തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന ഏജന്‍സിക്കെതിരെ കോണ്‍ഗ്രസില്‍ പടപ്പുറപ്പാട്; കെ.സി വേണുഗോപാലിന് വഴിയൊരുക്കാനുള്ള നീക്കം പ്രതിരോധിക്കും

പാര്‍ട്ടിയുടെ നേതൃയോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എം.പിമാരെ മത്സരത്തിനിറക്കണമെന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന ഏജന്‍സിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനേയും രമേശ് ചെന്നിത്തലയേയും പോലുള്ളവരാണ് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നത്. ചിലരെ സംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഏജന്‍സികളുടെ ഇടപെടല്‍ എന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കെ.സി.വേണുഗോപാലിന് കേരളത്തില്‍ കളം പിടിക്കുന്നതിനുള്ള ഒരു തന്ത്രമാണ് ഈ പ്രൊഫഷണല്‍ ഏജന്‍സിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ വേണുഗോപാലിനെ അനുകൂലിക്കുന്ന നിലയിലുള്ളതാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് എം.പിമാരെ കളത്തിലിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം വീണ്ടും ചില എം.പിമാരുടെ പേര് ഉയര്‍ത്തികൊണ്ടുവന്ന് ചര്‍ച്ചയാക്കുന്നതും ഈ ലക്ഷ്യത്തോടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എം.പിമാരെ നിയമസഭയിലേയ്ക്ക് മത്സരിപ്പിച്ചാല്‍ അത് ലോക്‌സഭയിലേയ്ക്ക് തിരിച്ചടിയാകും. മാത്രമല്ല, നിയമസഭാതെരഞ്ഞെടുപ്പില്‍ അത് സജീവചര്‍ച്ചാവിഷയവുമാകും. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരേ വ്യക്തികള്‍ തന്നെ മത്സരിക്കുന്നുവെന്ന ആരോപണത്തിന് ഇത് വഴിവയ്ക്കും. അത് സംസ്ഥാനത്തില്‍ ഗുണകരമാവില്ലെന്നാണ് അവരുടെ നിലപാട്. കൂടാതെ ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വല്ലാത്ത അസ്വസ്ഥതയ്ക്കും വഴിവയ്ക്കും.
ഇതെല്ലാം മറികടന്നുകൊണ്ട് ഇപ്പോള്‍ ഇത്തരം ഒരു ചര്‍ച്ച ഉണ്ടാക്കിയിരിക്കുന്നത് വേണുഗോപാലിനെ സംസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ വേണ്ടിയാണ്. അത് നടക്കില്ലെന്ന് നേതാക്കള്‍ തറപ്പിച്ചുതന്നെ പറയുന്നു. നേരത്തെ രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന കണക്കുകൂട്ടലില്‍ രാജ്യസഭാ സീറ്റ് ബി.ജെ.പിക്ക് ലഭിച്ചാലും കുഴപ്പമില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ഇവിടെ വന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു. അത് നടക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ തിരികെ വരാനുള്ള സാഹചര്യം ഒരുങ്ങിവരുമ്പോള്‍ അത് കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.
എം.പിമാരെ കളത്തിലിറക്കണമെന്നത് മാത്രമല്ല, ഈ ഏജന്‍സിയുടേതായി പരക്കുന്ന പല റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയതോതില്‍ ദോഷം ചെയ്യുന്നതാണ്.നേരത്തെ ഭരണവിരുദ്ധവികാരം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി ഇടതുമുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം അവര്‍ നല്‍കി. ഇപ്പോള്‍ നാലുജില്ലകളില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമാണെന്നും ഒപ്പത്തിനൊപ്പം പോരാട്ടമാണെന്നുമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇവരുടെ പേരില്‍ പുറത്തുവരുന്നത്. ഇതിന് പുറമെ സാമൂഹികമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഇവര്‍ക്കെതിരെ ചില മാദ്ധ്യമങ്ങള്‍ പരാതിയുമായി രംഗത്തുവരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലില്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ ഇതൊക്കെ പാര്‍ട്ടിയുടെയും മുന്നണിയുടെയും ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന നിലപാടാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനെത്തുടര്‍ന്നാണ് കേരളത്തില്‍ വീണ്ടും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതല ഏല്‍പ്പിച്ചത്. ഇതിനോട് തുടക്കം മുതല്‍ തന്നെ ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ലെങ്കിലുംകോണ്‍ഗ്രസിന്റെ ഭാഗം എന്ന നിലയില്‍ സുനില്‍ കനഗോലുവിന്റെ ഇടപെടലുകളെ അവര്‍ കണക്കിലെടുത്തുമില്ല. രമേശ് ചെന്നിത്തലയേയും സതീശനേയും പോലുള്ള നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം അവര്‍ മൗനം പാലിക്കുകയും ചെയ്തു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹത്തിന്റെ ഏജന്‍സി മുന്നോട്ടുവച്ച ചില റിപ്പോര്‍ട്ടുകള്‍ തൊട്ട് കോണ്‍ഗ്രസില്‍ ഇവര്‍ക്കെതിരായി ശക്തമായ ഏതിര്‍പ്പ് പുകയുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ തയാറാക്കുന്നതിനായി വയനാട് ചേര്‍ന്ന നേതൃയോഗത്തിലാണ് ആദ്യമായി നേതാക്കള്‍ കനഗോലുവിന്റെ നിര്‍ദ്ദേശങ്ങളെയും നിരീക്ഷണങ്ങളേയും എതിര്‍ത്തുകൊണ്ട് രംഗത്തുവന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയതിലെ ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് അവര്‍ അവിടെ അവതരിപ്പിച്ചത്. തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമല്ല അതെന്നായിരുന്നു ആ റിപ്പോര്‍ട്ടിന്റെ അന്തസത്ത. അതായത് ഭരണവിരുദ്ധ വികാരം കേരളത്തിലാകമാനം ഇല്ലെന്നായിരുന്നു അവര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ഭരണം ആകെ മോശം എന്ന നിലയില്‍ പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു അത്.
അതിനെ അന്ന് ആ ക്യാമ്പില്‍ വച്ചുതന്നെ രമേശ് ചെന്നിത്തലയും സതീശനും ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇടതുമുന്നണിയുടെ എം.എല്‍.എമാര്‍ക്കെതിരെ ജനവിരുദ്ധവികാരമില്ലെന്ന് ഇവരുടേതയാണ് റിപ്പോര്‍ട്ട് പുറത്തുവന്നു. പൊതുവില്‍ ഈ ഏജന്‍സി കേരളത്തില്‍ യു.ഡി.എഫിനെയാണോ അതോ ഇടതുമുന്നണിയേയാണോ സഹായിക്കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.