ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പ്, ഇനി കല്ലറ പണിയും;”അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടി ” പിണറായി സർക്കാരിനെതിരെ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ വീണ്ടും ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പിണറായി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചാണ്ടി ഉമ്മൻ. വികസന മുരടിപ്പും വിശ്വാസികൾക്കെതിരായ നിലപാടുകളുമാണ് ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ അധികാരമേറ്റ ശേഷം കേരളത്തിൽ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.”അധികാരമേറ്റ മൂന്നാം മാസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊരു വികസന പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ ഫലം,” ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാരിനെതിരെ ജനം വോട്ട് ചെയ്തു. പുതുപ്പള്ളി പള്ളിയിലോ പരിസരത്തോ സമാനമായ പ്രശ്നമുണ്ടായാൽ ഇവിടുത്തെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമോ, അത്തരത്തിലുള്ള പ്രതികരണമാണ് അയ്യപ്പന്റെ കാര്യത്തിൽ കേരളത്തിലുടനീളം ഉണ്ടായത്,” അദ്ദേഹം പറഞ്ഞു.
തന്റെ പിതാവായ ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന രാഷ്ട്രീയ വേട്ടയാടലുകൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ വിജയമെന്ന് ചാണ്ടി ഉമ്മൻ വികാരാധീനനായി പറഞ്ഞു.”ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് ഇനി കല്ലറ കെട്ടാൻ പോവുകയാണ്. രണ്ടരവർഷമായി കല്ലറ കെട്ടാതെ കാത്തുനിൽക്കുകയായിരുന്നു,” ചാണ്ടി ഉമ്മൻ വെളിപ്പെടുത്തി.
യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് ശേഷം മണ്ഡലത്തിൽ പര്യടനം നടത്തുന്ന ചാണ്ടി ഉമ്മനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും സർക്കാരിനോടുള്ള രോഷവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.