കണ്ണൂര്‍: ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറാന്‍ ശ്രേയാംസ് കുമാറിനും ആര്‍ജെഡിക്കും കഴിയില്ല. ഈ പാര്‍ട്ടിയ്ക്ക് യുഡിഎഫില്‍ ഇടം കിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ജെഡി ആവശ്യപ്പെടുന്ന കല്‍പ്പറ്റ, വടകര, കോവളം സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇക്കാരണത്താല്‍ തന്നെ ശ്രേയാംസ് കുമാറുമായി ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.
ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റായിരുന്ന കല്‍പ്പറ്റ നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. സിറ്റിംഗ് സീറ്റ് ഒരു കാരണവശാലും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വടകരയിലാകട്ടെ ആര്‍എംപി നേതാവ് കെ.കെ. രമ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. കോവളത്ത് കോണ്‍ഗ്രസ് എംഎല്‍എ തന്നെയാണുള്ളത്. ഈ മൂന്ന് മണ്ഡലങ്ങളിലും വിട്ടുവീഴ്ച സാധ്യമല്ലാത്തതിനാല്‍ ആര്‍ജെഡി മുന്നണിയിലേക്ക് വരുന്നതില്‍ രാഷ്ട്രീയമായി പ്രസക്തിയില്ലെന്നാണ് വിലയിരുത്തല്‍.
ആര്‍ജെഡിയെ മുന്നണിയില്‍ എടുക്കാത്തതിന്റെ ഭാഗമായി അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കോണ്‍ഗ്രസ് തന്നെ നേരിട്ട് പോരിനിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെ കൈവശമുള്ള കൂത്തുപറമ്പ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ തവണ ആര്‍ജെഡി (അന്ന് എല്‍ജെഡി) വിജയിച്ച ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിന്നാല്‍ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍. പകരം തളിപ്പറമ്പോ തലശ്ശേരിയോ ലീഗിന് നല്‍കാനാണ് ആലോചന. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി, രാജീവന് എളയാവൂര് എന്നിവരുടെ പേരുകളാണ് ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
കണ്ണൂര്‍ സീറ്റില്‍ കെ. സുധാകരന് തന്നെ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാല്‍ കെപിസിസി അനുവാദം നല്‍കും.
സർക്കാർ നയങ്ങൾക്കെതിരായ വിമർശനം വിനയായി; ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു
സുധാകരന് ഇല്ലെങ്കില്‍ ടി.ഒ. മോഹനന്, അമൃതാ രാമകൃഷ്ണന് എന്നിവര്‍ക്കാണ് മുന്‍ഗണന. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കാനും ആലോചനയുണ്ട്. ഇതിനൊപ്പം ഷാഫി പറമ്പിന്റെ പേരും പരിഗണിക്കുന്നുണ്ട്. മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന് ആര്‍എസ്പി അറിയിച്ചതോടെ അവിടെയും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കും.
മലബാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് വി.ഡി. സതീശനും കെ. സുധാകരനും ലക്ഷ്യമിടുന്നത്. ഇതാണ് ആര് ജെ ഡിയ്ക്കും വിനയാകുന്നത്.


തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ





