സോളാര്‍ ഗൂഢാലോചനയില്‍ വിചാരണ നേരിടാന്‍ ഗണേഷ് കുമാര്‍; കൊട്ടാരക്കര കോടതിയിലെ സാക്ഷിമൊഴി വഴിത്തിരിവിലേക്ക്; മുന്‍ മന്ത്രിക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുരുക്ക് മുറുകുമെന്ന് നിയമവിദഗ്ദ്ധര്‍; പത്തനാപുരത്തെ പതനത്തിന് പിന്നാലെ രാഷ്ട്രീയ അസ്തമയ ഭീതിയില്‍ കേരള കോണ്‍ഗ്രസ് (ബി); ഉമ്മന്‍ചാണ്ടി കേസ് അവസാന ഘട്ടത്തിലേക്ക് 

കൊല്ലം/കൊട്ടാരക്കര: സോളാര്‍ പീഡനക്കേസിന്റെ മറവില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന് നിയമക്കുരുക്ക് മുറുകുന്നു. വിചാരണ കോടതിയില്‍ തന്നെ ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരവും സുപ്രധാനവുമായ സാക്ഷിമൊഴികള്‍ പുറത്തുവന്നതോടെ, വരും ദിവസങ്ങളില്‍ ഇയാള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കടുത്ത വിചാരണ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയില്‍ കെപിസിസി അംഗം സി.ആര്‍. നജീബ് നല്‍കിയ നേരിട്ടുള്ള സാക്ഷിമൊഴിയുടെ പശ്ചാത്തലത്തില്‍, കേസില്‍ രണ്ടാം പ്രതിയായ ഗണേഷ് കുമാറിന് വിചാരണാ വേളയില്‍ കോടതിയില്‍ നിന്നും തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ സ്വന്തം മണ്ണില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ ഉയര്‍ന്ന ഈ നിയമ പ്രതിസന്ധി ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും പുറത്തുപോകേണ്ടി വന്ന ഗണേഷ് കുമാറിനെ, പിന്നീട് തിരിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതിരുന്നതിലുള്ള കടുത്ത വ്യക്തിവൈരാഗ്യമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് കോടതിയില്‍ ലഭിച്ച മൊഴി വ്യക്തമാക്കുന്നത്. പത്തനാപുരത്തെ വോട്ടര്‍മാര്‍ തഴഞ്ഞതിന് പിന്നാലെ, ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയ നേതാവിനെ ചതിക്കാന്‍ നോക്കിയെന്ന പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെ ഗണേഷ് കുമാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല കൂടിയുള്ള സി.ആര്‍. നജീബ് തനിക്ക് ഗണേഷ് കുമാറുമായി മുന്‍പുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം വ്യക്തമാക്കിക്കൊണ്ടാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം 2015 മേയില്‍ തന്റെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗം എസ്.ഇ. സഞ്ജയ്ഖാനുമൊത്ത് പത്തനാപുരത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് ഈ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായതെന്ന് നജീബ് പറയുന്നു. ഓഫീസിലെ ഗണേഷിന്റെ പ്രത്യേക മുറിയില്‍ എത്തിയപ്പോള്‍ സോളാര്‍ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു.
‘ഉമ്മന്‍ചാണ്ടിയെക്കൂടി സോളാര്‍ പീഡന കേസില്‍ ഉള്‍പ്പെടുത്തണം, അല്ലെങ്കില്‍ നമ്മള്‍ തയ്യാറാക്കിയ പദ്ധതികള്‍ ഒന്നും ശരിയാകില്ല. ബാക്കിയെല്ലാം നിന്റെ (അതിജീവിതയുടെ) കയ്യിലാണ് ഇരിക്കുന്നത്, മറ്റുള്ള കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം’ എന്ന് ഗണേഷ് കുമാര്‍ അതിജീവിതയോട് പറയുന്നത് താന്‍ നേരിട്ട് കേട്ടെന്നാണ് നജീബിന്റെ മൊഴി.
ഇത് കേട്ട അതിജീവിത തലയാട്ടി സമ്മതിച്ച് ‘ഓകെ’ എന്ന് മറുപടി നല്‍കുകയും ചെയ്തു. ക്രൂരമായ ഈ ഗൂഢാലോചനയെക്കുറിച്ച് ഉടനടി ഉമ്മന്‍ചാണ്ടിയെ വിളിച്ച് പറയാന്‍ താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും, തുടര്‍ന്ന് അദ്ദേഹത്തിന്റെ പിഎയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നും നജീബ് കോടതിയെ അറിയിച്ചു.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മുന്‍പ് അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കാനായി നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കൊട്ടാരക്കര കോടതിയില്‍ വിചാരണ പുരോഗമിക്കുന്നത്. ഈ കേസില്‍ ഒന്നാം പ്രതി സോളാര്‍ അതിജീവിതയും രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാറുമാണ്. ഗണേഷ് കുമാറിന് വേണ്ടി അഡ്വ. ഷൈന്‍ പ്രഭയാണ് കോടതിയില്‍ ഹാജരായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ വോട്ടര്‍മാര്‍ ഗണേഷ് കുമാറിനെ കൈവിട്ടതിന് പ്രധാന കാരണം ഉമ്മന്‍ചാണ്ടിയെന്ന നേതാവിനോട് അദ്ദേഹം കാട്ടിയ ക്രൂരതയ്‌ക്കെതിരെയുള്ള ജനവികാരമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ വിചാരണ കോടതിയില്‍ തന്നെ ഗണേഷിനെതിരെ സുപ്രധാന സാക്ഷിമൊഴികള്‍ പുറത്തുവന്നതോടെ, വരും ദിവസങ്ങളില്‍ ഗണേഷ് കുമാറിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. പത്തനാപുരത്തെ പതനത്തിന് ശേഷം ഗണേഷ് കുമാറിന്റെ രാഷ്ട്രീയ അസ്തമയത്തിന് ഈ സോളാര്‍ കേസ് കാരണമാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.