ആറ്റുകാൽ പൊങ്കാല: സാഹോദര്യത്തിന്റെ സന്ദേശവുമായി പാളയം ഇമാം; ഭക്തർക്ക് സർവ്വ സഹായവും ഉറപ്പാക്കണം ;അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കണം, ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനോടെ ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ ഹൃദയപൂർവ്വം വരവേൽക്കാൻ ആഹ്വാനം ചെയ്ത് പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇത്തവണത്തെ പൊങ്കാല റമദാൻ മാസത്തിലാണെന്ന പ്രത്യേകത കൂടി കണക്കിലെടുത്ത്, സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയാകാൻ വിശ്വാസികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.ജുമുഅ നിസ്കാരത്തിനിടെയാണ്  ഇമാം വിശ്വാസികൾക്കായി ആഹ്വനം നൽകിയത് .
നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് കഴിയണം. ഭക്തർക്ക് കുടിവെള്ളവും റമദാൻ വിഭവങ്ങളും നൽകണം. അവർക്ക് വിശ്രമിക്കാൻ മസ്ജിദുകളും വീടുകളും പൂർണ്ണമായും തുറന്നുനൽകുന്ന സാഹചര്യം ഉണ്ടാകണം.
റമദാനിന്റെ വിശുദ്ധിയിൽ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങൾ ഭക്തർക്ക് സമ്മാനിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം.കേരളത്തിന്റെ മതേതരത്വത്തെയും സമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ, യഥാർത്ഥ കേരളത്തിന്റെ ചിത്രം വരച്ചുകാട്ടുന്നതാണ് ഇമാമിന്റെ ഈ വാക്കുകളെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. ‘ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനോടെയാണ് ഇമാമിന്റെ വീഡിയോ പലരും പങ്കുവെക്കുന്നത്.
എല്ലാ വർഷവും ആറ്റുകാൽ പൊങ്കാല സമയത്ത് പാളയം മസ്ജിദും സെന്റ് ജോസഫ് കത്തീഡ്രലും ഭക്തർക്കായി തങ്ങളുടെ വാതിലുകൾ തുറന്നുനൽകാറുണ്ട്. ഭക്തർക്ക് പ്രയാസമില്ലാതെ പൊങ്കാല അർപ്പിക്കാനായി പള്ളികളിലെ പ്രാർത്ഥനാ സമയങ്ങളിൽ പോലും മാറ്റം വരുത്താറുണ്ട്. ഇതിനുപുറമെ സംഭാരം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും പള്ളി അധികൃതർ നേരിട്ട് വിതരണം ചെയ്യാറുണ്ട്. കേരളത്തിന്റെ തനതായ മതസൗഹാർദ്ദത്തിന്റെ വലിയൊരു ഉദാഹരണമായി  ഇത്തവണയും മാറുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.