ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെങ്കില്‍ കല്‍പ്പറ്റ സീറ്റ് സി.പി.എം തിരിച്ചെടുക്കും

ആര്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ കല്‍പ്പറ്റ സീറ്റ് തിരിച്ചെടുക്കാനുള്ള ആലോചന സി.പി.എമ്മില്‍ ശക്തമായി. നേരത്തെ തന്നെ കല്‍പ്പറ്റ അല്ലെങ്കില്‍ വടകര സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമായിരുന്നു. എന്നാല്‍ മുന്നണി മര്യാദയുടെ പേരിലാണ് അവര്‍ അക്കാര്യത്തില്‍ സംയമനം പാലിച്ചത്. ശ്രേയാംസ്‌കുമാര്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് തിരികെ വേണമെന്നാണ് സി.പി.എമ്മില്‍ ഉയരുന്ന ആവശ്യം. ഇത് ആര്‍.ജെ.ഡി. അംഗീകരിക്കില്ലെന്നത് വലിയ കാര്യമായി സി.പി.എം വിലയിരുത്തുന്നുമില്ല.
ഇടതുമുന്നണി വിട്ടുപോയ ശേഷം വീണ്ടും മടങ്ങിവന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ ആര്‍.ജെ.ഡിക്ക് നാലു സീറ്റുകള്‍ ഇടതുമുന്നണി നല്‍കിയിരുന്നു. അതില്‍ തന്നെ മൂന്നു സിറ്റിംഗ് സീറ്റുകളാണ് നല്‍കിയതും. കല്‍പ്പറ്റയും വടകരയും കൂത്തുപറമ്പും ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകള്‍ ആയിരുന്നു. അതില്‍ കല്‍പ്പറ്റയും വടകരയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. കൂത്തുപറമ്പില്‍ മാത്രമാണ് വിജയം ആവര്‍ത്തിക്കാനായത്. നല്‍കിയ മൂന്നു സിറ്റിംഗ് സീറ്റുകളില്‍ രണ്ടെണ്ണം സി.പി.എമ്മിന്റേതും ഒരെണ്ണം ജനതാദളിന്റേതുമായിരുന്നു. അതില്‍ തന്നെ കല്‍പ്പറ്റ ശ്രേയാംസ്‌കുമാറിന് മത്സരിക്കാന്‍ എന്നതിന്റെ പേരിലാണ് നല്‍കിയത്. അദ്ദേഹം മത്സരിച്ചെങ്കിലും അവിടെ പരാജയപ്പെടുകയായിരുന്നു.
ഇക്കുറി മത്സരരംഗത്തുനിന്നും മാറിനിന്നുകൊണ്ട് കല്‍പ്പറ്റ സീറ്റില്‍ മകളെ ഇറക്കാനാണ് ശ്രേയാംസ്‌കുമാറിന്റെ നീക്കം എന്നാണ് സി.പി.എമ്മിന് ലഭിച്ചിട്ടുള്ള സൂചന. കഴിഞ്ഞ തവണ തന്നെ അതിനുള്ള നീക്കം നടന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ശ്രേയാംസ്‌കുമാര്‍ രാജ്യസഭാ അംഗമായിരുന്ന സാഹചര്യത്തില്‍ മകളെ രംഗത്തിറക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ അന്ന് സി.പി.എം അതിനെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് ശ്രേയാംസ്‌കുമാര്‍ തന്നെ മത്സരത്തിനിറങ്ങിയത്. അവിടെ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.
സി.പി.എം നേതാവായ സി.കെ. ശശീന്ദ്രന്‍ വിജയിച്ച മണ്ഡലമായിരുന്നു കല്‍പ്പറ്റ. അവിടെയാണ് ശ്രേയാംസ്‌കുമാര്‍ പരാജയപ്പെടുകയും കോണ്‍ഗ്രസിന്റെ ടി. സിദ്ദിഖ് വിജയിക്കുകയും ചെയ്തത്. മുണ്ടക്കല്‍ ചൂരല്‍മല ദുരന്തം ഉള്‍പ്പെടെയുള്ള കാര്യങ്ങളും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളുമൊക്കെ നിലനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇക്കുറി നല്ല സാദ്ധ്യതയാണ് ഇടതുമുന്നണി കാണുന്നത്. പ്രത്യേകിച്ച് സി.കെ. ശശീന്ദ്രനെ പോലൊരു നേതാവിനെ രംഗത്തിറക്കിയാല്‍ കല്‍പ്പറ്റ സീറ്റ് തിരിച്ചുപിടിക്കാനും കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ആ പശ്ചാത്തലത്തില്‍ ശ്രേയാംസ്‌കുമാര്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് തിരിച്ചെടുത്ത് ശശിന്ദ്രനെ രംഗത്തിറക്കാനുള്ള ആലോചനകളാണ് പാര്‍ട്ടിയില്‍ സജീവമായിട്ടുള്ളത്.
ഇതിനോട് ഒരുതരത്തിലും ആര്‍.ജെ.ഡി യോജിക്കില്ലെന്നതും സി.പി.എമ്മിന് നല്ലതുപോലെ അറിയാം. തങ്ങള്‍ക്ക് നല്‍കാതെ വീണ്ടും ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലും എല്ലാ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം അനുവദിച്ചിട്ടും തങ്ങളെ മാത്രം ഒഴിവാക്കിയതിലും ശ്രേയാംസ്‌കുമാറിന്റെ പാര്‍ട്ടി കടുത്ത അതൃപ്തിയിലാണ്. മുന്നണി മാറണം എന്ന ആവശ്യം തന്നെ ആ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ശക്തികേന്ദ്രം എന്ന് വിലയിരുത്തുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുതന്നെയാണ് ‘ആ ആവശ്യം ഉയരുന്നതും. ഇത്തരത്തില്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ നല്‍കിയതിലെ ഒരു സീറ്റു തിരിച്ചെടുക്കുക കൂടി ചെയ്താല്‍ ആര്‍.ജെ.ഡി നിലപാട് പുനപരിശോധിക്കാന്‍ നീര്‍ബന്ധിതരാകുകയും യു.ഡി.എഫില്‍ ചേക്കേറുകയും ചെയ്യുമെന്നും സി.പി.എമ്മിന് ഉത്തമബോദ്ധ്യമുണ്ട്. എന്നാല്‍ അതിനെ അവര്‍ കാര്യമായി കാണുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ തന്നെ ഇത്തരത്തില്‍ വിഘടിച്ചുനില്‍ക്കുന്ന കക്ഷികളോട് ഒന്നാകണമെന്ന് നിര്‍ദ്ദേശം നല്‍കിയതാണെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം. അതിന് അവര്‍ ഇതുവരെ തയാറായിട്ടില്ല. മാത്രമല്ല, എം.പി. വീരേന്ദ്രകുമാറിനോടുള്ള ആദരവിന്റെ ഭാഗമായും മുന്നണിയില്‍ മടങ്ങിയെത്തിയ പാര്‍ട്ടിയോട് നീതിപുലര്‍ത്തുന്നതിനായുമാണ് കല്‍പ്പറ്റ സീറ്റ് അവര്‍ക്ക് നല്‍കിയത്. അതുതന്നെ എം.വി. ശ്രേയാംസ്‌കുമാറിന് വേണ്ടിയാണ്. അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം അവിടെ മത്സരിച്ചില്ലെങ്കില്‍ സീറ്റ് സി.പി.എമ്മിന് അവകാശപ്പെട്ടതാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.