കേരള കോണ്‍ഗ്രസി(എം)ന്റെ 13 സീറ്റ് എന്ന ആവശ്യം ഇക്കുറി ഇടതുമുന്നണി അനുവദിച്ചുകൊടുക്കും. ഇക്കുറി കുറ്റ്യാടിക്ക് പകരം തിരുവനന്തപുരം സെന്‍ട്രല്‍ മാണി കോണ്‍ഗ്രസിന് ലഭിക്കാനാണ് സാദ്ധ്യത. തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ ആന്റണിരാജുവിന്റെ നിയമസഭാംഗത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ആ സീറ്റ് മാണി കോണ്‍ഗ്രസിന് നല്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഇടതുമുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് (?ം) മാറിയ കഴിഞ്ഞ തവണയും അവര്‍ക്ക് 13 സീറ്റുകളാണ് നല്‍കിയതെങ്കിലും സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങള്‍ മൂലം കുറ്റ്യാടി സീറ്റ് തിരികെ നല്‍കേണ്ടി വന്നിരുന്നു. സി.പി.എം തിരികെ ഏറ്റെടുത്ത ആ സീറ്റില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. ഒറ്റ തവണ അഡ്ജസ്റ്റുമെന്റ് എന്ന നിലയിലായിരുന്നു ആ നീക്കം. ആ പശ്ചാത്തലത്തില്‍ 12 സീറ്റുകളിലാണ് അവര്‍ മത്സരിച്ചത്. എന്നാല്‍ ഇക്കുറി 13 സീറ്റുതന്നെ വേണമെന്ന നിലപാട് ശക്തമാക്കിയിരിക്കുകയാണ് മാണി കോണ്‍ഗ്രസ്.
യു.ഡി.എഫില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും ഇടതുമുന്നണി വിടാതെ കൂടെ നില്ക്കുന്ന പശ്ചാത്തലത്തില്‍ മാണി വിഭാഗവുമായി കൂടുതല്‍ വിലപേശലിന് സാദ്ധ്യതയില്ലെന്നാണ് സി.പി.എമ്മില്‍ നിന്നും ലഭിക്കുന്ന വിവരം. 13 സീറ്റ് എന്ന അവരുടെ ആവശ്യം അംഗീകരിക്കാന്‍ തന്നെയാണ് സാദ്ധ്യതയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞതവണ ശക്തമായ പ്രതിഷേധം ഉയരുകയും അതിനുശേഷം സീറ്റ് ഏറ്റെടുത്തിട്ടും വിജയം കരസ്ഥമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കുറ്റ്യാടി സീറ്റില്‍ സി.പി.എം തന്നെ മത്സരിക്കും. അല്ലെങ്കില്‍ അത് കോഴിക്കോട് ജില്ലയിലാകെ പ്രശ്നത്തിന് വഴിവച്ചേയ്ക്കും. നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ അത്തരം കടുംപിടുത്തത്തിന് സി.പി.എം തയാറാകില്ല.
ആ സാഹചര്യത്തില്‍ പകരം ഒരു സീറ്റ് കേരള കോണ്‍ഗ്രസി(എം)ന് നല്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. അതിന് ഇപ്പോള്‍ ഏറ്റവും അനുയോജ്യമായി വന്നിരിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ആണെന്നാണ് നിഗമനം. ഇടതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കാണ് കഴിഞ്ഞതവണ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് നല്‍കിയത്. അതിന്റെ നേതാവായിട്ടാണ് ആന്റണി രാജു അവിടെ മത്സരിച്ചതും ജയിച്ചതും. പിന്നീട് ജോസഫ് ഗ്രൂപ്പിലേയ്ക്ക് മടങ്ങിപ്പോയ ഫ്രാന്‍സിസ് ജോര്‍ജ്ജായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പിന്നിലെ കരുത്ത്. അദ്ദേഹം പോയതോടെ തന്നെ ആ പാര്‍ട്ടി തത്വത്തില്‍ ഇല്ലാതായി. പിന്നെ അതില്‍ ആകെ എടുത്തുപറയാന്‍ കഴിയുന്നതായി ഉണ്ടായിരുന്നത് ആന്റണി രാജുമാത്രമായിരുന്നു.
എന്നാല്‍ ഇക്കുറി ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണ്. തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ അദ്ദേഹത്തെ കീഴ്കോടതി ശിക്ഷിച്ചിരിക്കുകയാണ്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ടെങ്കിലും അയോഗ്യത നീക്കിയിട്ടില്ല. മാത്രമല്ല, ഇത്തരമൊരു കേസില്‍പ്പെട്ട വ്യക്തി മത്സരിക്കുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന വികാരവും സി.പി.എമ്മിലുണ്ട്. ആ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പോലൊരു മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുന്നത് മാണികോണ്ഗ്രസിനായിരിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഈ സീറ്റ് അവര്‍ക്ക് നല്‍കുന്നതിനുള്ള സാദ്ധ്യതയാണ് തെളിഞ്ഞുവരുന്നത്. സി.പി.എം ഏറ്റെടുത്ത് മത്സരിക്കുകയാണെങ്കില്‍ ലത്തിന്സഭയ്ക്കുള്ളില് നിന്ന് തന്നെ അതിനെതിരായ പ്രവര്‍ത്തനം ഉണ്ടാകും. മാണി കോണ്‍ഗ്രസാകുമ്പോള്‍ ഒരുപരിധിവരെ അതിന് തടയടിാനാകുമെന്നും അവര്‍ വിലയിരുത്തുന്നു. അതുകൊണ്ട് കുറ്റ്യാടിക്ക് പകരം തിരുവനന്തപുരം സെന്‍ട്രല്‍ നല്കി മാണി ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുടുംബബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില നാളെ മുതൽ കൂടും





