ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു. വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ ചാണ്ടി ഉമ്മന് അര്‍ഹമായ പരിഗണന നല്‍കാത്തതിലും അവഗണിച്ചതിലും കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഉമ്മന്‍ചാണ്ടിയുടെ കുടുംബം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയ ഉമ്മന്‍ എന്നിവര്‍ തലസ്ഥാനത്തുണ്ടായിട്ടും സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്താതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പരസ്യമായ പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെ ചാണ്ടി ഉമ്മനും മാതാവ് മറിയാമ്മ ഉമ്മനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ഈച്ചമുക്കിലെ വസതിയിലെത്തി. മന്ത്രിസഭാ രൂപീകരണ വേളയില്‍ തങ്ങള്‍ക്ക് നേരിട്ട അവഗണനയും കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാടുകളും അവര്‍ ആന്റണിയെ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടിക്കായി അഹോരാത്രം പ്രയത്‌നിച്ചിട്ടും അവഗണിക്കപ്പെട്ടതിലെ സങ്കടമാണ് കുടുംബം ആന്റണിക്ക് മുന്നില്‍ തുറന്നുപറഞ്ഞത്. എന്നാല്‍ പ്രത്യേക കാരണങ്ങളാലല്ല ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നാണ് മകള്‍ മറിയ ഉമ്മന്റെ ഔദ്യോഗിക വിശദീകരണം.
പുതുപ്പള്ളിയുടെ ജനപ്രിയ എം.എല്‍.എയായ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് സഹോദരിയുടെ മകനൊപ്പമായിരുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ക്കും വി.ഐ.പികള്‍ക്കുമുള്ള പ്രത്യേക വഴിയിലൂടെയല്ല, മറിച്ച് സാധാരണ പൊതുജനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റിലൂടെയാണ് അദ്ദേഹം സദസ്സിലേക്ക് കടന്നത്. ഉമ്മന്‍ചാണ്ടിയുടെ മകന് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഈ വിവേചനവും അവഗണനയും ചടങ്ങിനെത്തിയ അണികളില്‍ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണത്തിലുടനീളം ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ സജീവമായിരുന്നു. സഹതാപതരംഗവും ജനപിന്തുണയും വോട്ടായി മാറ്റിയതിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പോലും ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന അനുകൂല നിലപാടാണ് ഹൈക്കമാന്‍ഡിനെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ചില കോണ്‍ഗ്രസ് ഉന്നതര്‍ ചേര്‍ന്ന് ചാണ്ടി ഉമ്മന്റെ പേര് മനഃപൂര്‍വ്വം വെട്ടിമാറ്റുകയായിരുന്നു എന്നാണ് എ ഗ്രൂപ്പ് വിശ്വസിക്കുന്നത്.
എ.കെ. ആന്റണിയെ കണ്ട് പുറത്തിറങ്ങിയ ഉടന്‍ മാധ്യമങ്ങളെ കണ്ട ചാണ്ടി ഉമ്മന്‍ അതീവ വൈകാരികമായാണ് പ്രതികരിച്ചത്. ‘ഇതൊരു സ്‌നേഹ സന്ദര്‍ശനം മാത്രമാണ്. ഇന്ന് ജനം എനിക്ക് നല്‍കിയ സ്‌നേഹം വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കിന്നുണ്ട്, അത് കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണ്,’ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകള്‍. മന്ത്രിസ്ഥാനം ലഭിക്കാത്തതിനേക്കാള്‍ വലിയ സ്ഥാനമാണ് ജനങ്ങള്‍ തനിക്ക് തരുന്നതെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിലെ നീരസം പ്രകടമായിരുന്നു.
മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ലെന്നും അതെല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. ‘ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകളാണ് ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നത്,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രിമാരല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് പുതുപ്പള്ളിയുടെ മന്ത്രിയെന്നും അദ്ദേഹത്തിലൂടെ പുതുപ്പള്ളിക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷം യു.ഡി.എഫ് ആദ്യമായി അധികാരമേറ്റ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍ ഇരമ്പിയാര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ പ്രിയശിഷ്യനായ പി.സി. വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സിലുണ്ടായിരുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരേസ്വരത്തില്‍ മുന്‍മുഖ്യമന്ത്രിക്കായി മുദ്രാവാക്യം വിളിച്ചു. വിഷ്ണുനാഥ് സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ ഒപ്പുവെക്കുന്ന സമയം വരെയും സദസ്സ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ മുഖരിതമായിരുന്നു.
പൊതുജനങ്ങളുടെ വഴിയിലൂടെ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞാ നഗരിയിലേക്ക് നടന്നു നീങ്ങിയപ്പോഴും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളയുകയും ‘ഇല്ല ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ല… നേതാവേ ആയിരമായിരം അഭിവാദ്യങ്ങള്‍’ എന്നിങ്ങനെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഭരണനേതൃത്വം അദ്ദേഹത്തെ അവഗണിച്ചെങ്കിലും സാധാരണക്കാരായ അണികള്‍ അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് കണ്ടത്.
മന്ത്രിസഭാ രൂപീകരണത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് കാണിച്ച ക്രൂരമായ അവഗണന കോണ്‍ഗ്രസിനുള്ളിലെ എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് വോട്ട് വാങ്ങി ജയിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മകനെ പുറത്തുനിര്‍ത്തിയത് രാഷ്ട്രീയ ചതിയാണെന്നാണ് അണികളുടെ ആക്ഷേപം. വരും ദിവസങ്ങളില്‍ കെ.പി.സി.സി യോഗങ്ങളിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഈ വിഷയം വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.