തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും എതിരെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഉന്നയിച്ച ആരോപണം തിരിഞ്ഞു കുത്തുന്നു. മന്ത്രിയുടെ ആരോപണം പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്.
ഒരു രോഗിയെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് എറണാകുളത്ത് പതിനായിരം രൂപയും തിരുവനന്തപുരത്ത് 5000 രൂപയും സ്വകാര്യ ആശുപത്രികൾ നൽകാറുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉയർത്തിയത്. ഈ വിവരം കൃത്യമായാണ് താൻ പറയുന്നതെന്നും ഇങ്ങനെ പണം നൽകുന്ന ആശുപത്രികൾ ആ തുക കൂടി രോഗികളിൽ നിന്നും ഈടാക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും എതിരെ സംസ്ഥാന ആരോഗ്യമന്ത്രി ഉയർത്തിയ ആരോപണത്തിൻമേൽ ആശുപത്രികളും ആംബുലൻസ് ഡ്രൈവർമാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ ആരോപണം മന്ത്രിക്കെതിരെയുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം.
ഇത്രയും ഗുരുതരമായ ഒരു വിവരം അറിയാമായിരുന്നിട്ടും ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജ് ഇതിനെതിരെ എന്ത് നടപടിയെടുത്തു എന്നാണ് ചോദ്യം. ഇതൊരു ക്രിമിനൽ കുറ്റമായതിനാൽ മുഖ്യമന്ത്രിയെ ഈ പ്രശ്നത്തിൽ ഇടപെടുത്തി പോലീസ് അന്വേഷണം നടത്തിപ്പിക്കാൻ മന്ത്രിക്ക് കഴിയുമായിരുന്നില്ലേയെന്നും പ്രതിപക്ഷം ചോദിക്കുന്നു.
ചുവപ്പുവിട്ട് സുധാകരന്; അമ്പലപ്പുഴയില്‍ ‘കൈ’ കൊടുക്കുമോ? സി.പി.എമ്മിനെ ഞെട്ടിച്ച് ‘ജി’യുടെ പടിയിറക്കം; അമ്പലപ്പുഴയില്‍ പൊതു സ്വതന്ത്രനാകുമോ?
ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജ് ഇക്കാര്യം അറിയാമായിരുന്നിട്ടും ഇതുവരെ എന്തുകൊണ്ട് മിണ്ടിയില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയത്തിൽ മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. അധികാരം ഉണ്ടായിട്ടും ഇതിൽ ഇടപെടാത്ത മന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആരോടാണ് ഇക്കാര്യം പറയുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിലുള്ള പ്രധാന ചോദ്യം.
ആരോഗ്യമന്ത്രി സ്വകാര്യമേഖലയിലെ ആശുപത്രികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഇപ്പോൾ പ്രതികരിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ പൊതുനിലപാട് അതല്ലെന്ന് വ്യക്തമാണ്. കഴിഞ്ഞവർഷം മാത്രം മൂന്ന് വൻകിട സ്വകാര്യ ആശുപത്രികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഇത്തരം ഉദ്ഘാടനങ്ങളുടെ ഭാഗമായിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കരിയിലകുളങ്ങരയുള്ള എലിമെക്സ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കഴിഞ്ഞ ഒക്ടോബർ 27ന് ആയിരുന്നു ഈ വൻകിട ആശുപത്രിയുടെ ഉദ്ഘാടനം.
എറണാകുളം ജില്ലയിലെ വൈറ്റിലയിലെ വെൽകെയർ ആശുപത്രി കഴിഞ്ഞ ഓഗസ്റ്റ് 31ന് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആശുപത്രി രംഗത്തെ ഭീമൻ തന്നെയാണ് വെൽകെയർ ആശുപത്രി. ആരോഗ്യരംഗത്തെ ആഗോള ഭീമന്മാരിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ മിംസ് ആശുപത്രി കാസർകോട് ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കഴിഞ്ഞ ഒക്ടോബർ 2 ന് ആയിരുന്നു 264 കിടക്കുകളുള്ള ഈ വമ്പൻ ആശുപത്രിയുടെ ഉദ്ഘാടനം. ഈ ചടങ്ങുകളിലെല്ലാം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
ലോകപ്രശസ്ത വ്യവസായി എം എ യൂസഫലിയുടെ മരുമകൻ ഷംസീർ വയലിൽന്റെ ഉടമസ്ഥതയിലുള്ള വി പി എസ് ഗ്രൂപ്പിന്റെ ചുമതലയിലുള്ള ലേക്ക്ഷോർ ആശുപത്രിയുടെ കോഴിക്കോട്ടുള്ള പുതിയ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആയിരുന്നു. 2021ഒക്ടോബർ 11 ആയിരുന്നു ഉദ്ഘാടനം.
ആരോഗ്യമന്ത്രി വീണാജോർജ്ജും ആരോഗ്യരംഗത്തെ ഒട്ടേറെ സ്വകാര്യ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ആൾറെയ്സ് ഫാർമസിയുടെ ഉദ്ഘാടനം കഴിഞ്ഞ മെയ് 31 നിർവഹിച്ചത് വീണാ ജോർജ് ആയിരുന്നു.
മലപ്പുറം ജില്ലയിലെ എടപ്പാൾലെ ആരോഗ്യനികേതനം ആശുപത്രിയിലെ ഡയബറ്റിക് കെയർ സെന്റർ ഉദ്ഘാടനവേളയിലെ മുഖ്യാതിഥി ആരോഗ്യ മന്ത്രിയായിരുന്നു.
തിരുവനന്തപുരത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന് വിശേഷിപ്പിക്കാവുന്ന കിംസ് ഹെൽത്തിന്റെ കിഴക്കേബ്ലോക്ക് ഉദ്ഘാടന വേളയിൽ മുഖ്യപ്രഭാഷണം നടത്തിയത് വീണാ ജോർജ് ആയിരുന്നു.


വഞ്ചിയൂരിലെ ആ ‘മൂന്ന് നക്ഷത്രങ്ങള്‍’ വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ടിലും വഞ്ചനയോ? ചേട്ടന് വിവി വിനോദിനെ ‘സംഘി’യാക്കി അണികളെ കൂടെ നിര്‍ത്താന്‍ സിപിഎം; തിരുവനന്തപുരത്തെ വിവാദത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലോ?





