളും നിഷ്‌കരുണം തള്ളപ്പെടുകയായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങളില്‍ കെ.സിയുടെ ഈ ഏകപക്ഷീയ മുന്നേറ്റം വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
മന്ത്രിസഭാ പട്ടികയില്‍ ഏറ്റവും അപ്രതീക്ഷിതമായി കടന്നുവന്ന രണ്ട് പേരുകള്‍ കെ.എ. തുളസിയും ഒ.ജെ. ജനീഷുമുടേതാണ്. ഇരുവരുടേയും വരവ് വി.ഡി. സതീശന്‍ പക്ഷത്തിന് വലിയ രാഷ്ട്രീയ ആഘാതമായി മാറി. പട്ടികവിഭാഗത്തിനും വനിതകള്‍ക്കും രണ്ട് വീതം മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന എ.ഐ.സി.സി.യുടെ കര്‍ശന നിര്‍ദേശമാണ് ഇവിടെ കെ.സി. വേണുഗോപാല്‍ തനിക്ക് അനുകൂലമായി തിരിച്ചുവിട്ടത്. എ.പി. അനില്‍കുമാറിന് പുറമെ രണ്ടാമതൊരു ദളിത് മന്ത്രിയായി ഐ.സി. ബാലകൃഷ്ണന്റെ പേര് രമേശ് ചെന്നിത്തല ശക്തമായി മുന്നോട്ടുവെച്ചിരുന്നു. വി.പി. സജീന്ദ്രന്റെ പേരും സജീവമായി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കങ്ങളെല്ലാം കെ.സി ഗ്രൂപ്പിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞു വീണു.
പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായ കെ.എ. തുളസിയെ മന്ത്രിയാക്കാനായി കെ.സി. വേണുഗോപാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ശക്തമായ പിടിമുറുക്കലാണ് നടത്തിയത്. ദളിത്, വനിതാ സംവരണ ലേബലുകള്‍ ഒരേസമയം ഒത്തു വന്നതോടെ തുളസിയുടെ പേരിന് ഹൈക്കമാന്‍ഡില്‍ എളുപ്പം അംഗീകാരം നേടാന്‍ കെ.സിക്ക് കഴിഞ്ഞു. വി.ഡി. സതീശന്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന് മുന്നില്‍ ഒടുവില്‍ പൂര്‍ണ്ണമായി വഴങ്ങേണ്ടി വരികയായിരുന്നു. ഐ.സി. ബാലകൃഷ്ണനെ തഴഞ്ഞതിലുള്ള പ്രതിഷേധം തണുപ്പിക്കാന്‍ റെയില്‍വേയിലെ ആര്‍.എ.സി. ടിക്കറ്റ് പോലെ പകുതി കാലാവധി കഴിയുമ്പോള്‍ തുളസിയെ മാറ്റി ബാലകൃഷ്ണന് അവസരം നല്‍കാമെന്ന ഏകദേശ ധാരണയിലാണ് ഒടുവില്‍ നേതൃത്വം എത്തിയത്.
യുവജന പ്രാതിനിധ്യത്തിന്റെ കാര്യത്തിലും കെ.സി. വേണുഗോപാല്‍ സതീശന്‍ പക്ഷത്തെ അമ്പരിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നത് കെ.സിയുടെ താല്പര്യപ്രകാരമായിരുന്നു. സതീശന്‍ പക്ഷത്തെ പ്രമുഖനായ വി.ടി. ബല്‍റാമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു സതീശന്‍ ഗ്രൂപ്പ് അവസാന നിമിഷം വരെ ആഞ്ഞുശ്രമിച്ചത്. എന്നാല്‍ ജനീഷ് അപ്രതീക്ഷിതമായി മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചതോടെ സാമുദായിക, പ്രാദേശിക സമവാക്യങ്ങളുടെ പേര് പറഞ്ഞ് ബല്‍റാമിനായുള്ള പിടിമുറുക്കല്‍ ഉപേക്ഷിക്കാന്‍ സതീശന്‍ നിര്‍ബന്ധിതനായി. ചുരുക്കത്തില്‍ വി.ടി. ബല്‍റാമിനെ വെട്ടി ഒ.ജെ. ജനീഷിനെ പ്രതിഷ്ഠിച്ചതിലൂടെ കെ.സി ഗ്രൂപ്പ് യുവജന കോട്ടയിലും തങ്ങളുടെ പതാക നാട്ടി.
മുസ്ലിം പ്രാതിനിധ്യത്തെ ചൊല്ലിയുള്ള ചര്‍ച്ചകളിലും കടുത്ത ഗ്രൂപ്പ് പോരാണ് അരങ്ങേറിയത്. ടി. സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. സതീശന്‍ ഷാനിമോള്‍ക്കായി ഉറച്ചുനിന്നപ്പോള്‍ ചെന്നിത്തല അന്‍വര്‍ സാദത്തിനായാണ് വാദിച്ചത്. എന്നാല്‍ മൂന്ന് മണ്ഡലങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ നിന്ന് സിദ്ദിഖും ബാലകൃഷ്ണനും ഒരുപോലെ പരിഗണിക്കപ്പെടുന്നത് പ്രാദേശിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന വാദം ചര്‍ച്ചകളെ അനിശ്ചിതത്വത്തിലാക്കി. ഒടുവില്‍ സമവായത്തിന്റെ ഭാഗമായി ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി ഒതുക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിലെയും മറ്റ് ഘടകകക്ഷികളിലെയും തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിന് ചില താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു. അനൂപ് ജേക്കബിനും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പകുത്തുനല്‍കേണ്ടി വന്നപ്പോള്‍ ഉണ്ടായ താല്‍ക്കാലിക ഒഴിവ് വി.ഡി. സതീശന് ആശ്വാസമായി. കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള കാപ്പന് രണ്ടാം പകുതിയിലേ മന്ത്രിയാകാന്‍ കഴിയൂ എന്ന സാഹചര്യം വന്നതോടെ, ആ ഒഴിവിലേക്ക് റോജി എം. ജോണിനെ കൊണ്ടുവരാന്‍ സതീശന് സാധിച്ചു. സതീശന്‍ പക്ഷത്തിന് ആകെ ആശ്വസിക്കാന്‍ വകനല്‍കുന്നതും റോജിയുടെ ഈ മന്ത്രിസ്ഥാനം മാത്രമാണ്.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി പുതുപ്പള്ളിയില്‍ നിന്ന് വീണ്ടും ജയിച്ച ചാണ്ടി ഉമ്മന്റെ പേര് ആദ്യഘട്ടത്തില്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ഗൗരവമായി പരിഗണിച്ചതേയില്ല. ഇത് എ ഗ്രൂപ്പിന്റെ അവശേഷിക്കുന്ന കണ്ണികളെപ്പോലും നിരാശരാക്കിയിട്ടുണ്ട്. കൂടാതെ, പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മന്ത്രിസഭയില്‍ ഇത്തവണ പ്രാതിനിധ്യമില്ലാതായി. ലത്തീന്‍ സഭയുടെ പ്രാതിനിധ്യം ആര്‍.എസ്.പി.യുടെ ഷിബു ബേബി ജോണില്‍ മാത്രമായി ഒതുങ്ങിയതും വരുംദിവസങ്ങളില്‍ സാമുദായിക അതൃപ്തിക്ക് കാരണമായേക്കാം.
മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയാകാനായിരുന്നു താല്പര്യമെങ്കിലും, ഗ്രൂപ്പ് മാനേജര്‍മാരുടെ കടുംപിടുത്തം മൂലം സ്പീക്കര്‍ സ്ഥാനം കൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടി വന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഭരണതലത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ നീക്കമാണിതെന്നും ആക്ഷേപമുണ്ട്. മലബാറില്‍, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന് വന്‍ ജനപിന്തുണ ലഭിച്ചിട്ടും കോണ്‍ഗ്രസില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കാന്‍ സാധിക്കാത്തത് പ്രാദേശിക നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുസ്ലിം ലീഗിലും സമാനമായ രീതിയില്‍ മന്ത്രിസ്ഥാനം പങ്കിടല്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ലീഗിനും കോഴിക്കോട് ജില്ലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ കഴിയാതെ വന്നതോടെ, രണ്ടര വര്‍ഷം കഴിയുമ്പോള്‍ നിലവിലെ മന്ത്രി അബ്ദുള്‍ ഗഫൂറിനെ രാജിവെപ്പിച്ച് പാറയ്ക്കല്‍ അബ്ദുള്ളയ്ക്ക് അവസരം നല്‍കുമെന്ന ഫോര്‍മുല ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് തിരിഞ്ഞുള്ള വെട്ടിനിരത്തലുകളും തന്ത്രങ്ങളും പൂര്‍ത്തിയാകുമ്പോള്‍, വരുംദിവസങ്ങളില്‍ യു.ഡി.എഫിലും കോണ്‍ഗ്രസിനകത്തും ഈ അധികാര പങ്കിടല്‍ വലിയ അടിയൊഴുക്കുകള്‍ക്ക് കാരണമാകുമെന്നത് വ്യക്തമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തോല്‍വിയിലും കുലുങ്ങാതെ സിപിഎം; ഭരണവിരുദ്ധ തരംഗമില്ല, എല്ലാം കോണ്‍ഗ്രസ്-ബിജെപി ‘ഡീല്‍’; അണികള്‍ക്കായി പുതിയ ‘ക്യാപ്സ്യൂള്‍’ റെഡി; രക്ഷപ്പെടാന്‍ താല്പര്യമില്ലേ എന്ന് വിമര്‍ശകര്‍





