താന്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാലിന് വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ സാദ്ധ്യത നല്‍കുമെന്ന് നേതാക്കള്‍ക്കിടയില്‍ ആശങ്ക. താന്‍ മത്സരത്തിനില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വരുന്ന നിയമസഭാതെരഞ്ഞെടുപ്പ്‌വിജയിച്ച് യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ താക്കോല്‍ സ്ഥാനത്തേയ്ക്ക് താനുമുണ്ടാകുമെന്ന സൂചന പലപ്പോഴായി വേണുഗോപാല്‍ പരോക്ഷമായി നല്‍കുന്നുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. അടുത്തിടെ നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലുണ്ടായ നാണംകെട്ട പരാജയത്തിന്റെ ഭാരം തലയില്‍ കെട്ടിവച്ച് വേണുഗോപാലിന്റെ ഈ നീക്കത്തിനെ തടയിടാനുള്ള ശ്രമവും നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ബീഹാറില്‍ ഉണ്ടായത്. വോട്ടുചോരി, കള്ളവോട്ട്, അധികവോട്ട് തുടങ്ങി എന്തൊക്കെ ന്യായങ്ങള്‍ ഉയര്‍ത്തിയാലും അത് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്ന വാദമാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ വിഭാഗം ഉയര്‍ത്തുന്നത്. ഉള്ളതിലും അധികവോട്ടുകള്‍ പോള്‍ ആയതാണ് ഈ നാണംകെട്ട തോല്‍വിക്ക് കാരണമെന്ന തരത്തിലുള്ള ന്യായീകരണവുമായി ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വേണുഗോപാല്‍ രംഗത്തുവന്നിരുന്നു. ഇതൊക്കെ പരിശോധിച്ച് വേണ്ട പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇതിനെയൊക്കെ എതിര്‍ത്തുകൊണ്ട് വേണുഗോപാലിന്റെ കഴിവില്ലായ്മ ഉയര്‍ത്തികാട്ട് അദ്ദേഹത്തെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നീക്കം നടക്കുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഡോ: ശശി തരൂരിനെപോലും അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവന്നത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. കെ.സി. വേണുഗോപാലിനോട് ശക്തമായ എതിര്‍പ്പുള്ള തരൂരിനെ വീണ്ടും സജീവമാക്കിയതിന് പിന്നില്‍ സംസ്ഥാനത്തെ നേതാക്കള്‍ ആണ്.
ബീഹാറിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു. മറ്റിടങ്ങളിലേയതുപോലെ അവിടേയും വേണുഗോപാലിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് സംസ്ഥാന കോണ്‍ഗ്രസിലെ വേണുവിരുദ്ധരുടെ നിലപാട്. വേണുഗോപാല്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതല ഏറ്റെടുത്തശേഷം വലിയ തിരിച്ചടിയാണ് പല തെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുള്ളതെന്നും അവര്‍ കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. രാജ്യമാകെ ശ്രദ്ധിക്കുന്ന വോട്ടചോരിപോലുള്ള ഒരു വിഷയം രാഹുല്‍ ഗാന്ധി ഉയര്‍ത്തികൊണ്ടുവന്നുവെങ്കിലും അന്നന്നത്തെ അന്നത്തിന് വഴിമുട്ടിയിരിക്കുന്ന ബീഹാറിലെ പാവപ്പെട്ട ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ ബന്ധപ്പെടുത്തി അവിടെ ഒരു പ്രചരണ തന്ത്രം ഒരുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് സംസ്ഥാനത്ത് നിന്നും ഉയരുന്ന പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇതുതന്നെയായിരുന്നു സംഭവിച്ചത്. അതുകൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതല വേണുഗോപാലിന് നല്‍കരുതെന്ന ആവശ്യമായിരിക്കും പ്രധാനമായും സംസ്ഥാനത്തെ പ്രബലമായ ഒരു വിഭാഗം ഹൈക്കമാന്‍ഡിന് മുന്നില്‍ വയ്ക്കുക.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകഴിഞ്ഞ വേളയില്‍ സതീശനും സുധാകരനുമായൊക്കെ വളരെയധികം അടുപ്പമുണ്ടായിരുന്ന വേണുഗോപാല്‍ ഇപ്പോള്‍ അവരുമായൊക്കെ പൂര്‍ണ്ണമായും അകന്ന മട്ടാണ്. ഷാഫി പറമ്പില്‍ ഉള്‍പ്പെടെ സതീശനുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായാണ് അദ്ദേഹത്തിന് ഇപ്പോള്‍ ബന്ധം. അതുകൊണ്ടുതന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ വേണുഗോപാല്‍ വിഭാഗം വേണുഗോപാല്‍ വിരുദ്ധവിഭാഗം എന്നീ രണ്ടെണ്ണം മാത്രമാക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. ഇതിനായി ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ഡോ: ശശി തരൂരിനെ വരെ രംഗത്തിറക്കാനാണ് ആലോചന.
ശശിതരൂരിന്റെയും പ്രശ്‌നം രാഹുലോ മറ്റ് നേതാക്കളോ ആയിരുന്നില്ലെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. വേണുഗോപാലായിരുന്നു ശശിതരൂരിന്റെ പാര്‍ട്ടി വിരുദ്ധനിലപാടിനും കാരണം. അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അകറ്റുന്നത് വേണുഗോപാല്‍ ആണെന്നാണ് തരൂര്‍പക്ഷക്കാര്‍ പറയുന്നത്. ബിഹാറിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തരൂര്‍ നടത്തിയ പ്രതികരണം അതിലേയ്ക്കാണ് വിരല്‍ ചുണ്ടുന്നത്. അവിടെപോയി പ്രചാരണം നടത്തിയ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് വിശദീകരിക്കണം എന്നുള്ള തരൂരിന്റെ പ്രസ്താവന വേണുഗോപാലിനെ ലക്ഷ്യം വച്ചുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് തരൂര്‍ നടത്തിയ പ്രസ്താവനകള്‍ അതിലുള്ള അമര്‍ഷത്തിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളില്‍ വിശ്വാസം ഉറപ്പിച്ച് അവരെ പാര്‍ട്ടിയില്‍ അടിയറപ്പിച്ചുനിര്‍ത്തുന്നതില്‍ വേണുഗോപാല്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന പരാതിയും ശക്തമാണ്. നിരവധി പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടി വിട്ടത് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇത് പറയുന്നതും. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇപ്പോള്‍ വേണുഗോപാലിന് എതിരായി നില്‍ക്കുന്നവരെയെല്ലാം ഒരുമിപ്പിച്ചുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ടുപോകുക എന്നതിനുള്ള ശ്രമമാണ് വിഘടിച്ചുനില്‍ക്കുന്ന വിവിധ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
അല്ലൊത്ത പക്ഷം വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുന്ന പക്ഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി പദം ഉള്‍പ്പെടെ വേണുഗോപാല്‍ കൊണ്ടുപോകുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതിനുള്ള അവസരം ഒഴിവാക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ അദ്ദേഹത്തില്‍ നിന്നും മാറ്റുക എന്നത് മാത്രമാണ്. അതിനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതും.
എന്നാല്‍ ഇത് എത്രമാത്രം വിജയിക്കുമെന്നതില്‍ പലര്‍ക്കും സംശയമുണ്ട്. വേണുഗോപാലിനെ എതിര്‍ക്കണമെങ്കില്‍ ചെന്നിത്തലയും സതീശനും ഒന്നിക്കേണ്ടതുണ്ട്. അത് ഏറ്റവും കടുപ്പമുള്ള കാര്യമാണ്. ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന സതീശന്‍ പിന്നില്‍ നിന്നും കുത്തിയെന്നാണ് രമേശിന്റെ പരാതി. അതുപോലെ സതീശനും ചെന്നിത്തലയോട് അത്ര താല്‍പര്യവുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവരെ ഒന്നിച്ചുകൊണ്ടുവരികയെന്നത് കാഠിന്യമേറിയ പ്രവര്‍ത്തിയായിരിക്കും. എന്നാല്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കുന്നതിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായി വീതം വച്ചു നല്‍കിയതുപോലെ ഇക്കുറി രമേശിനും സതീശനുമായി അത് പങ്കിട്ടുനല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരു ഗ്രൂപ്പുകള്‍ക്കുള്ളിലുള്ളവര്‍ തന്നെ നടത്തുന്നുമുണ്ട്. അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചും ഇത്തരത്തില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കാനാകുമെന്നാണ് അവരുടെ പക്ഷം.
കെ. മുരളീധരനെക്കൂടി ഒപ്പം കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും സതീശനുമായി കടുത്ത അകലത്തിലാണ് മുരളി. തൃശൂരില്‍ തന്നെ പരാജയപ്പെടുത്തിയതിന് പിന്നില്‍ വരെ സതീശന്റെ കൈകളുണ്ടെന്നാണ് മുരളിയുടെ വിചാരം. അതുകൊണ്ടുതന്നെ അദ്ദേഹം ഇപ്പോഴും ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയുമാണ്. അതേസമയം വേണുഗോപാലും മറ്റുമായി കുറച്ച് അടുപ്പം പുലര്‍ത്തുന്നുണ്ടോയെന്ന സംശയവും മറുപക്ഷങ്ങള്‍ക്കുണ്ട്. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ബലാബലങ്ങളില്‍ പലതരം മാറ്റങ്ങളും സംഭവിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘സര്‍ക്കാര്‍ വെന്റിലേറ്ററില്‍, നയപ്രഖ്യാപനത്തില്‍ പച്ചക്കള്ളങ്ങള്‍’ ഗവര്‍ണറുമായുള്ള പോര് വെറും നാടകം; പത്ത് വര്‍ഷം ചെയ്യാത്തത് ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും? പിണറായിക്കെതിരെ വി.ഡി. സതീശന്‍





