പഴക്കച്ചവടക്കാരനില്‍ നിന്ന് ബിഗ് ബോസ് വിജയി; ഇനി രാഷ്ട്രീയത്തിലും ‘മാരാര്‍’ മാജിക്! അഖിലിന്റെ ചങ്കൂറ്റത്തിന് സല്യൂട്ട്; ‘നിന്നിലെ പോരാളിയെ എനിക്കറിയാം’-കൂട്ടുകാരനെ കുറിച്ച് ഉണ്ണിമുകുന്ദന് പറയാനുള്ളത്

കൊച്ചി: പഴക്കച്ചവടം നടത്തിയും സോഡ വിറ്റും നടന്ന ആ പഴയ പയ്യന്‍ ബിഗ് ബോസ് എന്ന സ്വപ്നവേദി കീഴടക്കി ഇപ്പോള്‍ രാഷ്ട്രീയ ഗോദയിലേക്ക്! സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സംവിധായകനും നടനുമായ അഖില്‍ മാരാര്‍ക്ക് ആവേശകരമായ ആശംസയുമായി മാളികപ്പുറം താരം ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. അഖില്‍ മാരാരുടെ ജീവിതയാത്ര ആഴത്തില്‍ പ്രചോദനം നല്‍കുന്നതാണെന്നും ഇച്ഛാശക്തി മാത്രമാണ് അവന്റെ കൈമുതലെന്നും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഖില്‍ മാരാര്‍ പഴക്കച്ചവടം നടത്തുന്ന പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ മനസ്സ് തുറന്നത്. ‘വെള്ളക്കോളര്‍’ അംഗീകാരത്തിന് വേണ്ടി കാത്തുനില്‍ക്കാതെ ഏത് ജോലിയും ചെയ്യാന്‍ കാണിച്ച ആ മനസ്സ് അന്തസ്സിന്റെ അടയാളമാണെന്ന് ഉണ്ണി പറയുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വന്ന് പടിപടിയായി വളര്‍ന്ന അഖിലിന്റെ കഥ പലര്‍ക്കും അത്ഭുതമാണ്. കണ്ണുകളില്‍ സംവിധായകനാകാനുള്ള തീജ്വാലയുമായി നടന്ന ആ പഴയ ചങ്ങാതിയുടെ ഓരോ വളര്‍ച്ചയും താന്‍ നേരിട്ട് കണ്ടതാണെന്ന് താരം ഓര്‍ത്തെടുക്കുന്നു.
ഷോയില്‍ കയറുന്നതിന് മുന്‍പ് അഖിലിനുണ്ടായിരുന്ന ആശങ്കകള്‍ ഉണ്ണി പങ്കുവെച്ചു. ‘നിന്നിലൊരു വിജയിയെ ഞാന്‍ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല’ എന്ന് അന്ന് നല്‍കിയ ആത്മവിശ്വാസം വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. ക്രിക്കറ്റ് മൈതാനത്തായാലും ബിഗ് ബോസ് വീട്ടിലായാലും പകുതി മനസ്സോടെയല്ല, പൂര്‍ണ്ണ ഹൃദയത്തോടെയാണ് അഖില്‍ പോരാടാറുള്ളത്. ആ പോരാട്ടവീര്യം രാഷ്ട്രീയത്തിലും കാണാന്‍ കഴിയുമെന്നാണ് ഉണ്ണിയുടെ വിശ്വാസം.
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമാണ് അഖില്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ, ഗോഡ്ഫാദര്‍മാരില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ അസാമാന്യ ധൈര്യം വേണം. പുറത്തുനിന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നിലേക്ക് വരുന്നത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്.
‘വിനയാന്വിതനായിരിക്കുക, ഉള്ളിലെ ആ വിശപ്പ് കെടാതെ സൂക്ഷിക്കുക’- പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന കൂട്ടുകാരന് ശക്തിയും വിവേകവും നേര്‍ന്നുകൊണ്ടാണ് ഉണ്ണിയുടെ കുറിപ്പ് അവസാനിക്കുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഖില്‍ മാരാരുടെ ഈ ചുവടുമാറ്റം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു കൂട്ടുകാരനുള്ള ചെറുകുറിപ്പ്,
അഖില്‍, നിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് എനിക്ക് എല്ലാ വിശദാംശങ്ങളും അറിയണമെന്നില്ല. പക്ഷേ നീ സൗഭാഗ്യം നിറഞ്ഞ കുടുംബപശ്ചാത്തലത്തില്‍നിന്ന് വന്നവനല്ലെന്ന് നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ആര്‍ക്കും വ്യക്തമായി മനസിലാകും. അതാണ് നിന്റെ കഥയെ ഇത്രയും ശക്തമാക്കുന്നത്. നിന്നോടുള്ള യഥാര്‍ത്ഥമായ ആരാധനയില്‍നിന്നെഴുതുന്ന കുറിപ്പാണിത്. ഒരു ചെറിയ കുടുംബത്തില്‍ നിന്ന്, ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വന്ന ഒരു ചെറുപ്പക്കാരന്‍, പടിപടിയായി വളര്‍ന്ന് ഇന്ന് നീയായിരിക്കുന്നതിലേക്കും, ഇനി എന്തായിത്തീരാന്‍ പോകുന്നു എന്നതിലേക്കും എത്തുന്നത് ആഴത്തില്‍ പ്രചോദനം നല്‍കുന്ന വസ്തുതയാണ്. പുറത്തുള്ള പലര്‍ക്കും മാത്രമല്ല, എനിക്കും.
എപ്പോഴും ബുദ്ധിമാനായ വിദ്യാര്‍ത്ഥിയും ചിന്തയില്‍ വ്യക്തതയും മൂര്‍ച്ചയേറിയ അഭിപ്രായങ്ങളുമുള്ള ഒരാളായിരുന്നു നീയെന്നാണ് പൊതുസുഹൃത്തുക്കളില്‍നിന്ന് ഞാന്‍ കേട്ടറിഞ്ഞത്. നിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് കേള്‍ക്കുമ്പോള്‍ ആ വാദങ്ങള്‍ ശരിയാണെന്ന് തോന്നി. വ്യക്തത എന്നത് ആഴത്തില്‍ ചിന്തിക്കുന്നതില്‍ നിന്നും, സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ നിന്നും, സത്യസന്ധമായി ജീവിക്കുന്നതില്‍ നിന്നും വരുന്ന ഒന്നാണ്.
നിങ്ങള്‍ സോഡ വില്‍ക്കുന്നതും പഴക്കച്ചവടം നടത്തുന്നതുമായ ചിത്രങ്ങള്‍ വളരെ ശക്തമാണ്. അവയൊന്നും കഷ്ടപ്പാടുകളല്ല, അന്തസ്സാണ് കാണിക്കുന്നത്. ‘വെള്ളക്കോളര്‍’ അംഗീകാരത്തില്‍ ഒരിക്കലും അഭിരമിക്കാത്ത ഒരു യുവാവിനെയാണ് അത് കാണിക്കുന്നത്. കഷ്ടപ്പെടാനും സമ്പാദിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ തയ്യാറായിരുന്നു. അതില്‍ വളരെ അടിസ്ഥാനപരമായി എന്തോ ഉണ്ട്. സുഖസൗകര്യങ്ങള്‍ക്ക് ഒരിക്കലും നല്‍കാനാവാത്ത രീതിയില്‍ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.
ഏകദേശം പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിന്നെ ആദ്യമായി കണ്ടത്. കണ്ണുകളില്‍ തീജ്വാലയോടെ ഒരു സിനിമാ സംവിധായകനാകാന്‍ കൊതിച്ച ഒരാള്‍. ആ കൂടിക്കാഴ്ച ഉടനടി ഫലം കണ്ടില്ലായിരിക്കാം, പക്ഷേ നിന്റെ ആഗ്രഹം എന്റെ മനസ്സില്‍ തങ്ങിനിന്നു. പിന്നീട്, നീ ഒരു ചലച്ചിത്ര സംവിധായകനായപ്പോള്‍, ഞാന്‍ ഒരു കര്‍മ്മോത്സുകനെ കണ്ടു. പശ്ചാത്തലമില്ല, പിന്തുണയില്ല, കൈമുതലായുള്ളത് ഇച്ഛാശക്തി മാത്രം.
പിന്നീട് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര വന്നു. ഞാന്‍ സാധാരണയായി സ്വകാര്യ സംഭാഷണങ്ങള്‍ പുറത്തുപറയാറില്ല, പക്ഷേ ഇത് പങ്കുവയ്ക്കേണ്ട ഒന്നാണ്. ഷോയില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള നിന്റെ ആശങ്ക ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അന്ന് നിന്നോട് പറഞ്ഞു, ‘നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല’ എന്ന്. നീ അകത്തേക്ക് പ്രവേശിച്ചു. കഴിവിന്റെ പരമാവധി നല്‍കി. ഗംഭീരമായി വിജയിക്കുകയും ചെയ്തു. അത് ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. നീ ഒരു രംഗത്തേക്ക് ഇറങ്ങിയാല്‍, പകുതി മനസ്സോടെയല്ല ഇറങ്ങുന്നത്.
അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതല്‍ വ്യക്തമായി. കളിയോട് പൂര്‍ണ്ണമായും മുഴുകിനില്‍ക്കുന്ന ഒരാള്‍. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയര്‍. നിങ്ങള്‍ എപ്പോഴും ഏറ്റവും മികച്ചത് നല്‍കാന്‍ തയ്യാറാണ്. കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന് മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും അറിയാം. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.
ഇപ്പോള്‍, രാഷ്ട്രീയം !
ഈ പ്രായത്തില്‍, നിന്റെ ജീവിതത്തിലെ ഇത്രയും നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു വഴികാട്ടിയുമില്ലാതെ, തലമുറകളായുള്ള രാഷ്ട്രീയ പിന്തുണയില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് ധൈര്യമാണ്. ഇന്നത്തെ യുവതലമുറയ്ക്ക്, ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരാള്‍ വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്കു പകരം പൊതുസേവനം തിരഞ്ഞെടുക്കുന്നത് പ്രചോദനമാണ്.
ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ വിഭാഗങ്ങളിലെയും രാഷ്ട്രീയക്കാരോട് എനിക്ക് ബഹുമാനമുണ്ട്, കാരണം ചില തലങ്ങളിലെങ്കിലും അവര്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. പുറത്തുനിന്ന് വിമര്‍ശിക്കുന്നത് എളുപ്പമാണ്. വേദിയിലേക്ക് കടക്കുക എന്നതാണ് ബുദ്ധിമുട്ട്.
നീ സംസാരിക്കുകയും വിഷയങ്ങളെ അഭിസംബോധനചെയ്യുകയും ചെയ്തു. ഇനി വരുന്നതാണ് യഥാര്‍ത്ഥ പരീക്ഷണം. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യഥാര്‍ത്ഥ ധൈര്യം ആവശ്യമാണ്. വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക.ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു. ഞാന്‍ പങ്കുവെച്ച കുറച്ച് ചിത്രങ്ങള്‍ പോലും ആളുകള്‍ക്ക് അവരുടെ സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിക്കാന്‍ പ്രചോദനം നല്‍കും. ആദരവോടെ….
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.