ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. പാകിസ്താന്റെ ക്ഷമ നശിച്ചതായും രാജ്യം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയതായും അദ്ദേഹം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരത കയറ്റുമതി ചെയ്യാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ലോകമെമ്പാടുമുള്ള ഭീകരരെ അഫ്ഗാനിസ്താനിൽ ഒന്നിപ്പിക്കുകയാണെന്നും ആസിഫ് ‘എക്സിൽ’ കുറിച്ചു. താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണ് തങ്ങളെന്നും കടൽ കടന്നുവന്നവരല്ലെന്നും പാക് സൈന്യത്തെ സൂചിപ്പിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. താലിബാൻ ഭരണകൂടം സ്ത്രീകളുടെയും പൗരന്മാരുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, അതിർത്തിയിൽ സൈനിക നടപടികൾ ശക്തമായി തുടരുകയാണ്. കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തി. പാക് അതിർത്തിസേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് തക്കതായ മറുപടിയാണ് നൽകിയതെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി വ്യക്തമാക്കി. ഇതിന് തിരിച്ചടിയായി അഫ്ഗാൻ സൈന്യം ഡ്യൂറൻഡ് ലൈനിലെ പാകിസ്താൻ സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായും ചില പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പാകിസ്താൻ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിലെ സംഘർഷത്തിന് ശേഷം അതിർത്തികൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്.
“സി.ഐ.എ വിവരം നൽകി, മുജ്തബ സ്വവർഗാനുരാഗി”; തെളിവുകളില്ലാതെ ട്രംപിന്റെ വെളിപ്പെടുത്തൽ, ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റം


“നരകത്തിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും”; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മാസ് മറുപടി! ഹോർമുസ് കടലിടുക്കിനെച്ചൊല്ലി പോര് മുറുകുന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ





