പുതുപ്പള്ളി വിട്ടുതരാം, മറിയ വേണ്ട! ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ പോര് മുറുകുന്നു; ഒത്തുതീര്‍പ്പിന് വഴങ്ങാതെ മറിയയും; കോണ്‍ഗ്രസില്‍ ‘പുതുപ്പള്ളിഫാമിലി ഡ്രാമ’ കടുക്കുന്നു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന പദവിയില്‍ തനിക്കുണ്ടാകാവുന്ന ഏകാവകാശം സഹോദരിയുടെ വരവോടെ നഷ്ടപ്പെടുമെന്ന ഭയം ചാണ്ടി ഉമ്മനെ സമ്മര്‍ദ്ദ തന്ത്രങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. എ ഗ്രൂപ്പിന്റെ ഏക മുഖമായി മാറാന്‍ ചാണ്ടി ഉമ്മന്‍ ആഗ്രഹിക്കുമ്പോള്‍, മറിയ ഉമ്മന്‍ കൂടി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് തന്റെ രാഷ്ട്രീയ പ്രസക്തി കുറയ്ക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഇതേത്തുടര്‍ന്നാണ് ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മതിയെന്ന ആദര്‍ശത്തിന്റെ പേരില്‍ സഹോദരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചാണ്ടി ഉമ്മന്‍ എതിര്‍ക്കുന്നത്. താന്‍ പുതുപ്പള്ളി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും, ഇതിന് പിന്നില്‍ മറിയയുടെ വരവ് തടയാനുള്ള രാഷ്ട്രീയ തന്ത്രമാണെന്നാണ് സൂചന. അതേസമയം, ചാണ്ടി ഉമ്മന്‍ കടുപിടുത്തം തുടര്‍ന്നാല്‍ മറിയയെ തന്നെ പുതുപ്പള്ളിയില്‍ ഇറക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലോചനകള്‍ സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ നിലപാട് ഹൈക്കമാണ്ട് തേടിയേക്കും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കടുത്ത വിയോജിപ്പുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. ചെങ്ങന്നൂരിലെ മത-സമുദായിക നിലപാടുകള്‍ മറിയയ്ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കുക കൂടിയാണ് ലക്ഷ്യം.
ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേര്‍ ഒരേസമയം ജനവിധി തേടുന്നത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ നിലപാട് ഡല്‍ഹിയിലുള്ള വി.ഡി. സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍ എന്നിവരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് ഇന്ന് പല വഴിക്കായ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വികാരം തനിക്ക് മാത്രമായി അവകാശപ്പെടാന്‍ കഴിയണമെന്ന വാശിയാണ് ചാണ്ടി ഉമ്മനുള്ളത്.
ഗ്രൂപ്പിനുള്ളില്‍ ഷാഫി പറമ്പിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്വന്തം നിലയില്‍ കരുത്താര്‍ജ്ജിക്കുന്നതും ബെന്നി ബെഹനാന്‍ ഗ്രൂപ്പിനെ ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ചാണ്ടി ഉമ്മനെ ആശങ്കപ്പെടുത്തുന്നുണ്ട്. സഹോദരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് മറിയ ഉമ്മന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുടുംബത്തിലെ ഭിന്നതകള്‍ പരസ്യമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.
എന്നിരുന്നാലും, ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്കിടയിലെ ഈ അധികാര തര്‍ക്കം കോണ്‍ഗ്രസ് നേതൃത്വത്തെയും യുഡിഎഫിനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.