തിരഞ്ഞെടുപ്പിന് മുൻപേ ശിവകുമാറിന് ‘അഗ്നിശുദ്ധി’; സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ രാഷ്ട്രീയ നേട്ടം നേടി വിഎസ് ശിവകുമാർ. അനധികൃത സ്വത്ത്‌ സമ്പാദന  കേസിൽ ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന വിഎസ് ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. നേരിട്ടും ബിനാമികൾ വഴിയും ശിവകുമാർ കോടികളുടെ അനധികൃത നേട്ടം ഉണ്ടാക്കി എന്ന പരാതി സർക്കാർ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന് ചുമതലപ്പെട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം സ്പെഷ്യൽ സെല്ലാണ് ശിവകുമാറിനും സുഹൃത്തുക്കൾക്കും എതിരെയുള്ള കേസ് അന്വേഷണം നടത്തിയത്. 2011 മെയ് 18 മുതൽ 2016 മെയ് 20 വരെയുള്ള ശിവകുമാറിന്റെ സ്വത്തു വിവരമാണ് വിജിലൻസ് പരിശോധിച്ചത്. മന്ത്രിയായിരുന്ന ഈ കാലയളവിൽ അദ്ദേഹം വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല എന്നാണ്അന്വേഷണത്തിനൊടുവിൽ വിജിലൻസിന്റെ കണ്ടെത്തൽ.

എന്നാൽ അദ്ദേഹത്തിന്റെ ഡ്രൈവർ ഷൈജൂഹരൻ അനധികൃത സമ്പാദനം നടത്തിയതായി സ്പെഷ്യൽസെൽ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ആറുമാസം മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കോടതി ഇത് പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ അഞ്ചിന് കേസ് പരിഗണിച്ച കോടതി റിപ്പോർട്ട് സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനായി കേസ് 12ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
അഴിമതി ആരോപണത്തിന്റെ മുൾമുനയിൽ നിന്ന ശിവകുമാറിന് ഏറെ ആശ്വാസം നൽകുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ  അഗ്നിശുദ്ധി വരുത്തിയ പ്രതിച്ഛായയോടെ ആയിരിക്കും
ശിവകുമാർ രാഷ്ട്രീയരംഗത്തെത്തുക.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ സാധ്യതയുള്ള ആളാണ് വി എസ് ശിവകുമാർ. നേരത്തെ അദ്ദേഹം ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടാണ് മന്ത്രിയായത്. കഴിഞ്ഞ പ്രാവശ്യം ഇതേ മണ്ഡലത്തിൽ ആന്റണി രാജുവിനോട് പരാജയപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തെ പ്രശസ്ത ആശുപത്രികളിൽ ഒന്നായ എസ് കെ ആശുപത്രി ശിവകുമാറിന്റെ ബിനാമി പേരിലുള്ളതാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ശിവകുമാറിന്റെ അടുത്ത സുഹൃത്ത് Adv. ഹരികുമാർ, കോൺഗ്രസ് പ്രവർത്തകനായ രാജേന്ദ്രൻ എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവർക്കെതിരെയും അനധികൃത സമ്പാദനം തെളിഞ്ഞിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.