തദ്ദേശവിജയം ആത്മവിശ്വാസം; ജോസ് കെ മാണി വിഭാഗത്തെ തിരികെ കൊണ്ടുവരാന്‍ നീക്കം; ലീഗുമായി കൂടിയാലോചിച്ച് മുന്നണി വിപുലീകരണം വേഗത്തിലാക്കും; പിവി അന്‍വറിനേയും ശ്രേയംസ് കുമാറിനേയും ഒപ്പം കൂട്ടും; ബിഡിജെഎസിനെ കൊണ്ടു വരാന്‍ അടൂര്‍ പ്രകാശ്; ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്തി ഭൂരിപക്ഷവിഭാഗങ്ങളെ ഒപ്പം ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങിന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ മികച്ച വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി യുഡിഎഫ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനായി ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരും. യുഡിഎഫ് വിട്ടു പോയവരെ തിരികെ എത്തിക്കും. കേരളാ കോണ്‍ഗ്രസ് എമ്മും സോഷ്യലിസ്റ്റ് ജനതയും വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിന്ന് കൊണ്ടു വരാനും പദ്ധതിയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

മുന്നണി വിപുലീകരണത്തിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. യുഡിഎഫില്‍ നിന്ന് അകന്നുപോയവരെ തിരികെ എത്തിക്കാന്‍ ശ്രമിക്കും. പിവി അന്‍വറിനെയും സഹകരിപ്പിക്കാനാണ് ആലോചന. മുസ്ലീം ലീഗുമായി കൂടിയാലോചിച്ച് മുന്നണി വിപുലീകരണം വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാന്‍ എല്ലാ ശ്രമങ്ങളും നടത്തും. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എന്‍. ജയരാജും യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധരാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കേരളാ കോണ്‍ഗ്രസ് (മാണി) വിഭാഗത്തില്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. പാലാ മുന്‍സിപ്പാലിറ്റിയില്‍ പോലും ഭൂരിപക്ഷം നേടാന്‍ കഴിയാത്തതും കോട്ടയം ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടതും ജോസ് കെ. മാണിയുടെ നേതൃത്വത്തിന് വെല്ലുവിളിയാണ്. ഈ മേഖലയില്‍ യുഡിഎഫ് കരുത്താര്‍ജിക്കുന്ന കാര്യം കേരളാ കോണ്‍ഗ്രസിനും ബോധ്യമുണ്ട്.

ഇതിനൊപ്പം ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയേയും മുന്നണിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുന്നണി വിപുലീകരണം വേഗത്തിലാക്കി സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് യുഡിഎഫിന്റെ ശ്രമം. കേരളാ കോണ്‍ഗ്രസിനെയും ശ്രേയംസ് കുമാറിന്റെ പാര്‍ട്ടിയെയും മുന്നണിയിലെത്തിക്കുന്നതില്‍ മുസ്ലീം ലീഗും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിഡിജെഎസിനെക്കൂടി മുന്നണിയിലെത്തിക്കാനുള്ള ചിന്ത യുഡിഎഫിലുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇതിനായുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നു. തദ്ദേശത്തിലെ സിപിഎമ്മിനുണ്ടായ തിരിച്ചടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വാധീനിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

മിഷന്‍ 2025 എന്ന പേരില്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ നീക്കങ്ങള്‍ ഒരു പരിധി വരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവിധ വിഭാഗങ്ങളെ യുഡിഎഫുമായി അടുപ്പിക്കുക എന്ന ലക്ഷ്യം വലിയൊരളവില്‍ കൈവരിക്കാനായെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നു. ന്യൂനപക്ഷ പിന്തുണയോടൊപ്പം ഭൂരിപക്ഷ വിഭാഗങ്ങളുടെ പിന്തുണയില്‍ ചോര്‍ച്ചയില്ലാതെതന്നെ മുന്നോട്ട് പോകാന്‍ കഴിഞ്ഞ സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രമാണ് യുഡിഎഫ് അവലംബിക്കുന്നത്. സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് അനുകൂലമായ വോട്ടായി മാറിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പിന്തുണ അതേപടി ആവര്‍ത്തിക്കണമെന്നില്ല. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് യുഡിഎഫ് 90 സീറ്റിലധികം നേടി 2011-ല്‍ സംസ്ഥാന ഭരണം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചില ആരോപണങ്ങളും ആര്‍. ബാലകൃഷ്ണപിള്ളയുടെ അഴിമതിക്കേസിലെ വിധിയും വി.എസ്. അച്യുതാനന്ദന്‍ പ്രചാരണവിഷയമാക്കിയപ്പോള്‍ 72 സീറ്റുമായി കഷ്ടിച്ചാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഈ അനുഭവപാഠം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ യുഡിഎഫിലേക്ക് വരാനുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും, യുഡിഎഫ് മുന്‍കൈയെടുക്കുന്നില്ല. സമയമാകുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ത്തന്നെ അതിനുള്ള സമ്മര്‍ദമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പി.വി. അന്‍വറും സികെ ജാനുവും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്ക് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കുന്നതിന് നിലവില്‍ ധാരണയുണ്ട്. ബിഡിജെഎസിനെ മുന്നണിയിലെത്തിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും, വെള്ളാപ്പള്ളി നടേശന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് ഉടന്‍ മുന്‍കൈയെടുക്കില്ല. അനുകൂല രാഷ്ട്രീയ സാഹചര്യത്തില്‍ അത്തരം നീക്കങ്ങളും യുഡിഎഫ് പരിഗണനയിലുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.